കർണ്ണൻ.. ഫെഡറർ.. കെയിൻ വില്യംസൺ…
ചില പുഞ്ചിരികൾ മറ്റുള്ളവരുടെ മനസ്സിൽ തോരാത്ത മുറിപ്പാടുകൾ ആണ് അവശേഷിപ്പിക്കുക. എല്ലാം നേടിയെന്ന് വിജയി ആഹ്ലാദിച്ചാർമാദിക്കുമ്പോഴും പരാജിതൻ ഒരു പുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ചു വയ്ക്കും. കാലം കഴിയുന്തോറും ആ പുഞ്ചിരിയുടെ നോവ് അതിൻറെ ശോഭ വർദ്ധിപ്പിച്ച് വർദ്ധിപ്പിച്ച് അതിനെ അനശ്വരമാക്കി കളയുംഹ എന്നാൽ വിജയിയുടെ ആഹ്ലാദ പ്രകടനത്തിന്റെ ശോഭ താനേ കെട്ടടങ്ങുകയും ചെയ്യും. ഇന്നലെ കെയിൻ വില്യംസണും റോജർ ഫെഡററും അങ്ങനെ ഒന്ന് ചിരിച്ചു. ലോകത്ത് കായിക സംസ്കാരം നിലനിൽക്കുന്നിടത്തോളം കാലം ആ സന്ദർഭം ഓർത്തിരിക്കും. ഇരുന്നൂറ് ശതമാനവും വിജയം അർഹിച്ചിട്ടും പരാജയത്തിന്റെ മീറ കലർത്തിയ വീഞ്ഞ് കുടിക്കേണ്ടി വന്ന രണ്ടു മനുഷ്യപുത്രർ.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരു പോസ്റ്റർ ബോയ് ആണ്. 2008 അണ്ടർ 19 ലോകകപ്പ് മുതൽ ലോകം മുഴുവൻ സച്ചിന്റെ പിന്ഗാമി എന്ന് വാഴ്ത്തപ്പെട്ട പേര്. ആ വിശേഷണത്തോട് നീതിപുലർത്താൻ വിരാടിനെ കഴിഞ്ഞു. എന്നാൽ തൻറെ കരിയർ വിരാട് തുടങ്ങിയത് തന്നെ ഒരു സൂപ്പർസ്റ്റാർ ആയിട്ടാണ്. ഇന്ത്യക്കാർക്ക് ക്രിക്കറ്റിനോടുള്ള അമിതസ്നേഹം ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഗ്ലാമർ തലങ്ങളിൽ അദ്ദേഹത്തെ വളർത്തി. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണം പലതവണ ആവർത്തിച്ച് അദ്ദേഹം സ്വന്തമാക്കി. എന്നാൽ വിരാട് ഉയർന്നുവന്ന 2018 അണ്ടർ 19 വേൾഡ് കപ്പിൽ പല ക്രിക്കറ്റ് സ്നേഹികളുടെയും കണ്ണുടക്കിയത് മറ്റൊരു തരത്തിലായിരുന്നു കെയിൻ വില്യംസൺ എന്ന 17 കാരനിൽ. കളി മികവ് കൊണ്ടുമാത്രമല്ല, ന്യൂസിലാൻഡ് ടീമിനെ മുന്നിൽ നിന്ന് നയിച്ച ഒരു നേതാവെന്ന നിലയിൽ, സാധാരണയിലും അധികമായ പക്വത പ്രകടിപ്പിച്ച് ഗ്രൗണ്ടിൽ കളി നിയന്ത്രിച്ച വില്യംസൺ അന്നു തന്നെ അടുത്ത സ്റ്റീഫൻ ഫ്ലെമിങ് എന്ന വിളിപ്പേര് സമ്പാദിച്ചിരുന്നു. ആ വിളിപ്പേരിന് നൂറല്ല ഒരായിരം ശതമാനം നീതി പുലർത്തി വില്യംസൺ. 2016ൽ ബ്രണ്ടൻ മെക്കല്ലത്തിൻറെ കയ്യിൽ നിന്ന് ന്യൂസിലാൻഡ് ടീമിൻറെ നായകത്വം കൈനീട്ടി വാങ്ങുമ്പോൾ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിരിക്കണം വില്യംസൺ മനസ്സിൽ.

