Cricket Cricket-International Stories Top News

അഫ്താബ് അഹമ്മദ് – ഒരുപാട് പ്രതീക്ഷകൾ നൽകി എങ്ങുമെത്താതെ പോയ ഒരു കരിയർ

April 17, 2020

അഫ്താബ് അഹമ്മദ് – ഒരുപാട് പ്രതീക്ഷകൾ നൽകി എങ്ങുമെത്താതെ പോയ ഒരു കരിയർ

ബംഗ്ലാദേശ് ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ അവിസ്മരണീയ മുഹൂർത്തത്തിനായിരുന്നു 2005 ജൂൺ 18ന് കാർഡിഫിലെ സോഫിയ ഗാർഡൻ ഗ്രൗണ്ട് സാക്ഷ്യം വഴിച്ചിരുന്നത്, ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നാറ്റ്വെസ്റ്റ് സീരിയസിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാ കടുവകൾ അട്ടിമറിച്ച ആ ദിനത്തിൽ സെഞ്ചുറി നേടി അവരെ മുന്നിൽ നിന്ന് നയിച്ച അഷ്റഫുളിനെ ഇന്നും ക്രിക്കറ്റ്‌ ആരാധകർ ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ടാവും, അതെ അന്ന് ആ റൺവേട്ടയിൽ 101 ബോളുകളിൽ സെഞ്ചുറി സ്വന്തമാക്കിയ അഷ്റഫുൾ തന്നെയായിരുന്നു ഹീറോ…

ആ ദിനം സ്കോർ പിന്തുടരുമ്പോൾ നേടേണ്ട റൺ റേറ്റ് കുറച്ചു ഉയരത്തിൽ ആയ സാഹചര്യത്തിലായിരുന്നു അവരുടെ ആ കാലത്തെ ഫിനിഷർ പദവി വഴിച്ചിരുന്ന അഫ്താബ് ക്രീസിലേക്കെത്തിയിരുന്നത്, അവസാന ഓവറിൽ ബംഗ്ലാദേശിന് വേണ്ടിയിരുന്നത് 7 റൺസ്, ബോളിങ് എൻഡിൽ ഗില്ലസ്പിയും, ആദ്യ ബോളിൽ സിക്‌സും അടുത്ത ബോളിൽ സിംഗിലും നേടി അവരെ വിജയതീരത്ത് എത്തിക്കുമ്പോൾ 13 ബോളിൽ 22 റൺസുമായി അഫ്താബ് അഹ്മദ് ഉണ്ടായിരുന്നു ക്രീസിൽ.

ആ ചരിത്ര മുഹൂർത്തത്തിൽ പങ്കാളിയായ അഫ്താബിൽ നിന്നും ബംഗ്ലാദേശ് ക്രിക്കറ്റ്‌ ലോകം ഒരുപാട് പ്രതീക്ഷിച്ചിരുന്നു, അവർ സ്വപ്നം കണ്ടിരുന്നു വരും നാളുകളിൽ അഷ്റഫുളും അഫ്താബും അവരെ മുന്നോട്ട് നയിക്കുമെന്ന്, എന്നാൽ ഒരുപാട് പ്രതീക്ഷകൾ നൽകി എങ്ങുമെത്താതെ പോയൊരു കരിയർ ആയിരുന്നു അഫ്താബ് അഹമ്മദിന്റേത്.

അഫ്താബിന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു അഫ്താബിനെ ഒരു ക്രിക്കറ്റ്‌ കളിക്കാരനാക്കി മാറ്റണം എന്നുള്ളത്, ആ അച്ഛനായിരുന്നു അദ്ദേഹത്തിനെ ക്രിക്കറ്റിലേക്ക് കൂടുതൽ അടുപ്പിച്ചതും. ബംഗ്ലാദേശ് ക്രിക്കറ്റ്‌ ലോകവും വളർന്നു വരുന്ന ആ യുവതാരത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ടിരുന്നു, അയാളുടെ ആ ആക്രമണ ശൈലിയിലുള്ള ബാറ്റിംഗ് അഫ്താബിന്റെ അണ്ടർ 19 കാലഘട്ടം തൊട്ടുതന്നെ ബംഗ്ലാദേശ് എന്ന ക്രിക്കറ്റ്‌ ഒരു വികാരമായി കൊണ്ടു നടക്കുന്ന ജനതയിൽ ഒരുപാട് പ്രതീക്ഷകൾ നല്കിയിരിന്നു.

