മൊഹാലി ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സിനും 222 റണ്‍സിനും ജയം. മത്സരത്തില്‍ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിംഗ്സില്ല് നാല് വിക്കറ്റാണ് വീഴ്ത്തിയത്.
ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് ലീഡും നേടി. ജഡേജയ്ക്കൊപ്പം രവിചന്ദ്ര അശ്വിന്റെ മികച്ച ബോളിംഗ് പ്രകടനവും ഇന്ത്യക്ക് കരുത്തായി. രണ്ട് ഇന്നിംഗ്സിലുമായി ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന് ഇതിഹാസ താരമായ കപില്‍ ദേവിനെ (434) മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബോളറായി.
നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്ക്കെതിരേ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് വെറും 174 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സില്‍ 400 റണ്‍സിന്റെ കടവുമായി ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയത്. 81 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താകാതെ നിന്ന നിരോഷ ഡിക്വെല്ല മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചു നിന്നത്.