ക്രിക്കറ്റിലെ പ്രധാന വാർത്തകളിൽ ഒന്നും പെടുന്നതല്ല ന്യൂസിലാൻഡ് ടീമിൽ നടക്കുന്ന മാറ്റങ്ങൾ. ക്രിക്കറ്റ് ആരാധകരുടെ റഡാറിന് അടിയിലൂടെ പറന്ന് ന്യൂസിലാൻഡ് ടീമിനെ വില്യംസൺ വേൾഡ് കപ്പിനായി ഒരുക്കിയെടുത്തു. വില്യംസൺ ക്യാപ്റ്റനായി എത്തിയ ന്യൂസിലാൻഡ് ടീമിൽനിന്ന് ഇന്നത്തെ ന്യൂസിലാൻഡ് ടീമിൽ പ്രതിഭകളുടെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ല. ധോണിയെ “ക്യാപ്റ്റൻ കൂൾ” എന്ന് വിളിക്കാമെങ്കിൽ വില്യംസണെ “ക്യാപ്റ്റൻ ഐസ് കൂൾ” എന്നു വിളിക്കാം. ഗ്രൗണ്ട് അറിഞ്ഞ്, കളിയുടെ, കളിക്കാരുടെ, എന്തിന് ഗ്രൗണ്ടിൽ ഉണ്ടാകുന്ന ചെറുക്കാറ്റിൻറെ ചൂടറിഞ്ഞ ഫീൽഡിങ്ങും ബൗളിങ്ങും സെറ്റ് ചെയ്യുന്നതിൽ വില്യംസൺന്റെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. അദ്ദേഹത്തിന്റെ നിശബ്ദമായ നോട്ടങ്ങളുടെ അർത്ഥം തിരഞ്ഞ് താരങ്ങൾ അലഞ്ഞിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ സെമിഫൈനൽ മത്സരത്തിൽ ആദ്യ മൂന്ന് വിക്കറ്റുകൾ ന്യൂസിലാൻഡ് എങ്ങനെ എടുത്തു എന്ന് നോക്കിയാൽ അറിയാം അത്. വിജയങ്ങളിൽ അമിതമായി ആഹ്ലാദിച്ചില്ല പരാജയങ്ങൾ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ നേരിട്ടു. ക്രിക്കറ്റ് ഒരു ജെൻറിൽമാൻസ് ഗെയിം ആണ് എന്നതിന് ഒരു ഉദാഹരണം തപ്പി വേറെ എവിടെയും പോകേണ്ട കാര്യമില്ല, വില്യംസണ് നോക്കുക. ഇന്നുള്ള പല പറയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളും വില്യംസണിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

ഇന്നലത്തെ വേൾഡ് കപ്പ് ഫൈനലിന് ഇടയിൽ രസകരമായ ഒരു ട്രീറ്റ് പ്രചരിക്കുന്നുണ്ടായിരുന്നു. വിമ്പിൾഡൺ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ “കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു” എന്ന് ഐസിസിയുടെ ചോദിക്കുന്നു. അതിനു മറുപടിയായി ഐസിസി പറയുന്നത് “കാര്യങ്ങൾ സംഘർഷഭരിതമായി മുന്നേറുന്നു, ഇപ്പോൾ മറുപടി തരാൻ സമയമില്ല, പിന്നീട് കാണാം” എന്നാണ്. എന്നാൽ ഐസിസി അറിയുന്നില്ലല്ലോ വിമ്പിൾഡണിൽ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന്. ഒരു ശരാശരി കളി ആസ്വാദകൻ ഇന്നലെ സ്റ്റാർ സ്പോർട്സ് സെലക്ട് 1ഉം സെലക്ട് 2ഉം മാറി മാറി വെച്ച് തലച്ചോറ് വെള്ളമാക്കിയിട്ടുണ്ടാവും. ഈ അടുത്ത വർഷങ്ങളിൽ ഒന്നും ഇത്രയേറെ ആവേശോജ്വലമായ ഒരു കളി ദിനം ഉണ്ടായിട്ടില്ല. അതും ഒരേ സമയം ലോഡ്സിൽ വില്യംസൺന്റെ സ്വപ്നങ്ങൾക്ക് മുകളിൽ നിർഭാഗ്യം കരിനിഴൽ വീഴ്ത്തുമ്പോൾ വെറും എട്ടു മൈലുകൾക്കപ്പുറം റോജർ ഫെഡററും ഒരു ദുരന്ത കഥയിലെ നായകൻ ആവുകയായിരുന്നു.

