Cricket Cricket-International legends Stories Top News

“”(വഖാർഡ്)””

February 26, 2020

“”(വഖാർഡ്)””

എൽ ബി ഡബ്ലിയുവിലൂടെയോ ബൗൾഡിലൂടെയോ ക്രീസിലുള്ള ബാറ്റ്സ്മാനെ തുടച്ചു നീക്കുന്ന പ്രവൃത്തിയെ കുറിച്ച് പറയാൻ 1990 കളുടെ തുടക്കത്തിൽ ഉപയോഗിച്ച ഈ വാക്ക്, ലോകത്തിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായ വഖാർ യൂനിസിന്റെ ബൗളിങ്ങിനെ വർണ്ണിക്കാൻ വേണ്ടി ക്രിക്കറ്റ് ലോകം കണ്ടുപിടിച്ചതായിരുന്നു.

റിവേഴ്‌സ് സ്വിംഗിൽ വിജയിച്ച സർഫ്രാസ് നവാസിൽ തുടങ്ങുന്ന പാകിസ്താൻ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായിരുന്നു വഖാർ യൂനിസ്. അക്രമുമായുള്ള പങ്കാളിത്തത്തോടെ 1990 കളിൽ വഖാർ യൂനിസ് പാകിസ്ഥാൻ ബൗളിംഗ് ആക്രമണം ഏറ്റടുത്തു. ഏതു പിച്ചിലും അമിത വേഗതയിൽ ബോൾ എറിയാനും അതോടൊപ്പം റിവേഴ്സ് ചെയ്യിക്കാനുള്ള കഴിവും കൊണ്ടാണ് അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ തന്നെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

പാക്കിസ്ഥാനിലെ ഏറ്റവും നല്ല ബൗളർ, ആൾറൗണ്ടർ, ക്യാപ്റ്റൻ അങ്ങനെ എല്ലാമായിരുന്ന സാക്ഷാൽ ഇമ്രാൻ ഖാന്റെ കണ്ടുപിടുത്തമായിരുന്നു ഈ സ്പീഡ് ഗൺ. വെറും 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച വഖാർ യൂനിസ്, 1989 നവംബർ 15 ന് സച്ചിൻ ടെണ്ടുൽക്കർ അരങ്ങേറിയ മത്സരത്തിൽ പാകിസ്താന് വേണ്ടി അരങ്ങേറ്റം കുറിച്ചു. സമനിലയിൽ അവസാനിച്ച ആ ടെസ്റ്റ് മൽസരത്തിൽ സച്ചിന്റെയും കപിൽ ദേവിന്റെയും ഉൾപ്പെടെ നാലു വിക്കറ്റുകൾ വഖാർ സ്വന്തമാക്കി. തന്റെ വേഗതയിൽ പെട്ടെന്ന് തന്നെ ഒരു മതിപ്പ് സൃഷ്ടിച്ച അദ്ദേഹം ക്രിക്കറ്റ് മാധ്യമങ്ങളിൽ “വിക്കി” അല്ലെങ്കിൽ “ബ്യൂറേവാല എക്സ്പ്രസ്” എന്ന പേരുകളിൽ അറിയപ്പെട്ടു.

