Editorial Foot Ball Top News

ആർസൺ വെങ്ങർ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമോ?.

September 26, 2019

author:

ആർസൺ വെങ്ങർ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമോ?.

തിയേറ്റർ ഓഫ് ഡ്രീംസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ പരിശീലകനാവുകയെന്നത് ഏതൊരു പരിശീലകന്റെയും സ്വപ്നമാണ്. സർ അലക്സ് ഫെർഗുസനെന്ന ദീർഘദർശിയായ മാനേജർക്കു ശേഷം ഹോസെ മൗറിഞ്ഞോയും ഒലെ ഗണ്ണർ സോൾഷ്യറും യുണൈറ്റഡ് പരീശിലകസ്ഥാനത്തു പരീക്ഷിക്കപ്പെട്ടെങ്കിലും ഫെർഗിയുടെ സുവർണകാലം പൂർണമായും തിരികെകൊണ്ടുവരാൻ ഇനിയുമവർക്കു സാധിച്ചിട്ടില്ല. ഈ സീസണിൽ പരാജയങ്ങളും സമനിലകളുമായി താളം കണ്ടെത്താൻ വിഷമിക്കകുന്ന യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തിനായി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ആഴ്‌സണൽ മാനേജറായിരുന്ന ആർസൻ വെങ്ങർ.

പ്രീമിയർ ലീഗിൽ ഫെർഗൂസനൊപ്പം തന്നെ കഴിവു തെളിയിച്ച പരിശീലകനാണ് വെങ്ങർ. 1996ൽ ആഴ്സണലിന്റെ പരിശീലകനായ ഈ ഫ്രഞ്ചുകാരൻ മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഏഴു എഫ്. എ കപ്പ്‌ വിജയങ്ങളും പീരങ്കിപ്പടയ്ക്കു സമ്മാനിച്ചു. വെങ്ങർ പരിശീലിപ്പിച്ച ആഴ്‌സണൽ 2003-04 സീസണിൽ പരാജയമറിയാതെയാണ് പ്രീമിയർ ലീഗ് സ്വന്തമാക്കിയത്. പരാജയമറിയാതെ നാല്പത്തിയെട്ടു മത്സരങ്ങൾ പൂർത്തിയാക്കി ആഴ്‌സണൽ റെക്കോർഡിട്ടതും വെങ്ങറിന്റെ കാലത്താണ്.

ഫെർഗൂസന്റെ ശിഷ്യനായിരുന്ന ഒലേയ്ക്കു പകരം വെങ്ങറിന്റെ പേരുയർന്നു കേൾക്കുമ്പോൾ യുണൈറ്റഡ് ആരാധകരുടെ ഓർമകൾ ഒരുപാടു വർഷങ്ങൾ പിന്നിലേക്കു സഞ്ചരിച്ചേക്കാം. തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും പ്രീമിയർ ലീഗ് കിരീടത്തിനായി ഏറ്റവുമധികം പോരടിച്ചിരുന്ന ടീമുകളായിരുന്നു ഫെർഗിയുടെ യുണൈറ്റഡും വെങ്ങറിന്റെ ആഴ്സണലും. തങ്ങളുടെ ക്ലബ്ബുകളെ ആയിരത്തിലധികം മത്സരങ്ങളിൽ പരിശീലിപ്പിച്ച ഇരുവരും തമ്മിലുള്ള പോരാട്ടം പലപ്പോഴും തീപാറിയിരുന്നു. തന്റെ ആറാം സീസണിലായിരുന്നു ഫെർഗിയുടെ കീഴിൽ യുണൈറ്റഡ് ആദ്യ പ്രീമിയർ ലീഗ് കിരീടം നേടിയതെങ്കിൽ ആഴ്‌സനലിനെ ചാമ്പ്യന്മാരാക്കാൻ വെങ്ങർക്കു വെറും പതിനെട്ടു മാസങ്ങളേ വേണ്ടിവന്നുള്ളൂ.

ആഴ്‌സണൽ ഇപ്പോഴും പിന്തുടരുന്ന ആക്രമണ ഫുട്ബോൾ ആദ്യമായി അവതരിപ്പിച്ച വെങ്ങർക്കു പക്ഷേ 2005നു ശേഷം അടിപതറാൻ തുടങ്ങി. സ്ഥിരതയില്ലായ്മയായിരുന്നു വെങ്ങറിന്റെ ആഴ്‌സണൽ നേരിട്ട പ്രധാന പ്രശ്നമെങ്കിൽ ഫെർഗിയുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. 2005നു ശേഷം പ്രീമിയർ ലീഗ് നേടുന്നതിൽ ആഴ്‌സണൽ പരാജയപ്പെട്ടപ്പോൾ ഫെർഗിയുടെ യുണൈറ്റഡ് അഞ്ചു തവണ കിരീടം നേടി.

വിഖ്യാത പരിശീലകൻ ജോർജ് ഗ്രഹാമിനുശേഷം അഞ്ചോളം പേരെ പരീക്ഷിച്ച ശേഷമാണ് വെങ്ങർ ആഴ്‌സനലിനെ കടിഞ്ഞാൺ ഏറ്റെടുത്തത്. പിന്നീടുള്ള ഇരുപത്തിരണ്ടു വർഷങ്ങൾ വെങ്ങർ ആഴ്‌സനലിന്റെ പരിശീലകനായി തുടർന്നു. ഏതാണ്ടിതേ അവസ്ഥയിൽ നിൽക്കുന്ന യുണൈറ്റഡ് പരിശീലകനാകാനാണ് വെങ്ങർ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതും. പക്ഷേ ഓൾഡ് ട്രാഫോർഡ് വെങ്ങറുടെ ഭാഗ്യമൈതാനമല്ല, ഒരു തവണ അവിടെവച്ചു പ്രീമിയർ ലീഗ് കിരീടമുയർത്തിയെങ്കിലും മത്സരങ്ങളിൽ മേധാവിത്വം പുലർത്താൻ വെങ്ങർക്കു സാധിച്ചിട്ടില്ല. ചരിത്രം തിരുത്താൻ വെങ്ങർക്ക് അവസരം ലഭിക്കുമോ?

Leave a comment

Your email address will not be published. Required fields are marked *