Cricket Editorial legends Top News

മടങ്ങിവരുമോ മഹേന്ദ്രസിംഗ് ധോണി?

January 1, 2020

author:

മടങ്ങിവരുമോ മഹേന്ദ്രസിംഗ് ധോണി?

2020ൽ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മഹേന്ദ്ര സിങ് ധോണി എന്ന മനുഷ്യന്റെ വാക്കുകൾക്കായാകും. 2019ൽ നടന്ന ലോകകപ്പിനു ശേഷം ഇന്ത്യൻ ദേശീയടീമിൽ നിന്നും മാറി നിൽക്കുന്ന അദ്ദേഹം തന്റെ കരിയറിലെ സുപ്രധാന തീരുമാനം ഈ വർഷം തന്നെ കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.

2004 ഡിസംബർ ഇരുപത്തിമൂന്നാം തീയതി ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറിയ മഹേന്ദ്രസിംഗ് ധോണിയുടെ കരിയർ പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ക്രിക്കറ്റ് ജീവിതങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ പരമ്പരയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും തുടർന്നു പാകിസ്താനെതിരെ നടന്ന പരമ്പരയിൽ രണ്ടാം മത്സരത്തിൽ വെറും 123 പന്തുകളിൽ നിന്നും 148 റണ്ണുകൾ നേടി ധോണി ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചു.

പിന്നീടായിരുന്നു ധോണിയുടെ കരിയറിലെ സുപ്രധാന വഴിത്തിരിവു സംഭവിച്ചത്. 2007 ലോകകപ്പിലെ മോശം പ്രകടനത്തേ തുടർന്നു പ്രഥമ ടി ട്വൻറി ലോകകപ്പിൽ നിന്നും പ്രമുഖ താരങ്ങൾ മാറി നിന്നതോടെ ടീമിനെ നയിക്കാനുള്ള നിയോഗം ധോണിയിൽ വന്നു ചേർന്നു. കുട്ടി ക്രിക്കറ്റിലെ ലോകകിരീടം ഇന്ത്യയിലെത്തിച്ചുകൊണ്ടാണ് ധോണി തന്റെ നായകജീവിതത്തിനു തുടക്കമിട്ടത്.

പിന്നീടങ്ങോട്ടു ധോണി യുഗമായിരുന്നു. തുടർന്നു എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻസി ഏറ്റെടുത്ത ധോണി ഐ. സി. സി യുടെ എല്ലാ ട്രോഫികളും വിജയിക്കുന്ന ആദ്യ നായകനായി മാറി. തികഞ്ഞ ഒരു ക്യാപ്റ്റൻ മെറ്റീരിയൽ ആയിരുന്നു അയാൾ. സുപ്രധാന നിമിഷങ്ങളിൽ വ്യക്തമായ തീരുമാനം കൈകൊള്ളാൻ അയാളോളം മികച്ച മറ്റൊരു നായകനെ ലോകം കണ്ടിരിക്കാൻ സാധ്യതയില്ല. അതുതന്നെയാണ് ധോനിയെ വ്യത്യസ്തനാക്കുന്നതും. നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രമല്ല ലോങ്ങർ ഫോർമാറ്റിലും അയാൾ തന്റെ മികവു പുലർത്തിയിരുന്നു. ടെസ്റ്റ റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാമതെത്തിക്കാനും ഈ ജാർഖണ്ഡ്കാരന് സാധിച്ചു.

നായകൻ എന്ന നിലയിൽ മാത്രമല്ല ഒരു ബാറ്റ്സ്മാൻ, വിക്കെറ്റ് കീപ്പർ എന്നീ നിലയിലും ധോണി എന്നും ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. പലപ്പോഴും മുൻനിര തകരുമ്പോൾ ധോണിയുടെ ഇന്ത്യ മാന്യമായ സ്കോറുകളിലെത്തിയിട്ടുണ്ട്. അസാധ്യമെന്നു കരുതുന്ന പല വിജയങ്ങളും ധോണിയുടെ ഫിനിഷിങ് മികവിലൂടെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. എത്ര മത്സരങ്ങളിലാണ് നിർണായക ഘട്ടങ്ങളിൽ മിന്നൽ സ്റ്റമ്പിങ്ങിലൂടെയോ മികച്ച ക്യാച്ചുകളിലൂടെയോ അയാൾ ഇന്ത്യയ്ക്കു മേൽക്കോയ്മ നൽകിയിട്ടുള്ളത്. വിക്കറ്റിനു പിറകിൽ ധോണിയെങ്കിൽ ക്രീസിൽ നിന്നും കാലുയർത്തുവാൻ ബാറ്റസ്മാൻമാർ ഭയന്നിരുന്നു.

വിദേശത്തു സംഭവിച്ച തുടർച്ചയായ പരമ്പര പരാജയങ്ങളോടെ ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഐ.പി. എല്ലിലും അയാൾ കളി തുടർന്നു. പഴയ ഫോമിന്റെ നിഴലായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം നടന്ന ലോകകപ്പിലും അയാൾ ടീമിലുണ്ടായിരുന്നു. സെമി ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനം വരെ കാത്തുസൂക്ഷിച്ചതും അയാളായിരുന്നു. പക്ഷേ ലോകകപ്പിനുശേഷം അയാൾ ഇതുവരെ ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടില്ല. അതിന്റെ കുറവ് പ്രതിഫലിച്ചത്. പ്രധാനമായും വിക്കറ്റ് കീപ്പിങ്ങിലായിരുന്നു. ഋഷഭ് പന്ത് ഓരോ തവണയും വിക്കറ്റ് കീപ്പിങ്ങിൽ പരാജയപ്പെടുമ്പോഴും ആരാധകർ അന്വേഷിക്കുന്നതും ധോണിയെപ്പറ്റിയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് അയാൾ എന്തുത്തരമാകും കാത്തുവെച്ചിട്ടുണ്ടാവുക?. ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുകയാണ്.

Leave a comment