Foot Ball Top News

പ്രീമിയര്‍ ലീഗ്: യുണൈറ്റഡ് -ആർസെനൽ പോരാട്ടം ഇന്ന്

September 30, 2019

author:

പ്രീമിയര്‍ ലീഗ്: യുണൈറ്റഡ് -ആർസെനൽ പോരാട്ടം ഇന്ന്

ഓൾഡ് ട്രാഫോഡിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആർസെനലിനെ നേരിടുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നായ ഗണ്ണേഴ്‌സ്‌ -റെഡ് ഡെവിൾസ് മത്സരം കഴിഞ്ഞ കുറച്ചു സീസണുകളായി കിരീടപ്പോരാട്ടം എന്നതിന് പകരം ടോപ് 4നു വേണ്ടിയുള്ളതായി മാറിയിട്ടുണ്ടെങ്കിലും, ആവേശത്തിൽ ഇപ്പോളും മുൻപന്തിയിൽ തന്നെയാണ്. തങ്ങളുടെ പ്രതാപകാലം കഴിഞ്ഞെന്നുള്ള വിമർശനങ്ങൾക്ക് മറുപടി കൊടുക്കാൻ ഇരു ടീമുകൾക്കും ഇന്ന് ജയം അത്യാവശ്യമാണ്.

ഒലെ സോഴ്‌സ്‌ജെറിന് കീഴിൽ സീസണിൽ പരിക്കും മോശം ഫോമും മൂലം വലയുന്ന യുണൈറ്റഡിന് പ്രീമിയർ ലീഗിൽ തിരിച്ചു വരവിനു ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ 2006നു ശേഷം ആദ്യമായി വിജയം തേടിയെത്തുന്ന ആർസെനലിനെ തളക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിൽ. മറുവശത്തു മികച്ച അറ്റാക്കിങ് നിരയുള്ള ആർസെനലിനു നിലവിൽ ദുർബലമായി നിൽക്കുന്ന മാഞ്ചെസ്റ്ററിനെ ഓൾഡ് ട്രാഫോഡിൽ തോല്പിക്കാൻ ഇതിനേക്കാൾ മികച്ച അവസരം അടുത്തെങ്ങും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഇരു ടീമുകളും ഇവിടെ ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിന് സമനിലയായിരുന്നു ഫലം.

പോൾ പോഗ്ബ മടങ്ങിയെത്തുന്നത് യുണൈറ്റഡിന്റെ മിഡ്‌ഫീൽഡിന് ഉണർവേകും. എങ്കിലും റാഷ്‌ഫോഡ് , മാർഷ്യൽ എന്നിവരുടെ അഭാവം യുണൈറ്റഡ് മുന്നേറ്റ നിരയെ ദുര്ബലമാക്കുന്നുണ്ട്. മറുവശത്തു ആർസെനലിനു ഹോൾഡിങ്, ടിർണി, എന്നിവർ മടങ്ങിയെത്തുന്നത് ഡിഫെൻസിൽ ഗുണം ചെയ്യും. ലകാസെറ്റിനു പരിക്ക് മൂലം ഈ മത്സരവും പുറത്തിരിക്കേണ്ടി വരും. പകരം ബുകയോ സാക ആയിരിക്കും ആർസെനലിനു വേണ്ടി സ്റ്റാർട്ട്‌ ചെയുക.

മത്സരം രാത്രി 12.15നു

Leave a comment