Foot Ball Top News

ഇംഗ്ലണ്ടിൽ ടോപ് ഫോർ പോരാട്ടം ഫോട്ടോ ഫിനിഷിങ്ങിലെക്ക്

May 23, 2021

ഇംഗ്ലണ്ടിൽ ടോപ് ഫോർ പോരാട്ടം ഫോട്ടോ ഫിനിഷിങ്ങിലെക്ക്

പ്രീമിയർ ലീഗിന് ഇന്ന് തിരശീല വീഴും. ചാമ്പ്യന്മാരെ തിരഞ്ഞെടുത്തെങ്കിലും ടോപ് ഫോർ പോരാട്ടം പ്രീമിയർ ലീഗിനെ ആവേശഭരിതമാക്കുന്നു. അവസാന മത്സരത്തിന് ഇറങ്ങുന്ന ടീമുകളിൽ ലിവർപൂൾ, ചെൽസി, ലെസ്റ്റർ എന്നിവരിൽ ഒരാൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടില്ല. ഇന്ത്യൻ സമയം രാത്രി 8.30 നു ആണ് മത്സരങ്ങൾ.

67 പോയിന്റുമായി നിൽക്കുന്ന ചെൽസിയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് നിൽക്കുന്ന ലിവര്പൂളിനും അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്ററിനും 66 പോയിന്റും. കടുത്ത എതിരാളികൾ ചെൽസിക്കും ലെസ്റ്ററിനുമാണ്. ചെൽസി ആസ്റ്റൺ വിലയെ നേരിടുമ്പോൾ ലെസ്റ്ററിന് ടോട്ടൻഹാം ആണ് എതിരാളികൾ. ലിവർപൂളിന് കറുത്ത കുതിരകൾ എന്ന് അറിയപ്പെടുന്ന ക്രിസ്റ്റൽ പാലസ് ആണ് എതിരാളികൾ എങ്കിലും പാലസിന്റെ സമീപകാല ഫോം അത്ര മികച്ചതല്ല.

സാധ്യത കുറവ് ലെസ്റ്ററിനാണ്. കാരണം അവർ വിജയിച്ചാലും ലിവർപൂൾ സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്തെങ്കിൽ മാത്രമേ അവർക്ക് പ്രതീക്ഷക്ക് വക ഉള്ളു. ഗോൾ വ്യത്യാസത്തിൽ 4 പോയിന്റിന് ലിവർപൂൾ മുന്നിലാണ്. മാത്രമല്ല ഏഴാം സ്ഥാനത്ത് നിൽക്കുന്ന ടോട്ടൻഹാം ശക്തമായ പോരാട്ടം കാഴ്ച വെക്കും എന്ന് ഉറപ്പ്. യൂറോപ്പ ലീഗിന് ശ്രമിക്കുന്ന ടോട്ടൻഹാമിനും വിജയം അനിവാര്യം.

ചെൽസിയെ ആസ്റ്റൺ വില്ല സമനിലയിൽ തളക്കാനോ, അട്ടിമറിക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പരിക്ക് മാറി ജാക്ക് ഗ്രീലിഷ് ടീമിലേക്ക് മടങ്ങി വന്നത് വില്ലക്ക് ആത്മവിശ്വാസം നൽകും. വിധിക്ക് വിടാതെ വിജയത്തിനായി മൂവരും കിണഞ്ഞു പരിശ്രമിക്കും എന്ന് ഉറപ്പ്.

Leave a comment