Editorial Foot Ball Top News

പ്ലേയ് മേക്കറായും നെയ്‌മർ പരിണമിച്ചു കഴിഞ്ഞിരിക്കുന്നു

June 18, 2021

പ്ലേയ് മേക്കറായും നെയ്‌മർ പരിണമിച്ചു കഴിഞ്ഞിരിക്കുന്നു

പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീൽ പരാജയപെടുത്തിയതിലെ വിജയശില്പി നെയ്മർ ആയിരുന്നു. തന്റെ തനതായ ശൈലിയിൽ, പാടവം കൊണ്ടും, ഡ്രിബിളിംഗ് കൊണ്ടും പെറു താരങ്ങളുടെ മേൽ ആധിപത്യം പുലർത്തിയ നെയ്മറെ ആണ് ഇന്ന് കണ്ടത്. അതി മനോഹരമായ ഒരു ഗോൾ സ്കോർ ചെയ്യുകയും, റിബെയ്റോയുടെയും റിച്ചാർലിസണിന്റെയും ഗോളുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമാവുകയും ചെയ്തു.

എന്നാൽ എടുത്ത് പറയേണ്ടത് ടീമിനായി നെയ്മർ ഏറ്റെടുത്ത നമ്പർ 10 റോൾ ആണ്. ഇത് വരെയും ഇടത് വിങ്ങിൽ ചീറി പായുന്ന നെയ്മറെ ആണ് കണ്ടു പരിചയം. ഫാൾസ് 9 ആയും അദ്ദേഹം പലപ്പോഴും പി.എസ്. ജി യിൽ എംബാപ്പയോടൊപ്പം തിളങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ന് ഫാൾസ് 9 ആയിട്ടാണ് ഇറങ്ങിയെങ്കിലും കേളീശൈലി ഒരു പക്കാ പ്ലേയ് മേക്കറുടേതായിരുന്നു. ഒരു ക്രീയേറ്റീവ് മിഡ്‌ഫീൽഡർ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന് പക്ഷെ ആ പോരായ്‌മ ഒരിക്കൽ പോലും ഫീൽ ചെയ്തില്ല. മധ്യനിരയിലേക്ക് ഇറങ്ങി ബോൾ എടുത്ത്, ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുന്ന ജോലി അദ്ദേഹം നന്നായി ചെയ്തു. പ്രധിരോധ നിരയെ നോക്ക് കുത്തിയാക്കിയുള്ള ഒട്ടനവധി മികച്ച പാസ്സുകളും ആ കാലിൽ നിന്ന് പിറന്നു.

നെയ്മറുടെ ഈ സുന്ദര പരിണാമം ബ്രസീലിന് കോപ്പ അമേരിക്കയിൽ നൽകുന്ന മുൻ‌തൂക്കം ചെറുതല്ല. എന്തായാലും ഒരു ഗോളിൽ കടിച്ചു തൂങ്ങേണ്ട ഗതി കേട് ബ്രസീലിന് അദ്ദേഹം ഇല്ലാണ്ടാക്കും. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിനെ നമ്മുക്ക് പ്രിയപ്പെട്ടതാക്കുന്നതും അതാണല്ലോ.

Leave a comment