Cricket Editorial Epic matches and incidents

ഓർമയിൽ നിറയുന്ന ഗാബ ടെസ്റ്റ്‌

July 20, 2019

author:

ഓർമയിൽ നിറയുന്ന ഗാബ ടെസ്റ്റ്‌

ടെസ്റ്റ്‌ മത്സരങ്ങൾ അന്യം നിന്നു പോകുന്നു…

രണ്ടായിരാമാണ്ടിന്റെ തുടക്കം മുതൽ ആയിരിക്കാം ഈ മുറവിളി നാം കേൾക്കാൻ തുടങ്ങുന്നത്. ഏകപക്ഷീയമായ ഹോം മത്സരങ്ങളും വിരസമായ സമനിലകളും ചേർന്നു നൽകിയ ചിത്രം. ലോകക്രിക്കറ്റിൽ ഓസ്ട്രേലിയ എന്ന ടീമിന്റെ അജയ്യമായ പടയോട്ടം കൂടിയായതോടെ ഈ വാദത്തിനു ശക്തിയേറി. 1999ൽ തുടങ്ങി ഒരു വ്യാഴവട്ടക്കാലം ലോകകിരീടം കൈവശം വയ്ക്കുകയും ടെസ്റ്റിൽ തുടർച്ചയായ വിജയങ്ങളുടെ ലോകറെക്കോർഡ് കരസ്ഥമാക്കുകയും ചെയ്‌ത ഓസീസ് പട ക്രിക്കറ്റ്‌ എന്ന ഗെയിമിനെത്തന്നെ ഏകപക്ഷീയമായ ഒന്നായി മാറ്റുകയായിരുന്നു. പല ടീമുകളുടെയും ഹോം ഗ്രൗണ്ടിൽപോലും അവരെ തച്ചുടച്ചു മുന്നേറിയ കംഗാരുക്കളുടെ ഈ അശ്വമേധത്തിനു ഒരു ഹ്രസ്വവിരാമമിടാൻ കഴിഞ്ഞത് ബാജിയുടെയും ലക്ഷ്മണിന്റെയും അമാനുഷികപ്രകടനം മൂലം ശ്രദ്ദേയമായ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം മാത്രമായിരുന്നു.

എന്തായിരുന്നു ഈ ഓസ്ട്രേലിയൻ വിജയങ്ങളുടെ മൂലകാരണം ?. ഒന്നാമൻ മുതൽ പതിനൊന്നാമൻ വരെ ഒരുപോലെ ടീമിന്റെ വിജയങ്ങളിൽ സംഭാവന നൽകുന്ന, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു യുണിറ്റ്. അതായിരുന്നു തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരതിന്റെ ആദ്യപാദത്തിലും നാം കണ്ടിരുന്ന ഓസ്ട്രേലിയൻ ടീം. ആ ടീമിന് പലപ്പോഴും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞതാകട്ടെ മികച്ച നായകൻമാർക്ക് മാത്രവും. അത്തരമൊരാളായിരുന്നു ന്യൂസിലാൻഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗ്. കളിക്കളത്തിൽ പലപ്പോഴും ഓസ്ട്രേലിയൻ ക്യാപ്റ്റൻമാരുടെ ക്ഷമയെയും സമചിത്തതയെയും പരീക്ഷിക്കാൻ ഫ്ലെമിങ്ങിനു സാധിച്ചിരുന്നു. അത്തരത്തിൽ ഒരു മത്സരമായിരുന്നു 2001ൽ നടന്ന ട്രാൻസ് ടാസ്മാൻ ടെസ്റ്റ്‌ സീരിസിലെ ആദ്യ മത്സരം. ജീവൻ നഷ്ടപ്പെട്ട ഒരു ടെസ്റ്റ്‌ മത്സരത്തെ ഒരു ട്വന്റി ട്വന്റി മത്സരത്തേക്കാൾ ആവേശകരമാക്കുകയായിരുന്നു ഫ്ലെമിങും സ്റ്റീവ് വോയും ചേർന്ന്.

