European Football Foot Ball Top News

സിറ്റിയുടെ തേരോട്ടം തടയാൻ ലെസ്റ്റർ

April 3, 2021

സിറ്റിയുടെ തേരോട്ടം തടയാൻ ലെസ്റ്റർ

ലോകം മുഴുവൻ എംബപ്പേ – ഹാലാൻഡ് എന്നിവർ ഏത് ക്ലബ്ബിൽ പോകും എന്ന സാധ്യത തിരയുകയാണ്. എന്നാൽ അതിൽ ഒരു കൂസലും പ്രകടിപ്പിക്കാത്ത പ്രധാന മാനേജർമാരിൽ ഒരാൾ ഗാർഡിയോള മാത്രമാണ്. അഗ്വേറൊ ക്ലബ് വിട്ട് പോകുമെന്ന് ഉറപ്പായിട്ടും വിലയേറിയ ഒരു സ്‌ട്രൈക്കറെ തന്റെ ടീമിന് ആവശ്യമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിറ്റി മാനേജർ. അത്രയധികം വിശ്വാസം ഈ ടീം മാനേജർക്കും ആരാധകർക്കും നൽകുന്നുണ്ട് എന്ന് ചുരുക്കം.

ഈ സിറ്റിയെ മെരുക്കാൻ പറ്റുമോ എന്നായിരിക്കും ബ്രെൻഡൻ റോജർസ് ശ്രമിക്കുക. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റി, നീലപ്പടയുമായിട്ടുള്ള പോയിന്റ് വിത്യാസം കുറയ്ക്കാനാകും ശ്രമിക്കുക. പോരാടാതെ കീഴടങ്ങാൻ മടികാണിക്കുന്ന മാനേജർ ആണ് റോജർസ്. അതിനുള്ള ടീം ലെസ്റ്റർ ഉണ്ട് താനും. കഴിഞ്ഞ തവണ ഇരു ടീമുകളും ലീഗിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലെസ്റ്റർ വിജയിച്ചത്. ആയതിനാൽ ഒരു ആവേശപ്പോരാട്ടം ഇന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിട്ട് നാളുകൾ അധികം ആയില്ല. ആ പ്രതീക്ഷ ലെസ്റ്ററിന് മുതൽക്കൂട്ടാകും. എന്നാൽ യൂറോപ്പ ലീഗിൽ നിന്ന് പുറത്തായതിന്റെ ക്ഷീണം അവരെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നും കണ്ടറിയണം.

ഇന്ത്യൻ സമയം രാത്രി പത്തിന് കിംഗ് പവർ സ്റ്റേഡിയത്തിലാണ് മത്സരം.

Leave a comment