Cricket Editorial Top News

നീലക്കുപ്പായത്തിലേക്ക് ഇനി അകലം ഒരുഫോൺകോൾ മാത്രം

October 13, 2019

നീലക്കുപ്പായത്തിലേക്ക് ഇനി അകലം ഒരുഫോൺകോൾ മാത്രം

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മുഴുവൻ ചർച്ചാ വിഷയമാക്കിയത് നായകൻ വിരാട് കോലിയുടെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ഇരട്ട സെഞ്ചുറിയായിരുന്നു. അതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപ് മറ്റൊരു ഇരട്ട സെഞ്ചുറി ഇന്ത്യക്കാർ ,പ്രത്യേകിച്ച് മലയാളികൾ ആഘോഷിക്കുകയാണ്.വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരായ മത്സരത്തിൽ ഒരു മലയാളിയുടെ ഇരട്ട സെഞ്ചുറി പ്രകടനത്തിന് വർത്തമാന കാലത്ത് പ്രസക്തി ഏറെയാണ്. 3 ഫോർമാറ്റുകളിലും ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിങ് ധോണി ഒഴിച്ചിട്ട ,ഒഴിച്ചിടാൻ പോകുന്ന ആ വിക്കറ്റ് കീപ്പർ പൊസിഷന് വേണ്ടി യുവതാരങ്ങൾ പൊരിഞ്ഞ പോരാട്ടം നടത്തുന്ന ഈ സമയത്ത് ഒരു List A മത്സരത്തിൽ മുന്നാമനായി ഇറങ്ങി ഒരാൾക്ക് നേടാൻ പറ്റുന്നതിന്റെ പരമാവധി നേടിയ ഒരു കളിക്കാരന്റെ ദേശീയ ടീമിലേക്കുള്ള വിളിക്ക് കാതോർത്തിരിക്കുന്നത് ആ താരത്തെക്കാളുപരി ,ക്രിക്കറ്റിന് വേരുകളില്ലാത്ത, അല്ലെങ്കിൽ ദേശീയ തലത്തിൽ മേലധികാരികൾ തീരെ ശ്രദ്ധിക്കാത്ത ഒരു സംസ്ഥാനം തന്നെയാണ്.

കുറച്ച് വർഷങ്ങൾക്ക് പിറകെ ഒന്നു പോയാൽ ,2013 ഏപ്രിൽ 14 ന് സവായ് മാൻ സിങ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ ഒരു IPL മാച്ച് നടക്കാൻ പോവുകയാണ്. മത്സരത്തിനു തൊട്ടു മുൻപ് റോയൽസിന്റെ സ്ഥിരം കീപ്പർ ദിഷാന്ത് യാഗ്നിക് പരിക്കു പറ്റി ടീമിനു പുറത്തേക്ക്. അവസാന നിമിഷം ടീമിലേക്ക് നറുക്ക് വീണത് 19 കാരൻ പയ്യന്.2012 ൽ കിങ് ഖാന്റെ കൽക്കൊത്ത നൈറ്റ് റൈഡേഴ്സ് ടീമിലും തുടർന്നുള്ള വർഷം രാജസ്ഥാൻ ടീമിനൊപ്പം ചേർന്നിട്ടും ഒരു മത്സരത്തിൽ പോലും കളിക്കാൻ ഭാഗ്യമില്ലാതിരുന്ന പയ്യൻ വിക്കറ്റിന് പിന്നിൽ 2 ക്യാച്ചുകളും ഒരു റണ്ണൗട്ടും നടത്തി തരക്കേടില്ലാത്ത പ്രകടനം നടത്തി. ബൗളർമാർ മികച്ച പ്രകടനം നടത്തിയതോടെ രാജസ്ഥാന് കളി ജയിക്കാൻ 126 റൺസ് എന്ന നിസാര ലക്ഷ്യം മാത്രം.എന്നാൽ 12.5 ഓവറിൽ വെറും 79 റൺസിന് 4 വിക്കറ്റ് പോയപ്പോൾ മത്സരം എങ്ങോട്ടും തിരിയാമെന്ന അവസ്ഥ. ആ കടുത്ത സമ്മർദ്ദ സമയത്ത് ആദ്യ മത്സരം കളിക്കാനിറങ്ങിയ പയ്യന് താൻ നേരിട്ട ആദ്യ പന്ത് സമ്മർദ്ദം കാരണം ഒന്നു കാണാൻ പോലും പറ്റിയില്ല. ആദ്യ പന്തിൽ തന്നെ ശക്തമായ LBW അപ്പീൽ. എന്നാൽ മുൻ പാക് പേസർ അസ്ഹർ മഹമൂദിനെ മനോഹരമായ ഒരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ കളിച്ച് അക്കൗണ്ട് തുടങ്ങി ആത്മവിശ്വാസം വീണ്ടെടുത്ത പയ്യൻ അജിങ്ക്യ രഹാനെ ക്കൊപ്പം 47 റൺ കുട്ടുകെട്ടുണ്ടാക്കി 4 പന്ത് ബാക്കി നിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചപ്പോൾ നേടിയത് 23 പന്തിൽ 27 റൺസ്.പയ്യൻ അത്ര തരക്കേടില്ല എന്ന് കളി വിദഗ്ധർ അഭിപ്രായപ്പെട്ടു .