ബ്രിസ്ബണിലെ ഗാബ മൈതാനം ഓസ്ട്രേലിയൻ ടീമിന്റെ ഭാഗ്യഗ്രൗണ്ട് എന്നാണ് അറിയപ്പെടുന്നത്. 1988നു ശേഷം ഇതുവരെ ഒരു ടെസ്റ്റിൽ പോലും ഗാബയിൽ ഓസ്ട്രേലിയ പരാജയം രുചിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടപ്പെടാൻ ഒരുപാടൊന്നുമില്ലാതെ തന്നെയാണ് കിവീസ് സീരിസിലെ ആദ്യ മത്സരത്തിനിറങ്ങിയത്. പതിവുപോലെ ആദ്യ ദിനം ബാറ്റിങ്ങിനെ പിന്തുണച്ചു. 224 റൺസാണ് ആദ്യ വിക്കറ്റിൽ ജസ്റ്റിൻ ലാങ്കറും മാത്യു ഹെയ്ഡനും ചേർന്ന് അടിച്ചുകൂട്ടിയത്. ഇരുവരും സെഞ്ചുറിയും പൂർത്തിയാക്കി. അതിനു ശേഷം വോ സഹോദരന്മാരും പോണ്ടിങ്ങും ഡാമിയൻ മാർട്ടിനുമടങ്ങുന്ന വിശ്വവിഖ്യാത മധ്യനിരയെ വേഗത്തിൽ തകർത്ത കിവികൾ ഓസീസിനെ 267 നു 6 എന്ന നിലയിലെത്തിച്ചുവെങ്കിലും ആദം ഗിൽക്രിസ്റ്റും ഷെയ്ൻ വോണും ചേർന്ന ഏഴാം വിക്കെറ്റ് കൂട്ടുകെട്ട കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഒന്നാം ദിവസം കളിയവസാനിപ്പിച്ചു.

ഇടക്കിടെ മഴ വില്ലനായെത്തുന്ന കാഴ്ചയ്ക്കായിരുന്നു പിന്നീടുള്ള ദിനങ്ങളിൽ ഗാബ സാക്ഷിയായത്.
രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഷെയ്ൻ വോണിനെ നഷ്ടമായെങ്കിലും ഗിൽക്രിസ്റ് കീഴടങ്ങാൻ തയ്യാറായിരുന്നില്ല. വാലറ്റക്കാരെ കൂട്ടുപിടിച്ചു പ്രത്യാക്രമണം തുടങ്ങിയ ഗില്ലി ഓസീസ് സ്കോർ നാനൂറു കടത്തി. അർദ്ധ സെഞ്ചുറി നേടിയ ബ്രെറ്റ് ലീ സെഞ്ചുറി നേടിയ ഗിൽക്രിസ്റ്റിനു മികച്ച പിന്തുണ നൽകിയതോടെ ഭൂരിഭാഗവും മഴ കവർന്നെടുത്ത രണ്ടും മൂന്നും ദിവസങ്ങളിലായി ഓസ്ട്രേലിയ 486 നു 9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മഴമൂലം നാലാം ദിനം ആദ്യ സെഷനിൽ ബൗളെർമാർക്കു ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കുകയായിരുന്നു സ്റ്റീവ് വോ ഡിക്ലറേഷനിലൂടെ ലക്ഷ്യമിട്ടത്.

സ്റ്റീവിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. പിച്ചിലെ ഈർപ്പവും മൂടിക്കെട്ടിയ അന്തരീക്ഷവും അനുകൂലമായപ്പോൾ ആദ്യ സെഷനിൽ ഓസ്ട്രേലിയൻ ബൗളർമാർ നിറഞ്ഞാടി. മൂന്നു വിക്കറ്റുകൾ നേടിയ ഗില്ലസ്പിയും ഒരു വിക്കെറ്റ് നേടിയ ബ്രെറ്റ് ലീയും ചേർന്ന് കിവീസിനെ 55നു 4 എന്ന നിലയിലേക്ക് തള്ളിയിട്ടു. വീണ്ടും മഴ രസം കൊല്ലിയായെങ്കിലും നാഥൻ ആസിലും മാക്‌മില്ലനും ചേർന്ന് സ്കോർബോർഡ് ചലിപ്പിക്കാൻ തുടങ്ങി. നാലാം ദിവസം കളി അവസാനിക്കാൻ അഞ്ചു ഓവറുകൾ മാത്രം ബാക്കിനിൽക്കെ മാക്‌മില്ലൻ പുറത്താകുമ്പോൾ ന്യൂ സിലണ്ടിന് ഫോളോ ഓൺ ഒഴിവാക്കാൻ 140 റൺസ് കൂടി വേണമായിരുന്നു.

