Editorial Stories Top News

ഇവർ ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾ

January 1, 2020

author:

ഇവർ ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾ

പുതിയ വർഷം ഇന്ത്യൻ കായികലോകം നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. അവയിൽ പ്രധാനമാണ് ഈ വർഷം ജൂലായ് ഇരുപത്തിനാലു മുതൽ ഓഗസ്റ്റ് ഒൻപതു വരെ ജാപ്പനീസ് തലസ്ഥാനനഗരമായ ടോക്കിയോ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾ. കഴിഞ്ഞ രണ്ട ഒളിമ്പക്സുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ച ഇന്ത്യൻ സ്പോർട്സിന് തീർച്ചയായും കൂടുതൽ പ്രതീക്ഷകൾ നൽകുന്നതാകും 2008ൽ ബെയ്‌ജിങ്ങിൽ നടന്ന ഒളിംപിക്സിന് ശേഷം വീണ്ടും ഏഷ്യ ആതിഥ്യം വഹിക്കുന്ന ലോക കായിക മാമാങ്കം. പി. വി സിന്ധു, സാക്ഷി മാലിക്, മേരി കോം, സൈന നേവാൾ തുടങ്ങി കഴിഞ്ഞ പതിറ്റാണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളുടെ സാന്നിധ്യം മാത്രമല്ല ഭാവിയുടെ താരങ്ങളാകുമെന്നു പ്രതീക്ഷ നൽകിയ ഒരുപിടി യുവ പ്രതിഭകളും ഇന്ത്യയ്ക്ക ആത്മവിശ്വാസം നൽകുന്നു.

1. നീരജ് ചോപ്ര.

ടോക്യോയിലെ മെഡൽ പോഡിയത്തിൽ ഇന്ത്യൻ പതാക പാറിപ്പറക്കാൻ ഏറ്റവുമധികം സാധ്യത കല്പിക്കുന്നത് ജാവലിൻ താരം നീരജ് ചോപ്രയിലൂടെയാണ്. 2012 ലണ്ടൻ ഒളിംപിക്സിലെ സ്വർണമെഡൽ പ്രകടനത്തെക്കാൾ ദൂരം ജാവലിൻ പായിച്ച ചരിത്രമുള്ള നീരജ് 2018ൽ ജാകർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താൽ തീർച്ചയായും ഒരു ഒളിംപിക്‌സ് മെഡൽ നീരജിന് ഏറെ അകലെയല്ല.

2. ഹിമ ദാസ്

പോയ വർഷം ഇന്ത്യൻ അത്ലറ്റിക്സിൽ ഏറ്റവുമധികം സംസാരവിഷയമായത് ഹിമ ദാസ് ആയിരുന്നു. ഒരു ലോകചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇൻഡ്യാക്കാരിയായ ഹിമയ്ക്ക് ഒളിമ്പിക്സ് ട്രാക്കിൽ നിന്നും ഒരു മെഡലിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് കായികപ്രേമികൾ വിശ്വസിക്കുന്നത്.

3. തേജസ്വിൻ ശങ്കർ

2018ലെ ജാകർത്താ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു ഈ ഡൽഹിക്കാരൻ. ലോകത്തെ ഏറ്റവും മികച്ച ഹൈ ജമ്പർമാരിൽ ഒരാളായി കരുതപ്പെട്ടിരുന്ന തേജസ്വിനു പക്ഷേ പരിക്കുമൂലം ഏഷ്യൻ ഗെയിംസിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു. അമേരിക്കയിൽ നടക്കുന്ന NCAA മീറ്റ് കിരീടം നേടിയിട്ടുള്ള മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനായ ഈ പത്തൊൻപതുകാരൻ ടോക്യോയിൽ നമ്മുടെ അഭിമാനമാകുമെന്നു പ്രതീക്ഷിക്കാം.

4. മണിക ബത്ര 

ടേബിൾ ടെന്നീസിൽ കഴിഞ്ഞ ദശകത്തിന്റെ കണ്ടുപിടുത്തമായിരുന്നു മണിക ബത്രയെന്ന ഡൽഹിക്കാരി കഴിഞ്ഞ ഒളിംപിക്സിലും മികച്ച പ്രകടനം കാഴ്ചവെച്ച മണിക കഴിഞ്ഞ കോമൺവെൽത് ഗെയിംസിൽ ലോക നാലാം നമ്പർ താരം ഫെങ് ടൈയാൻവേയേ പരാജയപ്പെടുത്തിയിരുന്നു.

5. മനു ഭാകർ

അന്താരാഷ്ട്ര ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായാണ് മനു ഭാകർ ലോകശ്രദ്ധ നേടുന്നത്. കഴിഞ്ഞ കോമൻവെൽത് ഗെയിംസിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ മനു ഭാകർ അടുത്ത ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിൽ ഒന്നാണ്.

6. സൈകോം മീരാഭായ് ചാനു

കർണം മല്ലേശ്വരിയുടെ പിൻഗാമിയായി കരുതപ്പെടുന്ന താരമാണ് മീരാഭായ് ചാനു. കഴിഞ്ഞ കോമൺവെൽത് ഗെയിംസിൽ ആറു ശ്രമങ്ങളിൽ അഞ്ചു തവണയും മീറ്റ് റെക്കോർഡ് ഭേദിച്ച പ്രകടനവുമായി സ്വർണമെഡൽ നേടിയ മീരാഭായി ചാനു 48 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.

Leave a comment