Cricket Top News

ആരാണ് മികച്ചവൻ??

August 6, 2019

author:

ആരാണ് മികച്ചവൻ??

ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ എന്നും ഏർപ്പെട്ടിട്ടുള്ള തർക്ക വിഷയമാണ് ആരാണ് ഏറ്റവും മികച്ച കളിക്കാരൻ എന്നത്. ഏറ്റവും മികച്ച കളിക്കാരൻ എന്നതിന് ഒരു കാലത്തും കൃത്യമായ ഉത്തരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആരാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ? ആരാണ് ഏറ്റവും മികച്ച ബോളർ? ആരാണ് ഏറ്റവും മികച്ച ഓൾ റൗണ്ടർ? ആരാണ് ഏറ്റവും മികച്ച ഫീൽഡർ? എന്നിങ്ങനെ കാറ്റഗറൈസ് ചെയ്ത് ഉത്തരം തേടുന്നതായിരിക്കും കുറച്ചു കൂടി എളുപ്പം. പക്ഷേ ഇതും അത്ര ഈസി അല്ല. ഇതിൽ ആരാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന ചോദ്യത്തിനാണ് ഞാൻ ഇവിടെ ഉത്തരം തേടാൻ ശ്രമിക്കുന്നത്.

മനുഷ്യ ചരിത്രം നോക്കിയാൽ ആദിമ മനുഷ്യനാണോ ഇന്നത്തെ മനുഷ്യനാണോ മിച്ചവൻ? നിങ്ങളെന്ത് ഉത്തരം തരും? ആദിമ മനുഷ്യനായിരുന്നു മികച്ചവൻ എന്ന് ഉത്തരം തരികയാണെൻകിൽ ഞാൻ അതിനോട് യോജിക്കില്ല. കാരണം അന്ന് മനുഷ്യനുണ്ടായിരുന്ന കഴിവിനെക്കാൾ ഇന്ന് മനുഷ്യന് കഴിവുണ്ട്. കാലാകാലങ്ങളിൽ പരിണമിച്ച് ആർജിച്ചെടുത്ത കഴിവുകളാണ് അതൊക്കെ. ഒരു ആദിമ മനുഷ്യനെ അതേ പടി ഈ കാലത്തിലേക്ക് കൊണ്ട് വന്നാൽ അയാൾക്ക് ഇവിടെ അതിജീവിക്കാനാവില്ല. അതിനുദാഹരണമാണ് ആൻഡമാൻ സെന്റിനൽ ദ്വീപിലെ ആദിവാസികൾ. അവർക്ക് നമ്മുടെ ഇടയിലുള്ള വയറൽ ഫീവർ പോലും അതിജീവിക്കാനാവില്ല എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നത്തെ മനുഷ്യനെ ആദിമ കാലഘട്ടത്തിലേക്ക് കൊണ്ട് പോയാൽ അവൻ അതിജീവിക്കും. അവന്റെ ശരീരം അതിലൂടെ ഒക്കെ പരിണമിച്ചു വന്നതാണ്.

ഇത് പോലെ തന്നെ നമുക്ക് ക്രിക്കറ്റിനെയും മനസ്സിലാക്കാം. ആരാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന ചോദ്യത്തിന് ബ്രാഡ്മാൻ എന്നും സോബേഴസ് എന്നും വിവ് റിച്ചാര്‍ഡ്സ് എന്നും ഗവാസ്കർ എന്നും സച്ചിൻ എന്നും ലാറ എന്നും കാലിസ് എന്നും പോൺടിംഗ് എന്നും വിരാട് കൊഹ്ലി എന്നും ഒക്കെ അഭിപ്രായം ഉയരും. അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അത് വരുന്നത്. ബ്രാഡ്മാന്റെ കാലത്ത് ക്രിക്കറ്റ് അറിയുന്നവർ അതിന് മുൻപുള്ള ആരുടെയെങ്കിലും പേര് പറഞ്ഞിട്ടുണ്ടാകും (രഞ്ജി ട്രോഫിക്ക് കാരണക്കാരനായ രഞ്ജിത് സിംഗിന്റെ പേരും ഉണ്ടെന്ന് തോന്നുന്നു).

ഇവിടെ നമ്മൾ കണക്കിലെടുക്കേണ്ടത് ക്രിക്കറ്റിന് സംഭവിച്ച പരിണാമമാണ്. കളിക്കാർ ആർജിച്ച കഴിവുകളാണ്. അതൊക്കെ പരിഗണിച്ചേ ഒരു നിഗമനം നടത്താവൂ. രഞ്ജിത്ത് സിംഗ് കളിച്ച ക്രിക്കറ്റ് ഒന്നും അല്ല ഇന്ന് നമ്മൾ കാണുന്ന ക്രിക്കറ്റ്. രഞ്ജിത്ത് സിംഗ് ക്രിക്കറ്റിനെയോ ബാറ്റിംഗിനെയോ കണ്ടത് പോലല്ല വിരാട് കൊഹ്ലി ക്രിക്കറ്റിനെ കാണുന്നത്. ഭയന്കരമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. അത്രയും കാലഘട്ടങ്ങൾ കടന്നു പോയി. രഞ്ജിത്ത് സിംഗിനെ ഇന്നത്തെ ഒരു ഏകദിനം കളിക്കാൻ കൊണ്ട് വന്നാൽ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടിപ്പോകും. ഗ്രൗണ്ടിന്റെ നടുവിലിറങ്ങുന്പോഴേക്കും തന്നെ അമിതമായ സമ്മർദ്ധത്തിലാകും. അതിജീവിക്കാനാകില്ല. കാലങ്ങൾക്ക് ശേഷം ക്രിക്കറ്റ് കളിച്ച ബ്രാഡ്മാന്റെയും അവസ്ഥ അത് തന്നെ ആയിരിക്കും. എന്നാൽ വിരാട് കൊഹ്ലിയെ ആ കാലത്തിലേക്ക് കൊണ്ട് പോവുക. വിരാട് ഇപ്പോൾ കളിക്കുന്നത് പോലെ തന്നെ കളിക്കും. വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ല. ഇതൊന്നും ഈ കളിക്കാരുടെ പ്രത്യേക കഴിവോ കഴിവ് കേടോ അല്ല കേട്ടോ. ക്രിക്കറ്റ് മാറിയതാണ്. മാറ്റത്തിനനുസരിച്ച് മാറിയവരാണ് ചാംപ്യൻ ആയിട്ടുള്ളത്.

