Editorial Foot Ball legends Top News

മസൂദ് ഫക്രി ; കൽകട്ടയുടെ മനം കവർന്ന ഗസൽ രാഗം

August 19, 2019

author:

മസൂദ് ഫക്രി ; കൽകട്ടയുടെ മനം കവർന്ന ഗസൽ രാഗം

“എതിരാളിയുടെ മനം കവരുക !!”.

എത്ര വിനാശകരമായ യുദ്ധത്തിലും പോരാളിയുടെ പേര് അജയ്യമാക്കാൻ പോണതാണത് !!. തന്നെ തളയ്ക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെടുക്കുന്ന എതിരാളിയുടെ മനസ്സിന്റെ ഒരു കോൺ വിജയിക്കാനാകുമെങ്കിൽ അതിലേറെ മധുരമേകുന്ന വിജയം ഏതാണ്?. കാൽപന്തുകളിയുടെ പാഠപുസ്തകത്തിലെ ഓരോ താളിലും അത്തരം പേരുകൾ നമുക്കു കാണാൻ കഴിയും. പക്ഷേ അവയിൽ “മസൂദ് ഫക്രി” എന്ന പേരിന് അൽപം തിളക്കം കൂടുതലാണ് !. കാരണം അയാൾ ജയിച്ചത് കളിക്കളത്തിലെ എതിരാളികളെ മാത്രമായിരുന്നില്ല, മറിച്ചു വിഭജനത്തിൻറെ മുറിവുകൾ ഇനിയും ഉണങ്ങാത്ത ഒരു ജനതയുടെ ഹൃദയങ്ങൾ കൂടിയായിരുന്നു!!.

പാകിസ്ഥാൻ പഞ്ചാബിലെ ടോബാ ടേക് എന്ന സ്ഥലത്തു നിന്നും 1952ൽ ഭാരതത്തിലെത്തിയ ഫക്രി ഇന്ത്യയിൽ പന്തു തട്ടിയത് കേവലം അഞ്ചു വർഷങ്ങൾ മാത്രമായിരുന്നു. പക്ഷേ ഇന്ത്യൻ ഫുടബോളിലെ വൻ ശക്തികളായ ഈസ്റ്റ്‌ ബംഗാളിനും മുഹമ്മദനും വേണ്ടി കളത്തിലിറങ്ങിയ ആ കാലയളവിൽ അദ്ദേഹം ഇന്ത്യയിൽ ഒരുപാടു ആരാധകരെ സൃഷ്ടിച്ചു.

1952ൽ ഈസ്റ്റ്‌ ബംഗാളിന്റെ ഇടതു വിങ്ങിലേക്കെത്തുമ്പോൾ ഫക്രിയ്ക്കു പ്രചോദനമായിരുന്നത് മറ്റൊരു പാകിസ്ഥാൻ താരമായിരുന്ന താജ് മുഹമ്മദ്‌ ആയിരുന്നു. ഈസ്റ്റ്‌ ബംഗാൾ നിരയിൽ തന്റെ കഴിവു തെളിയിച്ച താജിന്റെ കാലടികൾ പിന്തുടർന്നു റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിലെത്തിയ ഫക്രി പെട്ടന്നു തന്നെ ആരാധകരുടെ ആവേശമായി. കാരണം ചിരവൈരികളായ മോഹൻ ബഗാനെതിരെ നടന്ന തന്റെ ആദ്യ മത്സരത്തിൽ തന്നെ ടീമിന്റെ വിജയഗോൾ വന്നത് ഫക്രിയുടെ കാലുകളിലൂടെയായിരുന്നു. അടുത്ത കൽക്കട്ട ഡെർബിയിലും ഈസ്റ്റ്‌ ബംഗാളിന്റെ വിജയഗോൾ നേടിയതോടെ ഫക്രി ആരാധകരുടെ ആവേശമായി. ആ വർഷം ഡുറാന്റ് കപ്പും കൽക്കട്ട ലീഗും സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാളിനെ സഹായിച്ചതും ആ ഇരുപതു വയസ്സുകാരന്റെ ചടുല നീക്കങ്ങളായിരുന്നു. ആ കാലയളവിൽ ഈസ്റ്റ്‌ ബംഗാൾ നിരയിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഫക്രിയുടെ പേര് ആരാധകരുടെ നാവിൽ നിറഞ്ഞു നിന്നു!!.

രണ്ടു വർഷങ്ങൾ കൂടി ഫക്രി ഈസ്റ്റ്‌ ബംഗാൾ മുന്നേറ്റനിരയുടെ ഭാഗമായി നിലകൊണ്ടു. ഇതിനിടെ 1954 ഏഷ്യൻ ഗെയിംസിൽ സിംഗപ്പൂരിനെതിരെ രാജ്യത്തിനു വേണ്ടി ഹാട്രിക് നേടിയതോടെ ഫക്രി പാകിസ്താനിലും താരമായി. ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത പാകിസ്ഥാൻ ഫുട്‍ബോളിനു ലഭിച്ച മാണിക്യമായാണ് ഫക്രി വിലയിരുത്തപ്പെട്ടത്.

1955ൽ മുഹമ്മദൻസ് ക്ലബിലേക്കു കൂടുമാറിയ ഫക്രി തൊട്ടടുത്ത വർഷം ക്ലബ്ബിനു റോവേഴ്സ് ട്രോഫി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇതോടെ ഫക്രിയുടെ വാഴ്ത്തുപാട്ടുകൾ കടലുകൾ താണ്ടി സഞ്ചരിക്കുവാൻ തുടങ്ങി. അതേ വർഷം ഇംഗ്ലീഷ് ക്ലബ്ബായ ബ്രാഡ്ഫോഡ് സിറ്റി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്കു ക്ഷണിച്ചു. ചെറിയൊരു കാലയളവിൽ ബ്രാഡ്ഫോഡിനു വേണ്ടി പന്തു തട്ടിയ ഫക്രി പക്ഷേ നിനച്ചിരിക്കാതെ ഫുടബോളിൽ നിന്നും വിരമിച്ചു. പിന്നീട് വെയിൽസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 2016ൽ ഈ ലോകത്തോടു വിടചൊല്ലി.

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി കൽക്കട്ടയിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സു കവർന്ന ഫക്രിയുടെ കഥ നമ്മെ പഠിപ്പിക്കുന്ന പാഠമിതാണ് ;

“ഫുടബോളിനെന്നല്ല ഏതൊരു കായികരംഗത്തിനും ദേശമോ മതമോ ഭാഷയോ സൃഷ്ടിക്കുന്ന അതിർ വരമ്പുകളില്ല. കളിക്കളങ്ങളാണതിന്റെ ജന്മദേശം, അവിടെ നിറയുന്ന ആവേശമാണതിന്റെ മതം, ആ ആവേശം ഗ്യാലറികളിൽ സൃഷ്ടിക്കുന്ന ആരവങ്ങളാണതിന്റെ ഭാഷ”.

Leave a comment

Your email address will not be published. Required fields are marked *