2002ലെ അണ്ടർ 19 വേൾഡ് കപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ അദ്ദേഹം സ്വന്തമാക്കിയ 79 റൺസ് ആയിരുന്നു ബംഗ്ലാദേശ് സെലക്ടർമാരുടെ ശ്രദ്ധ അദ്ദേഹത്തിൽ പതിപ്പിച്ച ഘടകം.അധികം വൈകാതെ തന്നെ 2004 ൽ അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വിളിയും വന്നു, തന്റെ മൂനാം മത്സരത്തിൽ തന്നെ ന്യൂസീലന്ഡിനെതിരെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന ബഹുമതിയും അയാൾ സ്വന്തമാക്കുകയുണ്ടായി, ഒരിക്കലും എല്ലാം തികഞ്ഞൊരു ബൗളർ ആയിരുന്നില്ല അഫ്താബ്, അയാൾ അയാളെ തന്നെ വിലയിരുത്തിയിരുന്നത് ഒരു പാർട്ട്‌ ടൈം ബൗളർ എന്ന വിഭാഗത്തിൽ ആയിരുന്നു. ഒരു ബാറ്റ്സ്മാൻ എന്ന ലേബലിൽ അറിയപെടാനായിരുന്നു അയാൾ കൂടുതൽ ഇഷ്ടപെട്ടതും.

തന്റെ കഴിവ് ടെസ്റ്റ്‌ ക്രിക്കറ്റിനേക്കാൾ അയാൾ ഉപയോഗിച്ചത് ഏകദിനത്തിൽ ആയിരുന്നു, ഒരർത്ഥത്തിൽ ഒരു ആഘോഷം തന്നെയായിരുന്നു ആ ബാറ്റിംഗ്, അഗ്ഗ്രസ്സീവ് ബാറ്റിംഗ് ശൈലി, ഫ്രണ്ട് ഫൂട്ടിൽ മികച്ചു നില്കുമ്പോളും ആത്മവിശ്വാസത്തോടെ ബാക്ക് ഫൂട്ടിൽ പുള്ളും, ഹുക്കും, കളിക്കാനും അയാൾ മിടുക്കനായിരുന്നു, ഇന്നൊവേറ്റീവ് ഷോട്ടുകൾ സാഹചര്യത്തിനനുസരിച്ചു പുറത്തെടുക്കാനും അയാൾ ശ്രമിച്ചിരുന്നു, ആ കാലഘട്ടത്തിൽ അയാളുടെ ബാറ്റിംഗ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു അടയാളം തന്നെയായിരുന്നു.

പ്രഥമ ട്വന്റി ട്വന്റി വേൾഡ് കപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരത്തിൽ വിൻഡ്‌സിനെതിരെ 49 ബോളിൽ സ്വന്തമാക്കിയ 62 റൺസും, സൗത്ത് ആഫ്രിക്കക്കെതിരെ 14 ബോളുകളിൽ നേടിയ 36 റൻസുമൊക്കെ ആ ചെറിയ കരിയറിലെ വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നു….

ഒരുപാട് പ്രതീക്ഷകൾ നൽകിയ ആ പ്രോമിസിംഗ് കരിയർ ഒരർത്ഥത്തിൽ തകരാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ ഐ.സി.ൽ പങ്കാളിത്തത്തോടെ ആയിരുന്നു, പത്തു വർഷത്തെ വിലക്കായിരുന്നു അയാൾക്ക്‌ ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡ് സമ്മാനിച്ചിരുന്നത് ഒരു വർഷത്തിന് ശേഷം ഐ.സി.ൽ വിട്ടു അദ്ദേഹം മടങ്ങി വന്നെങ്കിലും ആ പഴയ ആത്മവിശ്വാസം അയാളിൽ നഷ്ടമായിരുന്നു, അധികം വൈകാതെ ആരുമറിയാത്തൊരു മുഖമായി അദ്ദേഹം മാറുകയും ചെയ്തു.

എല്ലാ കളിക്കാരും കടന്നു പോകുന്ന അവരുടെ കരിയറിലെ പീക്ക് ടൈം ആയിരുന്ന ഇരുപത്തൊമ്പതാം വയസ്സിൽ അദ്ദേഹം കളിക്കളത്തിൽ നിന്ന് വിടപറയുകയും ചെയ്തു, ഒരുപാട് പ്രതീക്ഷകൾ നൽകി ഒന്നുമാകാതെ പോയ കളിക്കാരുടെ പേരുകളിൽ അയാളും സ്ഥാനം പിടിച്ചു, ഇതുപോലെയുള്ള കഴിവുള്ള താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ബംഗ്ലാദേശ് ഒരല്പം ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇന്നും ആ ടീമിൽ കാണുമായിരുന്നു ആ കുറിയ മനുഷ്യൻ..
Pranav Thekkedath

Leave a comment