അക്രമിനൊപ്പം വഖാറും കൂടി ചേർന്ന് പാക്കിസ്ഥാന് വേണ്ടി പതിവായി ബൗളിംഗ് ആക്രമണം നടത്താൻ തുടങ്ങി, ഇത് ക്രമേണേ ഭയപ്പെടുത്തുന്നതും വീര്യമുള്ളതുമായ ഒരു ആക്രമണമായി മാറുകയായിരുന്നു. വഖാറിന്റെ ഏറ്റവും ബഹുമതി നേടിയ ബോളുകൾ ഇൻ‌സ്വിംഗ് യോർക്കറുകളായിരുന്നു. ഒരു വശത്ത് തിളങ്ങുന്നതും ഒരു വശത്ത് പരുക്കനുമായ ബോളിനെ പരമ്പരാഗത സ്വിങ്ങിൽ നിന്നും വിപരീത ദിശയിലേക്ക് സ്വിങ് ചെയ്യിച്ചിരുന്ന വഖാർ പഴയ ബോൾ എങ്ങനെ സമർത്ഥമായി കൈകാര്യം ചെയ്യാം എന്ന് റിവേഴ്സ് സ്വിങ്ലൂടെ വിശദീകരിച്ചു. വഖാറിന്റെ ഇൻസ്വിങ് & ഔട്ട് സ്വിങ് ബോളുകൾക്കു ഒപ്പം വാസിം അക്രം കൂടി ചേർന്നപ്പോൾ സ്വിങ്ങിന്റെ വ്യത്യസ്തത കൊണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അധികം വിക്കറ്റ് നേടിയ കൂട്ടുകെട്ടായിമാറി.

1991 സീസണിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബ് Surreyക്ക് വേണ്ടി കളിച്ച വഖാർ 14 ആവറേജിൽ 116 വിക്കറ്റുകളാണ് നേടിയത്, അതിനോടകം ഇംഗ്ലീഷ് കാലാവസ്ഥയോട് പൊരുത്തപ്പെട്ട അദ്ദേഹം 1992 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അക്രമിനൊപ്പം ചേർന്ന് പാകിസ്ഥാനു വിജയം ഒരുക്കിക്കൊടുക്കുകയും ചെയ്തു. അതോടെ ഇംഗ്ലീഷ് മാധ്യമങ്ങൾ റിവേഴ്സ് സ്വിങ് ബോളുകളെ സംശയത്തിൻറെ നിഴലിലാക്കി. അക്കാലത്ത് ക്രിക്കറ്റ് ലോകത്തിന് താരതമ്യേന അജ്ഞാതമായിരുന്ന റിവേഴ്‌സ് സ്വിങ്ങിനെ വിമർശകർ ഒരു മോശം കളിയുടെ ഭാഗമാണ് എന്ന തരത്തിൽ ആരോപിച്ചു. എന്നിരുന്നാലും ക്രിക്കറ്റ് കാര്യാധികാരികൾക്ക് ഇതു മോശം കളിയുടെ ഭാഗമാണെന്ന് തെളിവുകളൊന്നും കണ്ടെത്താനായില്ല, അതോടെ റിവേഴ്സ് സ്വിങ്ങ് ബോളുകളിലെ കഴിവ് ക്രിക്കറ്റിൽ അംഗീകരിക്കാൻ തുടങ്ങി.

1994 ൽ തന്റെ കരിയറിന്റെ മൂര്‍ധന്യ സമയത്ത് പ്രശസ്തനായ ഒരു വേഗതയേറിയ ബൗളറായി അറിയപ്പെട്ടു, ഈ കാലഘട്ടത്തിലാണ് അദ്ദേഹം ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിൽ ഹാട്രിക്ക് നേടുന്നതും. അതോടൊപ്പം രേഖപ്പെടുത്തിയ 9 ഹാട്രിക്കുകളിലേ അഞ്ചാമത്തെ ബൗൾഡ് ഹാട്രിക്ക്. 8 മൽസരങ്ങളിൽ നിന്നും 21 വിക്കറ്റുകൾ നേടിയ വഖാർ നെൽസൺ മണ്ടേല ടൂറെമെന്റിന്റെ ഒരു ആകർഷണമായിരുന്നു.

ലീഗ് ചാമ്പ്യന്മാരായ പാകിസ്ഥാനും അവസാന സ്ഥാനക്കാരായ ന്യൂസിലൻഡുമായ മൽസരം, മൽസര പ്രാധാന്യമില്ലാത്ത മൽസരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരെഞ്ഞെടുത്തു. തുടക്കത്തിൽ പ്രഹരമേൽപ്പിച്ചു തുടങ്ങിയ പാക്ക് ബൗളെർമാർ അച്ചടക്കത്തോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുത്ത് മുന്നേറി.

