Foot Ball Top News

വിജയത്തോടെ ആത്‌മവിശ്വാസം വീണ്ടെടുത്ത് ചെൽസി

September 28, 2019

വിജയത്തോടെ ആത്‌മവിശ്വാസം വീണ്ടെടുത്ത് ചെൽസി

പ്രീമിയർ ലീഗിൽ ബ്രൈട്ടനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസി പരാജയപ്പെടുത്തി. ചെൽസിക്ക് വേണ്ടി ജോർജ്ജിഞ്ഞോയും വില്ലിയനുമാണ് വല ചലിപ്പിച്ചത്. വിജയത്തോടെ 7 മത്സരങ്ങൾ കളിച്ച ചെൽസി 11 പോയിന്റുമായി ആറാം സ്ഥാനത്താണ്.

രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. ആദ്യ പകുതിയിൽ മേധാവിത്വത്തിന് വേണ്ടി ചെൽസി കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്രൈട്ടൻ മധ്യനിരയും പ്രതിരോധവും ശക്തമായി നിലയുറപ്പിച്ചതിനാൽ കാര്യമായ ചലനമുണ്ടാക്കാൻ ചെൽസിക്ക് സാധിച്ചില്ല. എന്നാൽ യുവ താരം മൌണ്ട് 50 ആം മിനുട്ടിൽ ബ്രൈട്ടൻ ഡിഫൻഡർ വെബ്സ്റ്ററിനെ ഫൗളിന് പ്രേരിപ്പിക്കുകയും പെനാൽറ്റി ലഭിക്കുകയും ചെയ്തതോടെ കളിയുടെ ഗതി മാറി. ജോർജിഞ്ഞോ കിട്ടിയ പെനാൽറ്റി മുതലാക്കിയപ്പോൾ കളി ചെൽസിയുടെ കയ്യിൽ ഭദ്രമായി. പിന്നീട് 76 ആം മിനുട്ടിൽ വില്ലിയൻ ലീഡ് നില ഉയർത്തി ജയം ഉറപ്പിച്ചു.

കുറവുകൾ ഒത്തിരി നികത്താൻ ഉണ്ടെങ്കിലും ഈ ചെൽസി ടീം പ്രതീക്ഷകൾ നല്കുന്നു. എബ്രഹാം, മൌണ്ട്, ഹഡ്സൺ ഓടോയ്‌ എന്നീ യുവ താരങ്ങളാണ് ഇപ്പോൾ അവരുടെ ആക്രമണ നിര മനോഹരമായ നയിക്കുന്നത്. വില്ലിയൻ, ജോർജിഞ്ഞോ എന്നീ പരിചയ സമ്പന്നരെയും കൂട്ടി ലാംപാർഡ് നല്ലൊരു ടീമിനെയാണ് ഒരുക്കി കൊണ്ട് വരുന്നത്. വലിയ വീഴ്ചകൾ പ്രതിരോധത്തിൽ ഉണ്ടായില്ലെങ്കിൽ ഇത്തവണയും ആദ്യ നാലിൽ എത്താൻ അവർക്ക് കരുത്തുണ്ട്.

Leave a comment