Editorial Foot Ball Top News

ഇന്ത്യൻ സൂപ്പർ ലീഗ്; ഒഡീഷയിലെ ഭാഗ്യപരീക്ഷണം

October 14, 2019

author:

ഇന്ത്യൻ സൂപ്പർ ലീഗ്; ഒഡീഷയിലെ ഭാഗ്യപരീക്ഷണം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരിക്കലും പ്രതീക്ഷയ്ക്കൊത്തുയരാതിരുന്ന ടീമാണ് ഡൽഹി ഡൈനാമോസ്. പ്രഥമ സീസൺ മുതൽക്കെത്തന്നെ അലെസ്സാൻഡ്രോ ഡെൽപിയറോ, റോബർട്ടോ കാർലോസ് തുടങ്ങി വൻ പേരുകാരെ ടീമിലെത്തിച്ചു ലീഗിൽ വേരോടിയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെയുമവർക്ക് അതിനു സാധിച്ചിട്ടില്ല. 2016 സീസണിൽ സെമി ഫൈനലിൽ പ്രവേശിച്ചതൊഴിച്ചാൽ ലീഗിൽ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ഡൽഹിയുടെ ഭാഗത്തു നിന്നും വന്നിട്ടുമില്ല.

ഫുട്ബോളിനു വളക്കൂറില്ലാത്ത മണ്ണിൽ മോശം പ്രകടനങ്ങൾ കൂടിയായതോടെ ഡൽഹിയുടെ ജനപ്രീതിയിലും ഇടിവു സംഭവിയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് അവർ കളം മാറ്റിച്ചവിട്ടാൻ തീരുമാനിച്ചത്. ഈ സീസണിൽ കെട്ടിലും മട്ടിലും മാത്രമല്ല പൂർണമായും ഒരു പുതിയ ഫ്രാഞ്ചെസിയായി ഡൽഹി മാറിക്കഴിഞ്ഞു. ഡൽഹി വീണ്ടും വരികയാണ്. ഒഡീഷ എഫ്. സിയിലൂടെ.

 

പുതിയ പേരുമായി കളം പിടിക്കാനുറച്ചു തന്നെയാണ് ഇത്തവണ ഒഡീഷയുടെ വരവ്. ഡൽഹിയുടെ പ്രധാന താരങ്ങളെയെല്ലാം നിലനിർത്തിയ അവർ പുതിയ ചില പ്രതിഭകളെ ടീമിലെത്തിച്ചിട്ടുമുണ്ട്. ഡൽഹിയുടെ കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ ലാലിൻസുല ചാങ്‌തെ ഫ്രീ ട്രാൻസ്ഫറിൽ ചെന്നൈയിലേക്ക് പോയത് ക്ലബ്ബിനു ക്ഷീണമാകുമെങ്കിലും അർജന്റീനൻ താരം മാർട്ടിൻ പെരെസ് ഗുഡെസ് ചാങ്‌തെയുടെ വിടവു നികത്തുമെന്നു പ്രതീക്ഷിക്കുന്നു.

സെനഗൽ താരം ദിയാവാൻഡോ ഡിജിനെയും സ്പാനിഷ് താരം കാർലോസ് ഡെൽഗാഡോയും ഇന്ത്യൻ താരങ്ങളായ ഗൗരവ് ബോറ, നാരായൺ ദാസ് തുടങ്ങിയവരും നിയന്ത്രിക്കുന്ന ഒഡീഷ പ്രതിരോധം പിളർക്കാൻ എതിരാളികൾ നന്നേ വിയർക്കും. മധ്യനിരയിലാകട്ടെ ഇന്ത്യൻ പ്രതിഭകളായ വിനീത് റായ്, റോമിയോ ഫെർണാണ്ടസ്, നന്ദകുമാർ, ശുഭം സാരംഗി, ബിക്രംജിത് മുതലായവർക്കൊപ്പം സ്‌പെയിനിൽ നിന്നുള്ള നായകൻ മാർക്കോസ് തെബാർ, ക്‌സിസ്‌കോ ഹെർണാണ്ടസ് എന്നിവരുമുണ്ട് അറ്റാക്കിങ് മിഡ്ഫീൽഡറായ മാർട്ടിൻ പെരെസിനും മധ്യനിരയിൽ കളിക്കാൻ കഴിയുന്നതോടെ കടലാസിലെങ്കിലും ഒഡീഷ മധ്യനിര ശക്തമാണ്.

ആക്രമണത്തിലേക്കു വരുമ്പോൾ സ്പാനിഷ് താരം അഡ്രിയാൻ സന്താനയാണ് ഒന്നാം പേരുകാരൻ. കൂടാതെ ഇന്ത്യൻ ഫോർവേഡ് ലാലിംപുനിയായും ടീമിലുണ്ടെങ്കിലും കൂടുതൽ അറ്റാക്കിങ് ഓപ്ഷനുകൾ ഇല്ലാത്തത് ടീമിനു തലവേദനയാകും. എങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡർമാരുടെ ബാഹുല്യംകൊണ്ട് ആ ന്യൂനത മറികടക്കാനാകുമെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്. ആൽബിനോ ഗോമസും സ്പാനിഷ് താരം ഫ്രാൻസിസ്‌കോ ഡോറോൻസോറോയുമാകും ഒഡീഷയുടെ ഗോൾവല കാക്കുക.

അടുത്തിടെ ഒരുപാടു ഫുട്ബോൾ മത്സരങ്ങൾക്കു വേദിയായ ഒഡീഷയിലെ കലിംഗ സ്റ്റേഡിയമാണ് ഒഡീഷ എഫ്. സിയുടെ ഹോം ഗ്രൗണ്ട്. വർധിച്ച ആരാധക പിന്തുണയും പുതിയ പേരുമായി വരുന്ന ഒഡീഷ എഫ്. സി കൂടുതൽ ഉയരങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

Leave a comment

Your email address will not be published. Required fields are marked *