European Football Foot Ball Top News

ഗോളും അസിസ്റ്റുമായി ഡി ബ്രൂയ്‌ന; ജയത്തോടെ ബെൽജിയം പ്രീ ക്വാർട്ടറിൽ

June 18, 2021

ഗോളും അസിസ്റ്റുമായി ഡി ബ്രൂയ്‌ന; ജയത്തോടെ ബെൽജിയം പ്രീ ക്വാർട്ടറിൽ

യൂറോയിൽ പ്രീ ക്വാർട്ടറിലേക്ക് കടന്ന രണ്ടാമത്തെ ടീം ആയി ബെൽജിയം മാറി. ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. കളിച്ച രണ്ടു മത്സരങ്ങളും ഇതോടെ അവർ വിജയിച്ചിരിക്കുന്നു. നേരത്തെ ഇറ്റലിയും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.

ആർത്തിരമ്പുന്ന ഡാനിഷ് കാണികളെയും, ജീവന്മരണ പോരാട്ടം നടത്തിയ ഡാനിഷ് താരങ്ങളെയും മറികടന്നാണ് ബെൽജിയം വിജയിച്ചത്. മത്സരം കൂടുതലും നിയന്ത്രിച്ചത് ഡെൻമാർക്ക്‌ ആയിരുന്നെങ്കിലും രണ്ടു നിർണായക അവസരങ്ങൾ മുതലാക്കാനായത് ബെൽജിയത്തിന് വിജയം സമ്മാനിച്ചു. ലുക്കാക്കു, ഡി ബ്രൂയ്‌ന എന്നിവരുടെ പ്രതിഭയാണ് ജയത്തിന് പിന്നിലെ പ്രധാന കാരണം. ഗോളിൽ കലാശിച്ച രണ്ടു നീക്കങ്ങളും തുടക്കം കുറിച്ചത് ലുക്കാക്കു ആയിരുന്നു. ഡി ബ്രൂയ്‌ന ആദ്യ ഗോളിന് അസിസ്റ്റ് നൽകുകയും അതിമനോഹരമായ വിജയ ഗോൾ കണ്ടെത്തുകയും ചെയ്തു. ഡെന്മാർക്കിനായി പോൾസൺ ആശ്വസ ഗോൾ നേടി.

സ്വന്തം കാണികളുടെ മുന്നിൽ തുടക്കം മുതലേ ഡെൻമാർക്ക്‌ നന്നായി കളിച്ചു. രണ്ടാം മിനുട്ടിൽ തന്നെ അവർ പോൾസണിലുടെ മുന്നിൽ എത്തുകയും ചെയ്തു. ആദ്യ പകുതിയിൽ ബെൽജിയം ചിത്രത്തിലെ ഇല്ലായിരുന്നു. രണ്ടാം പകുതിയിൽ ഡി ബ്രൂയ്‌ന കളത്തിൽ ഇറങ്ങിയതോടെ കാര്യങ്ങൾ മാറി. 54 ആം മിനുട്ടിൽ തോർഗൻ ഹസാഡിലൂടെ ബെൽജിയം സമനില പിടിച്ചു. ലുക്കാക്കു തുടങ്ങി വച്ച ഒരു നീക്കം ഡി ബ്രൂയ്‌ന അതി മനോഹരമായി പാസ് ചെയ്തപ്പോൾ തോർഗൻ ഹസാഡിന് കാൽ വെച്ച് കൊടുക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാമത്തെ ഗോളിന് കാരണമായതും ലുക്കാക്കുവിന്റെ നീക്കം തന്നെ. പക്ഷെ കാണികളെ സ്തബ്ധരാക്കിയ ഷോട്ട് പായിച്ചു ഡി ബ്രൂയ്‌ന കളിയിലെ താരമായി മാറി [70′].

Leave a comment