റോജർ ഫെഡറർ, സ്ഥിരതയുടെ പര്യായം. 2003 വിംബിൾഡണിൽ തുടങ്ങിയ പോരാട്ടം ഇന്നും അഴകിന് ഒരു കുറവും തട്ടാതെ തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ പ്രായം തളർത്തിയ പോരാളി എന്ന് ലോകം ഫെഡററെ വിധിയെഴുതാൻ തുടങ്ങിയിരുന്നു ഈ വിംബിൾഡൺ തുടങ്ങുന്നതിന് മുമ്പ് വരെ. അങ്ങനെ ഒരു ടെന്നീസ് വേദിയോട് വിടപറഞ്ഞു പോകാൻ തയ്യാറല്ലാത്ത ഫെഡററെ ആണ് നമ്മൾ ഈ വിംബിൾഡണിൽ കണ്ടത്. ക്വാർട്ടറിൽ കെയ് നിഷികോരിയും സെമിയിൽ സാക്ഷാൽ റാഫേൽ നദാലും പോരാട്ടവീര്യത്തിന്റെ ചൂടറിഞ്ഞു. വ്യക്തമായ ഒരു പ്ലാനോടുകൂടിയാണ് ഫെഡറർ ഈ വിംബിൾഡണെ സമീപിച്ചത്. അത് വിജയിച്ചു എന്ന് ഇന്നലെ ഫൈനൽ വരെ തോന്നിയിരുന്നു. പ്രത്യേകിച്ച് നദാലുമായുള്ള സെമിഫൈനൽ കഴിഞ്ഞതിനുശേഷം. എന്നാൽ ഇന്നലെ അത് മറ്റൊരു ദിവസമായിരുന്നു. ഇന്നലെ ഇംഗ്ലണ്ടിൽ കഴിവിന്റെ ദേവൻ ഉറങ്ങുകയും ഭാഗ്യത്തിന്റെ ഉണർന്നിരിക്കുകയും ആയിരുന്നു. തൻറെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുംവിധം ഫെഡറർ പോരാടി. ആ പോരാട്ടം പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. രണ്ട് ചാമ്പ്യൻഷിപ്പ് പോയിൻറിൽ നിന്നുകൊണ്ട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ കളിയുടെ സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാൽ ആരും ഇങ്ങനെ ഒരു നില പ്രതീക്ഷിക്കുന്നില്ല. ലോഡ്സിൽ ബൗണ്ടറി യുടെ എണ്ണം നോക്കി വിജയിയെ തീരുമാനിച്ചെങ്കിൽ വിംബിൾഡണിൽ ഏയ്സുകളുടെ എണ്ണം നോക്കി വിജയിയെ തീരുമാനിക്കണം എന്നാണ് ഒരു വിദ്വാൻ പറഞ്ഞത്. നിങ്ങളുടെ ശ്രദ്ധയിലേക്ക് വിമ്പിൾഡൻ സ്റ്റാറ്റിസ്റ്റിക്സ് ഞാൻ കൊടുക്കുന്നുണ്ട്. നിങ്ങൾ പറ എങ്ങനെയാണ് ഫെഡറൽ തോറ്റത് എന്ന്.

ജോക്കോവിച്ചും ഇംഗ്ലണ്ട് ടീമും ഇന്നലെ കപ്പ് നേടിയെങ്കിലും കാണികളുടെ ഹൃദയം നേടിയത് ഫെഡററും ന്യൂസിലാൻഡ് ടീമും ആണ്. തൻറെ റണ്ണേഴ്സപ്പ് പ്ലേറ്റ് വാങ്ങിയതിനുശേഷം ഫെഡറർ പറഞ്ഞത് “അവിസ്മരണീയമായ ഒരു അവസരമാണ് ഞാൻ നഷ്ടപ്പെടുത്തിയത്, ഞാനിത് മറക്കാൻ ശ്രമിക്കും” എന്നാണ്. ഒരു മത്സരം തോൽക്കുക എന്നത് വിഷമകരമാണ്, എന്നാൽ തന്ടെതല്ലാത്ത കാരണത്താൽ തോൽക്കുക എന്നത് അതികഠിനവും. കെയിൻ വില്യംസണും കൂട്ടരും അങ്ങിനെ ഒരു അവസ്ഥയിലായിരുന്നു. ദുഃഖത്തിലും തല ഉയർത്തി നിന്ന് വില്യംസണെ ലോകത്തിന്റെ പ്രസിഡൻറ് ആക്കണം എന്നാണ് ചില ആരാധകർ അഭിപ്രായപ്പെട്ടത്. വില്യംസണും ഫെഡററും തോറ്റുപോയത് ഒരു കളിയിലാണ്, ഒരു ടൂർണമെൻറ് ആണ്. എന്നാൽ അവർ ജയിച്ചത് ജനഹൃദയങ്ങളിൽ ആണ്. അവർ ഇരുവരെയും വെറുക്കുന്നവർ ഇന്ന്, ഈ നിമിഷം, ഈ ലോകത്തിൽ ഉണ്ടാവില്ല എന്നതാണ് സത്യം. നിങ്ങൾ രണ്ടുപേരും ആണ് യഥാർത്ഥ നായകർ, യഥാർത്ഥ ഇതിഹാസങ്ങൾ.