ഒരുദിവസം മാത്രം കളി ശേഷിക്കുമ്പോൾ ന്യൂസിലണ്ടിന്റെ പതിനഞ്ചു വിക്കറ്റുകൾ നേടുകയെന്നത് ഓസീസിനും ഓസ്ട്രേലിയയെ രണ്ടാമതും ബാറ്റ് ചെയ്യിക്കുക എന്നത് കിവീസിനും ഏതാണ്ട് അപ്രാപ്യമായിരുന്നു. വിരസമായൊരു സമനില തന്നെ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഫ്ലെമിങ് ചിലതു തീരുമാനിച്ചുറപ്പിച്ചിരുന്നു. അഞ്ചാം ദിവസത്തിൽ സ്കോർകാർഡ് വേഗത്തിൽ ചലിപ്പിച്ച നാഥൻ ആസിലും ക്രിസ് കൈൻസും ചേർന്ന് സ്കോർ 200 കടത്തി. ഫോളോ ഓൺ കടമ്പ കടക്കുന്നതിനു തൊട്ടരികെ ഇരുവരും പുറത്തായെങ്കിലും വെറ്റോറിയും ദിയോൻ നാഷും ചേർന്ന് ന്യൂസിലൻഡ് ടോട്ടൽ ഫോളോ ഓൺ ടാർഗറ്റ് കടത്തി.

പൊടുന്നനെയാണ് ഫ്ലെമിംഗ് ആ തീരുമാനമെടുത്തത്, ഓസീസ് സ്കോറിന് 199 റൺസ് അകലെ രണ്ടു വിക്കറ്റ് ശേഷിക്കെ ഒരു ഡിക്ലറേഷൻ. സ്റ്റീവ് വോ എന്ന നായകനു മുന്നിൽ ഒരു ചോദ്യമെറിയുകയായിരുന്നു ഫ്ലെമിങ് ആ ഡിക്ലറേഷനിലൂടെ ചെയ്തത്. സ്റ്റീവ് സധൈര്യം ആ വെല്ലുവിളി ഏറ്റെടുത്തു.
വെറും 14 ഓവറുകൾ മാത്രം ബാറ്റു ചെയ്‌ത ഓസീസ് രണ്ടു വിക്കറ്റിന് 84 എന്ന സ്‌കോറിൽ രണ്ടാമിന്നിംഗ്സ്‌ ഡിക്ലയർ ചെയ്തു. നാലാമിന്നിങ്സിൽ ന്യൂസിലണ്ടിന് ജയിക്കാൻ വേണ്ടത് 57 ഓവറുകളിൽ 284 റൺസ് !!!. വീണ്ടും പന്തു ന്യൂസിലൻഡിന്റെ കോർട്ടിൽ.

കൗശലപരമായ ആ ലക്ഷ്യത്തെ പിന്തുടരാൻ തന്നെയായിരുന്നു ഫ്ലെമിങ്ങിന്റെയും സംഘത്തിന്റെയും തീരുമാനം. അതു തന്നെയായിരുന്നു സ്റ്റീവും ആഗ്രഹിച്ചത്. മികച്ച റൺ റേറ്റിൽ കിവീസ് കുതിച്ചെങ്കിലും കൃത്യ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കങ്കാരുക്കളും മത്സരത്തിൽ നിറഞ്ഞു നിന്നു. അങ്ങനെ 90 നു മൂന്നു വിക്കെറ്റ് എന്ന നിലയിൽ ക്യാപ്റ്റൻ ഫ്ലെമിങും ടെസ്റ്റ്‌ ക്രിക്കറ്റിലെ എറ്റവും വേഗതയേറിയ ഇരട്ടശതകം നേടിയ നാഥൻ ആസിലും ക്രീസിൽ ഒന്നിച്ചു. ആക്രമണോല്സുകരായ ഇരുവരും കിവീസ് സ്കോർ വേഗത്തിൽ ചലിപ്പിച്ചു. സ്കോർ 190ൽ നിൽക്കേ നാലാം വിക്കറ്റിന്റെ രൂപത്തിൽ ആസിൽ പുറത്തായതോടെ ഫ്ലെമിംഗ് സമനില ലക്ഷ്യമിടുമെന്നു എല്ലാവരും കരുതി.