ഈ പോയിന്റിലാണ് ഞാൻ സച്ചിനെ കൊണ്ട് വരുന്നത്. സച്ചിന്റെ കരിയർ നോക്കിയാൽ മൂന്ന് ക്രിക്കറ്റ് തലമുറകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. സച്ചിൻ തുടക്കത്തിൽ കളിച്ചത് 80കളിലെ താരങ്ങളുടെ കൂടെ ആണ്. 90കളിൽ ക്രിക്കറ്റിൽ വന്ന മാറ്റങ്ങളെ ഗംഭീരമായി അതിജയിച്ചു സച്ചിൻ. പിന്നീട് ട്വന്റി ട്വന്റി കൊണ്ട് വന്ന മാറ്റങ്ങളെയും സച്ചിൻ നന്നായി തന്നെ അതിജീവിച്ചു. മൂന്ന് ക്രിക്കറ്റ് തലമുറകളിലും വിരാജിക്കാൻ സച്ചിന് സാധിച്ചിരുന്നു. അതാണ് സച്ചിനെ അദ്ദേഹത്തിന്റെ സമകാലികരായ മികച്ച ബാറ്റ്സ്മാൻമാരിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒരു ഘടകം. പലരും ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് വിശേഷിപ്പിക്കുന്ന ബ്രാഡ്മാനോ സോബേഴ്സോ ഇത്തരം ഒരു ക്രിക്കറ്റ് തലമുറ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടില്ല. അത് കൊണ്ട് തന്നെ സച്ചിനെ അവരെക്കാൾ മികച്ച ബാറ്റ്സ്മാൻ ആയി തന്നെ കാണേണ്ടി വരും. അതാണ് ശരി എന്ന് തോന്നുന്നു.

ഇപ്പോൾ സച്ചിനെക്കാൾ മികച്ച ബാറ്റ്സ്മാൻ ആയി പലരും കാണുന്നത് വിരാട് കൊഹ്ലിയെ ആണ്. പക്ഷെ സച്ചിന്റെ സ്ട്രോക്ക് മെയ്കിംഗ് മികവ് കൊഹ്ലിക്ക് ഉണ്ടെന്ന് കാണാൻ കഴിഞ്ഞിട്ടില്ല. സച്ചിൻ കളിച്ചത് പോലൊരു ക്ളീൻ സ്ട്രെയ്റ്റ് ഡ്രൈവോ പാഡ്ൽ സ്വീപ്പോ കൊഹ്ലിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. റെക്കോർഡുകൾ മലയോളം ഉള്ളത് കൊണ്ടല്ല സച്ചിനെ ബാറ്റിങ് ഇതിഹാസമെന്നോ ജീനിയസെന്നോ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നോ പലരും വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ടെക്നിക്കും സ്ട്രോക്ക് മെയ്കിംഗ് മികവും കാരണവുമാണ്. നാളെ ചിലപ്പോൾ കൊഹ്ലിയോ അല്ലെങ്കിൽ വേറൊരാളോ സച്ചിനെക്കാൾ മികവ് ഈ കഴിവുകളിൽ കാണിച്ചേക്കാം. അത് വരെയും എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിൻ രമേശ് ടെണ്ടുൽക്കർ ആണ്.

ഈ പോസ്റ്റ് ഒരു തർക്കത്തിനോ സച്ചിനെ പറ്റി തള്ളി മറിക്കാനോ എഴുതിയതായി കാണരുതെന്ന് അപേക്ഷിക്കുന്നു. ഡൊണാള്‍ഡ് ബ്രാഡ്മാൻ അദ്ദേഹത്തിന്റെ കാലത്തിലെ മഹാമേരു ആയിരുന്നു. ഗാരി സോബേഴ്സിനെ പോലെ ഓൾറൗണ്ട് റെക്കോർഡുകൾ നേടിയ ഒരാൾ ഇനിയും വന്നിട്ടില്ല. അതിലൊന്നും തർക്കമില്ല. മികച്ച ബാറ്റ്സ്മാൻ ആരാണെന്ന് മനസ്സിലാക്കാൻ ഒരു ലോജിക് വിശദീകരിക്കാൻ ശ്രമിച്ചു എന്ന് മാത്രം.

Shaheen Ummalil

Leave a comment