Foot Ball Top News

ജയത്തോടെ ലീഗിൽ രണ്ടാമതായി ലെസ്റ്റർ സിറ്റി

October 19, 2019

ജയത്തോടെ ലീഗിൽ രണ്ടാമതായി ലെസ്റ്റർ സിറ്റി

മുൻനിര ക്ലബ്ബുകളെ വെല്ലുവിളിച്ചു കൊണ്ട് ലെസ്റ്റർ സിറ്റി നടത്തുന്ന പടയോട്ടം പൂർവാധികം ശക്തിയോടെ തുടരുന്നു. ഇത്തവണ വഴി മാറേണ്ടി വന്നത് പ്രതിരോധത്തിന് പേര് കേട്ട ബേൺലിയും. കിങ്‌സ് പവർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രെൻഡൻ റോജേഴ്സിൻെറ ടീം വിജയിച്ചു കയറിയത്.

സ്കോർ നില ആദ്യം ചലിപ്പിച്ചത് ബേൺലി ആയിരുന്നു. ന്യൂ സീലൻഡ് സ്‌ട്രൈക്കർ ക്രിസ് വുഡ് ഒരു മനോഹര ഹെഡ്ഡെറിലൂടെ ആതിഥേയരെ മുന്നിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ജെമി വാർഡി ലെസ്റ്ററിനെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. ബാൺസ് നൽകിയ ക്രോസ്സ് ഗോളിയെ കാഴ്ചക്കാരനാക്കി വാർഡി വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മധ്യനിരയിലെ നേടും തൂണായ ടീലേമെൻസ് ലെസ്റ്ററിനെ മുന്നിൽ എത്തിച്ചു [74′] . ഇത്തവണയും അസ്സിസ്റ്റ് ചെയ്തത് ബാൺസ് തന്നെയായിരുന്നു. ക്രിസ് വുഡ് പിന്നീട് വീണ്ടും വലചലിപ്പിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി ഗോൾ അനുവദിച്ചില്ല.

ജയത്തോടെ 9 കളികളിൽ നിന്ന് 17 പോയിന്റുമായി ലെസ്റ്റർ രണ്ടാം സ്ഥാനത്തു എത്തിനിൽക്കുന്നു. ബ്രെൻഡൻ റോജേഴ്സിന്റെ ഈ ടീം ആദ്യ നാലിൽ പിടിച്ചു നിൽക്കുന്നതിൽ അതിശയം തോന്നേണ്ടതില്ല. ശക്തമായ ഒരു ടീമും സുന്ദരമായ കേളിമികവും ലെസ്റ്റർ ഇതിനോടകം തന്നെ സ്വന്തമാക്കിയിരുന്നു. ലെസ്റ്ററിന്റെ ഉയർച്ച ടോട്ടൻഹാമിനും മാഞ്ചസ്റ്റർ യൂണൈറ്റഡിനും ഭീഷണി ആകും.

Leave a comment