Cricket Cricket-International Epic matches and incidents Stories Top News

ക്രിക്കറ്റിലെ രാജകുമാരന്റെ മറക്കാനാവാത്ത ഒരു ലോക കപ്പ് സെഞ്ച്വറി

April 6, 2020

ക്രിക്കറ്റിലെ രാജകുമാരന്റെ മറക്കാനാവാത്ത ഒരു ലോക കപ്പ് സെഞ്ച്വറി

അന്നൊരു ഞായറാഴ്ച്ചയായിരുന്നു (feb 9 – 2003), എന്നിലെ ആ ക്രിക്കറ്റ്‌ പ്രാന്തൻ വേൾഡ് കപ്പിനെ ആവേശത്തോടെ സ്വീകരിക്കാൻ ടീവിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ആദ്യ മത്സരത്തിലിറങ്ങുന്ന ആധിതേയരെക്കാൾ ഞാൻ കാത്തിരുന്നത് ആ വിൻഡീസ് നിരയെയായിരുന്നു. ഗെയ്‌ലിന്റെയും ഹൈൻഡ്‌സിന്റെയും രൂപത്തിലുള്ള മുഖങ്ങൾ അവർക്ക് പുതു ജീവൻ നൽകുമ്പോഴും, എന്നിലെ കണ്ണുകൾ തിരഞ്ഞിരുന്നത് ആ രാജകുമാരനെയായിരുന്നു, ഇടതുകൈയുകൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ആ ഇതിഹാസത്തെ.

കണ്ണടച്ചു തുറക്കും മുന്നേ ആക്രമണകാരികളായ ആ ഓപ്പണേഴ്സിനെ നഷ്ടപ്പെട്ടപ്പോൾ സ്കോർകാർഡിൽ ഉള്ളത് 7റൺസ് മാത്രം. അതെ അവിടേക്ക് അയാൾ നടന്നു നീങ്ങുകയായിരുന്നു, എന്നും ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്തു ശീലിച്ച അയാൾക്കാ സാഹചര്യം പുത്തരിയായിരുന്നില്ല……

1996ലെ വേൾഡ് കപ്പിലെ കറാച്ചിയിലെ ആ രാത്രിയിൽ അയാളോട് തോറ്റു പുറത്താവാൻ വിധിക്കപെട്ട ആ എതിരാളികൾക്കറിയാമായിരുന്നു അയാളിലെ മാച്ച് വിന്നറെ എന്നിട്ടും നേരിട്ട ആദ്യ ബോളിൽ ആ ഇതിഹാസത്തെ പവിലിയനിലേക്കയക്കാനുള്ള ആ സുവർണാവസരം കാലിസ് വിട്ടുകളഞ്ഞു. പിന്നെയൊരു അവസരം ആ ദിനം അയാൾ നൽകിയിരുന്നില്ല. തന്റെ 34ആം വയസ്സിലും അവരെ രക്ഷപെടുത്തി അയാൾ വിളിച്ചോതുകയായിരുന്നു ഈ കാലഘട്ടത്തിൽ ഞാനാണാ ദ്വീപുകാർക്കെല്ലാമെന്ന്…

ഒരു കൗണ്ടർ അറ്റാക്കിന് മുതിരാതെ അയാൾ സൂക്ഷ്മതയോടെ ആ ബാറ്റ് ചലിപ്പിച്ചു. 15 ഓവറിൽ സ്കോർബോർഡിൽ ഉള്ളത് 30 റണ്ണുകൾ മാത്രം, 19ആം ഓവറിൽ ഡൊണാൾഡിന്റെ ഒരു ഫുൾ പിച്ച് ഡെലിവറി ലോങ്ങ്‌ ഓഫിലൂടെ ഗാലറിയിലെത്തിച്ചയാൾ ആ ഗിയർ ഷിഫ്റ്റ്‌ ചെയ്തു. ടൂർണമെന്റിലെ ആ ആദ്യ സിക്സർ അയാൾക്കാ താളം തിരിച്ചു നൽകി, ക്ലൂസ്നറിനും ഡൊണാൾഡിനും അയാളെ പിടിച്ചു കെട്ടാൻ സാധിക്കാതെ വന്നപ്പോൾ അവർ 30 ഓവറിൽ 100 കടന്നു, നിക്കി ബോയയെ തുടർച്ചയായി രണ്ടു വട്ടം ബൗണ്ടറി കടത്തി ആ മനുഷ്യൻ അർധശതകവും കുറിച്ചു.

ചന്ദർപോളിനെ നഷ്ടമായപ്പോൾ ക്രീസിലേക്കെത്തിയ കാൾ ഹൂപ്പർ തുടക്കം മുതലേ അഗ്ഗ്രസിവ് ആയപ്പോൾ അവർ രണ്ടുപേരും ഒരേ ഫ്ലോയിൽ മുന്നേറികൊണ്ടിരുന്നു. 39ആം ഓവറിൽ ക്ലൂസ്നറിനെ ഫോറും സിക്‌സറും പറത്തി അയാൾ തൊണ്ണൂറുകളിലേക്ക് കുതിച്ചു. കാലിസിനെ തന്റെ ട്രെഡ് മാർക്ക്‌ കട്ട്‌ ഷോട്ടിലൂടെ ബൗണ്ടറിയിലേക്ക് പറത്തിയപ്പോൾ 98ലെത്തി അങ്ങനെ 42ആം ഓവറിൽ അയാൾ തന്റെ 16ആം സെഞ്ചുറിയും സ്വന്തമാക്കി. സ്കോർ ഉയർത്താനുള്ള തന്ത്രപ്പാടിനുള്ളിൽ അയാൾ പുറത്തായെങ്കിലും, അദ്ദേഹം അവർക്കൊരു അടിത്തറ നൽകിയിരുന്നു,ആദ്യ ഫിഫ്‌റ്റിയിലേക്ക് 78 ബോളുകളെടുത്തപ്പോൾ, രണ്ടാം ഫിഫ്‌റ്റിയിലേക്കയാൾ ഉപയോഗിച്ചത് 43 ബോളുകൾ മാത്രമായിരുന്നു, ആ അടിത്തറയിൽ നിന്ന് പവലും, സർവനും ആടിതിമിർത്തപ്പോൾ അവർ 278 റൺസെന്ന മാന്യമായ സ്കോറും പടുത്തുയർത്തി…

അതൊരു ഇന്നിങ്‌സായിരുന്നു ആ 180 മിനിറ്റുകൾ ന്യൂലാൻഡ്‌സ് ഗ്രൗണ്ടിലെ ആ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആ ജനത ശെരിക്കും ആസ്വദിച്ചിരുന്നു. ആ ഇന്നിംഗ്സ് എന്നെയും ഒരുപാട് സന്തോഷിപ്പിച്ചു, കളിക്ക് മുന്നേ ഞാൻ ആഗ്രഹിച്ചത് അയാൾ തിരിച്ചു നൽകിയപ്പോൾ ആ വിജയം ഇരട്ടി മധുരം നൽകി. അതെ ലാറയുടെ മികവിൽ വിൻഡീസ് ജയിക്കുന്നത് എന്നെ ഒരുപാട് രസിപ്പിച്ചൊരു ഘടകമായിരുന്നു,………
Pranav Thekkedath

Leave a comment