തന്റെ രണ്ടാമത്തെ IPL മാച്ചിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 172 റൺസ് ലക്ഷ്യം പിന്തുടർന്ന റോയൽസ് വളരെ അപ്രതീക്ഷിതമായി No.3 ൽ പരീക്ഷിച്ചപ്പോൾ ചെറുതായി ഒന്നു ഞെട്ടിയവർ പ്യ്യൻ 41 പന്തിൽ 63 റൺസടിച്ചപ്പോൾ വീണ്ടും ഒന്നു കൂടി ഞെട്ടി.അപ്പുറത്തെ തലക്ക് 46 പന്തിൽ 68 റൺസെടുത്ത ഷെയ്ൻ വാട്സൺ എന്ന തീപ്പൊരി താരത്തിന്റെ പ്രകടനത്തെ നിഷ്പ്രഭമാക്കിയ പ്രകടനം പയ്യന് സമ്മാനിച്ചത് 2 നേട്ടങ്ങൾ. IPL ൽ അർധ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ താരം ,മാൻ ഓഫ് ദ മാച്ച് നേടിയ പ്രായം കുറഞ്ഞ താരം.ആ മത്സരത്തിൽ ഇന്ത്യൻ താരം മുരളി കാർത്തിക്കിനെതിരെ നേടിയ 2 സിക്സറുകൾ കണ്ടപ്പോൾ പ്രശസ്ത കമന്റേറ്റർ ഹർഷ ദോഗ്ലെ പറഞ്ഞത് ” ഈ പയ്യന് നല്ല ഒന്നാന്തരം ഭാവിയുണ്ടെന്നാണ് ”

അതെ. ആ ഭാവി പ്രതീക്ഷ സാധൂകരിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ഇന്ന് ഗോവക്കെതിരെ നടത്തിയ സഞ്ജു വിശ്വനാഥ് സാംസണിന്റെ ഇരട്ട സെഞ്ചുറി പ്രകടനം. ഒരു ഏകദിന മത്സരങ്ങളിൽ ഇരട്ട സെഞ്ചുറികൾ അപൂർവമാകുന്ന സാഹചര്യത്തിൽ ,3 മം നമ്പറിൽ ഇറങ്ങി ഒരു വിക്കറ്റ് കീപ്പർ നേടി എ ന്നത് ആ അപൂർവതയെ അത്യപൂർവമാക്കുന്നു.List A ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ലിസ്റ്റിലെ ഇന്ത്യക്കാരുടെ പേരുകൾ കാണുമ്പോൾ ,അതിലെ മഹാരഥൻമാരെ അറിയുമ്പോൾ സഞ്ജുവിന്റെ നേട്ടം സ്വപ്നതുല്യമാകുന്നു. സച്ചിൻ, സേവാഗ്, രോഹിത്, ധവാൻ, കൗശൽ എന്നിവർക്ക് പിറകെ സഞ്ജുവും ചരിത്രത്തിലേക്ക് ഓടിക്കയറിയതോടൊപ്പം List A മത്സരങ്ങളിലെ ഒരു വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ ,വിജയ് ഹസാരെ ട്രോഫിയിലെ ഉയർന്ന സ്കോർ ,No .3 പൊസിഷനിൽ ഇരട്ട സെഞ്ചുറി നേടിയ ഒര ഒരു ഇന്ത്യൻ ,ആദ്യ List A സെഞ്ചുറി ഇരട്ട സെഞ്ചുറിയിലെത്തിച്ച ഏക താരം, മൂന്നാം വിക്കറ്റിലെ ഏറ്റവും മികച്ച List A കൂട്ടുകെട്ട് എന്നീ റെക്കോർഡുകൾ പുറമേയും .

