Foot Ball Top News

എമേറിയുടെ തന്ത്രം പാളി, ആർസെനലിനു ഞെട്ടിക്കുന്ന തോൽവി

October 22, 2019

author:

എമേറിയുടെ തന്ത്രം പാളി, ആർസെനലിനു ഞെട്ടിക്കുന്ന തോൽവി

പ്രീമിയർ ലീഗിൽ ടോപ് 4ഇൽ തിരിച്ചെത്താനുള്ള അവസരം കളഞ്ഞു കുളിച്ചു ആർസെനൽ. ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിന്നിലായി മൂന്നാമതെത്താനുള്ള ആര്സെനലിന്റെ മോഹം ഷെഫീൽഡ് യൂണൈറ്റഡുമായുള്ള തോൽവിയോടെ പൊളിഞ്ഞു. ബ്രാമൽ ലാനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ്‌ തോൽവി രുചിച്ചത്. വിജയികൾക്ക് വേണ്ടി മോസ്സറ്റ് ഗോൾ നേടി. ഹോം ഗ്രൗണ്ടിൽ പ്രതിരോധം ഭേദിക്കാൻ വളരെ കടുപ്പമുള്ള ഷെഫീൽഡിനെതിരെ ആക്രമണത്തിന് പകരം ഡിഫെൻസിവ് മിഡ്‌ഫീൽഡിനെ ആദ്യ പകുതിയിൽ പരീക്ഷിച്ച ഉനായി എമേറിയുടെ തന്ത്രത്തിലെ പാളിച്ചയാണ് മത്സരത്തിൽ നിർണായകമായത്.

മത്സരത്തിലുടനീളം ആർസെനൽ ആധിപത്യം പുലർത്തിയെങ്കിലും ഒസീലിനെ ഉൾപ്പെടുത്താതെ, സെബാലോസ്, ടൊറേറ എന്നിവരെ ബെഞ്ചിലിരുത്തി വില്ലോക്, ഷാക്ക, ഗെണ്ടുസീ നിരന്ന മധ്യനിര മത്സരത്തിലുടനീളം അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ആദ്യപകുതിയിൽ 20ആം മിനുട്ടിൽ കോലാസിനാകിന്റെ ക്രോസിൽ പെപെക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. 30ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്നും ആർസെനൽ ക്ലിയറൻസിലെ പിഴവ് മുതലെടുത്തു മുസ്സറ്റ് ആർസെനലിനെ ഞെട്ടിച്ചു. ആദ്യപകുതി അവസാനിക്കും മുൻപ് ഷാക്കയുടെ ലോങ്ങ്‌ റേഞ്ചർ ഷെഫിൽഡ് ഗോളി തട്ടിയകറ്റി.

രണ്ടാം പകുതിയിൽ വില്ലൊകിനെ പിൻവലിച്ചു സെബാലോസ് ഇറങ്ങിയതോടെ ആർസെനൽ ആക്രമണം വർധിപ്പിച്ചു എന്നാൽ മികച്ച പാസുകൾ ലഭിക്കാതെ അബാമേയങ്ങ് അടക്കമുള്ള മുന്നേറ്റ നിര വലഞ്ഞു. മറുവശത്തു ഷെഫീൽഡ് ആഴ്സനലിന്റെ ഓരോ നീക്കവും തകർത്ത് തങ്ങളുടെ ലീഡ് ഭദ്രമാക്കി വച്ചു,അട്ടിമറി വിജയവും നേടി.

Leave a comment