പക്ഷേ ഫ്ലെമിംഗ് തോൽക്കാൻ തയ്യാറല്ലായിരുന്നു. മാക്‌മില്ലനും പരോരെക്കും മുൻപേ അദ്ദേഹം മറ്റൊരു അറ്റാക്കറായ ക്രിസ് കൈൻസിനെ ക്രീസിലെത്തിച്ചു. ഫലമോ വീണ്ടും റണ്ണൊഴുക്ക്. പക്ഷേ ഇതിനിടയിൽ ഫ്ലെമിങും കൂടാരത്തിൽ തിരിച്ചെത്തി. പകരമിറങ്ങിയ മാക്‌മില്ലനും കൈൻസും ചേർന്ന് ലക്ഷ്യം അവസാന നാലു ഓവറുകളിൽ 38 റൺസിലേക്കു ചുരുക്കി. ഷെയിൻ വോണിന്റെ അടുത്ത ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് നേടിയതോടെ ന്യൂസിലാൻഡിനു ജയിക്കാൻ മൂന്നു ഓവറുകളിൽ 21 റൺസ്.

സ്റ്റീവിന്റെ മുഖം വിളറാൻ തുടങ്ങി. ഈ മത്സരത്തിൽ പരാജയം രുചിച്ചാൽ മാധ്യമങ്ങളുടെയും ആരാധകരുടെയും ചോദ്യങ്ങൾക്കു താനാകും മറുപടി പറയേണ്ടതെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. അദ്ദേഹം മക്ഗ്രാത്തിനു കർശന നിർദേശങ്ങൾ നൽകി. ഫലം ഓഫ്‌ സ്റ്റമ്പിന് വെളിയിൽ വൈഡിന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന മികച്ച അഞ്ചു പന്തുകൾ. ഒരു റൺ പോലും നേടാൻ ക്രീസിൽ നിന്ന മാക്‌മില്ലന് സാധിച്ചില്ല. ഇനി വേണ്ടത് 12 പന്തുകളിൽ 20 റൺസ്. ബ്രെറ്റ് ലീ എറിഞ്ഞ അടുത്ത് ഓവറിൽ കൂറ്റനടിക്കു ശ്രമിച്ച കൈൻസ് പോണ്ടിങ്ങിന്റെ ക്യാച്ചിൽ പുറത്തായതോടെ ന്യൂസിലൻഡിന്റെ വേഗം കുറഞ്ഞു. ഫലം അവസാന ഓവറിൽ ലക്ഷ്യം 15 റൺസ്.

കണിശമായ ലൈനിലും ലെങ്ങ്തിലും മക്ഗ്രാത് എറിഞ്ഞ അവസാന പന്തുകളിൽ മാക്‌മില്ലനും പരോരേക്കും നേടാനായത് കേവലം നാലു റണ്ണുകൾ മാത്രമായിരുന്നു. അതോടെ ലക്ഷ്യത്തിനു വെറും പത്തു റണ്ണുകൾക്കകലെ കിവീസിന്റെ പോരാട്ടം അവസാനിച്ചു. മത്സരം സമനിലയിലും.

“ഇവിടെ ഇരു ടീമുകളും തോറ്റിട്ടില്ല ജയിച്ചത്‌ ക്രിക്കറ്റ് മാത്രമാണ്”. പിറ്റേ ദിവസം ഇങ്ങനെയായിരുന്നു സ്പോർട്സ് മാധ്യമങ്ങളുടെ തലക്കെട്ട്. പക്ഷേ വിരസമായൊരു സമനില പ്രതീക്ഷിച്ചു ഗാബയിലെത്തിയ ചുരുക്കം കാണികൾക്കു മുന്നിൽ ജയിച്ചത്‌ ഫ്ലെമിംഗും സ്റ്റീവുമായിരുന്നു. ഒരു ചതുരംഗപ്പലകയിലെ കരുക്കൾ നീക്കുന്ന ബുദ്ധിവൈഭവത്തോടെ അവരെടുത്ത തീരുമാനങ്ങൾ അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ്‌ എന്ന ഗെയിമിനെ ജയിപ്പിക്കുകയായിരുന്നു.
വെല്ലുവിളി ഏറ്റെടുക്കാതെ പല മത്സരങ്ങളും സമനിലയിലാക്കാൻ ശ്രമിക്കുന്ന നായകന്മാരോട് അവർ പറയാതെ പറഞ്ഞു.

“നിങ്ങൾ നോ പറഞ്ഞാൽ ഇവിടേ യാതൊന്നും സംഭവിക്കില്ല മറ്റേതൊരു ദിവസവും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപ്പെടും. പക്ഷേ നിങ്ങളുടെ ഒരു യെസ് ചിലപ്പോൾ ചരിത്രമാകും വരാനിരിക്കുന്ന ഒരുപാടു പേർക്കു യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം !!!!”.

Leave a comment

Your email address will not be published. Required fields are marked *