ഇക്കഴിഞ്ഞ ലോകകപ്പിനു മുമ്പേ ഉയർന്ന പുതിയ ഒരു വിക്കറ്റ് കീപ്പർ എന്ന ചർച്ചയിൽ ഉണ്ടായിരുന്ന ഒരേ ഒരു പേര് ഋഷഭ് പന്ത് ആയിരുന്നു .അതിന് ശരി വെച്ച അത്യാവശ്യം പ്രകടനങ്ങൾ ഉണ്ടായെങ്കിലും ഏത് സമയത്തും വിക്കറ്റ് വലിച്ചെറിയുന്ന പ്രവണതയിൽ വലിയ മാറ്റം വരുത്താൻ തയ്യാറാകാഞ്ഞതോടെ ചർച്ചകൾ ഇഷാൻ കിഷനിലേക്കും ഭരത് അരുണിലേക്കും പോയപ്പോൾ സഞ്ജുവിനെ അതിനും പിറകിൽ മാത്രമായിരുന്നു പരിഗണന .ഗവാസ്കറിനെയും ഗംഭീറിനെയും ദ്രാവിഡിനെയും പോലെ ചുരുക്കം ചിലർ സഞ്ജുവിന് വേണ്ടി മുറവിളി കൂട്ടിയതും ചീഫ് സെലക്ടർ MSK പ്രസാദ് സഞ്ജുവിനെ പരിഗണിക്കും എന്ന അഭിപ്രായവും മാത്രമായിരുന്നു ഒരു ചെറിയ പ്രതീക്ഷ.

IPL ൽ വമ്പൻ പ്രകടനങ്ങൾ കാഴ്ച വെക്കുമ്പോഴും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയില്ലായ്മ സഞ്ജുവിന് പ്രതികൂല ഘടകമായിരുന്നു ,.2018 ൽ ബാംഗ്ലൂരിനെതിരെ 45 പന്തിൽ 10 സിക്സറടക്കം 92 റൺസിന്റെ ക്ലാസിക് പ്രകടനം നടത്തിയപ്പോൾ കളിക്കളത്തിൽ ഒരു സാക്ഷി സാക്ഷാൽ വിരാട് കോലി ആയിരുന്നു.കഴിഞ്ഞ IPL ലെ സെഞ്ചുറി അടക്കമുള്ള മികച്ച പ്രകടനങ്ങളും ഏതാണ്ട് ഒരു മാസം മുൻപ് ദ.ആഫ്രിക്ക A ടീമിനെതിരെ അനൗദ്യോഗിക ഏകദിനത്തിൽ 48 പന്തിൽ 91 റൺസ് നേടിയതും സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള സാധ്യത വർധിപ്പിച്ചുവെങ്കിലും അതിൽ യാതൊരു ഉറപ്പും ഇല്ലായിരുന്നു .അതു കൊണ്ട് തന്നെ ഒരു യുവ താരത്തിന് ദേശീയ ടീമിലെത്തുന്നതിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി എന്ന് തന്നെ ഈ പ്രകടനത്തെ വിശേഷിപ്പിക്കാം .ഇനിയും സഞ്ജുവിനെ കണ്ടില്ലെന്ന് നടിക്കുന്നത് ഈ സംസ്ഥാനത്തോടുള്ള അവഗണനയായേ കാണാൻ പറ്റൂ .

ഇതൊക്കെയാണെങ്കിലും സഞ്ജുവിന് മുന്നിൽ കടമ്പകളേറെ. സ്ഥിരതയാർന്ന കുറച്ചു പ്രകടനങ്ങൾ കൂടി കാഴ്ച വെച്ചാൽ ചുവടുറപ്പിക്കാം. ഇനി ദേശീയ ടീമിലെത്തിയാലും വെല്ലുവിളികളേറെ.2015 ൽ സിംബാബ് മെക്കെതിരെ T20 മാച്ചിൽ ഒരു മത്സരം മാത്രം കളിച്ച് പുറത്തു പോകേണ്ടി വന്ന ദുരനുഭവം മുന്നിലുണ്ട്. മാത്രമല്ല ഇന്ത്യൻ ടീമിൽ നിലവിലെ താര ബാഹുല്യം ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിനെ സമ്മതിക്കുകയുമില്ല. അതു കൊണ്ട് തന്നെ കിട്ടുന്ന ചെറിയ അവസരങ്ങൾ മുതലെടുക്കാൻ പറ്റിയാൽ ,രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനെ പോലെ ഇന്ത്യൻ ടീമും സഞ്ജു ഒരു അവിഭാജ്യ ഘ്ടകമാണെന്ന് തീരുമാനിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന് ലഭിക്കുന്നത് ഒരു പക്ഷെ സാങ്കേതികത്തികവും ക്ലീൻ ഹിറ്റും ഒത്തു ചേർന്ന ആദ്യത്തെ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ആയേക്കാം

എഴുതിയത്


ധനേഷ് ദാമോദരൻ

Leave a comment