ലെസ്റ്റർ സിറ്റിയും ലീഡ്സ് യുണൈറ്റഡും തമ്മിൽ ഇന്നു നേർക്കു ഏറ്റുമുട്ടും
പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയും ലീഡ്സ് യുണൈറ്റഡും തമ്മിൽ ഇന്നു നേർക്കു ഏറ്റുമുട്ടും. ഏറെ പ്രിയപ്പെട്ട ഹെഡ് കോച്ച് മാർസെലോ ബിയൽസ ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യ മത്സരത്തിനാണ് ലീഡ്സ് ഇന്നു തയാറെടുക്കുന്നത്.
അവസാന ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ തോൽവിയും ഒരെണ്ണത്തിൽ സമനിലയും വഴങ്ങിയ ലീഡ്സിന് ഇന്ന് എങ്ങനെയും ജയിച്ച് വിജയവഴിയിലേക്ക് വരേണ്ടത് വളരെ അത്യാവിശ്യമാണ്. ഒരു കലണ്ടർ മാസത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങുന്ന (20) ടീം എന്ന മോശം റെക്കോർഡുമായാണ് വെസ്റ്റ് യോർക്ക്ഷെയർ ഇന്നിറങ്ങുന്നത്.
മാത്രമല്ല പുതിയ പരിശീലകൻ ജെസി മാർഷിന്റെ കീഴിൽ ടീമിന് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്നതും ലെസ്റ്ററിനെതിരായ മത്സരത്തിൽ കാണാനാവും. ലീഡ്സ് നിലവിൽ ടേബിളിൽ 16-ാം സ്ഥാനത്താണ്. തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും വെറും മൂന്നു പോയിന്റ് അകലെ മാത്രമാണ് ടീം.
മറുവശത്ത് 24 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി ലെസ്റ്റർ സിറ്റി പന്ത്രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ബേൺലിക്കെതിരെ നേടിയ വിജയവും ബ്രെണ്ടൻ റോഡ്ജേഴ്സിന് ആശ്വാസകരമായിട്ടുണ്ട്.