ന്യൂസിലൻഡ് 47 ഓവറിൽ 172/7 റൺസ് എന്ന നിലയിൽ എത്തിനിൽക്കുബോൾ പാകിസ്ഥാന് വേണ്ടി വഖാർ യൂനിസ് ബോളുമായി എത്തി, ഹാരിസ് – പ്രീസ്റ് സഖ്യം ന്യൂസിലാൻഡിനു വേണ്ടി ഒരു മാന്യമായ സ്കോർ തേടി പോകുകയായിരുന്നു. എന്നാൽ വഖാറിന്റെ മനോഹരമായ ലെങ്ത് ബോൾ ഹാരിസിന്റെ പ്രതിരോധത്തെ തകർത്ത് ഓഫ് സ്റ്റമ്പ് വിക്കറ്റ് കീപ്പർ റാഷിദ് ലത്തീഫിന്റെ മുൻപിൽ എത്തിച്ചു. തുടർന്ന് പ്രിൻഗിൾൻറെയും ഡി ജിറോണിൻറെയും വിക്കറ്റുകൾ തെറിപ്പിച്ച വഖാർ, ഏകദിനത്തിലെ ഒൻപതാമത്തെ ഹാട്രിക്ക് അവതരിപ്പിച്ചു. അക്കാലമത്രയും ആകെ 9 ഹാട്രിക്കുകൾ പിറന്ന ഏകദിനത്തിൽ 5 എണ്ണം പാകിസ്ഥാന്റേതായിരുന്നു എന്നത് അവരുടെ ബൗളിംഗ് മികവ് പ്രകടകക്കുന്ന ഒന്നായിരുന്നു.

ന്യൂസിലണ്ടിന്റെ വിജയ ലക്ഷ്യം പിന്തുടന്ന പാകിസ്ഥാൻ അവരുടെ അക്കാലത്തെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ അൻവർ – സൊഹൈൽ സഖ്യം ശക്തമായ അടിത്തറ നൽകി, വിജയം ഉറപ്പിച്ചു. നെൽസൺ മണ്ടേല ട്രോഫ്യിൽ ഉടനീളം മികച്ച പ്രകടങ്ങൾ കാഴ്ചവെച്ചു എങ്കിലും പാകിസ്ഥാന് കിരീടം നേടാനായില്ല.

ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ അദ്ദേഹത്തിന് വളരെ അധികം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും, ചില സമയങ്ങളിൽ അദ്ദേഹം അധികം റൺസ് വിട്ടുകൊടുക്കുന്ന ഒരു ധൂർദ്ധനായ ബൗളറായും കാണപ്പെട്ടു. പലപ്പോഴും വെസ്റ്റ് ഇൻഡ്യൻ ഫാസ്റ്റ് ബൗളർ കർട്ട്ലി ആംബ്രോസ്, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത് എന്നിവരുടെ സ്ഥിരതയില്ലായിരുന്നു വഖാറിന് എങ്കിലും ലോകകപ്പുകളിൽ പരാജയപ്പെട്ടിരുന്നു എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നെഗറ്റീവ് .

1992 ലെ ഇമ്രാൻ ഖാന്റെ വിജയ ടീമിന്റെ ഭാഗമാകാൻ പരുക്കു കാരണം അദ്ദേഹത്തിന് കഴിഞ്ഞില്ല. 2003 ലോകകപ്പിൽ ക്യാപ്റ്റനായി വന്നു എങ്കിലും ഗ്രൂപ്പ് ഘടത്തിൽ തന്നെ പുറത്തു പോകേണ്ടിവന്നു. അതിനു ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ടീം തിരഞ്ഞെടുപ്പിൽ നിന്നും നിരന്തരം അവഗണിച്ചതിനെത്തുടർന്ന് വഖാർ യൂനിസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയായിരുന്നു… പിന്നീട് കോച്ച് കുപ്പായം ധരിച്ചു.

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ

Leave a comment