2019 വിമ്പിൾഡൺ വനിതാ വിഭാഗം കലാശപ്പോരാട്ടത്തിൽ സെറീന വില്യംസ് സിമോണ ഹാലപ്പിനെ നേരിടും. സെമിഫൈനലിൽ കാര്യമായ എതിർപ്പ് ഇല്ലാതെയാണ് ഇരുവരും വിജയിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ സെറീന തൻറെ എട്ടാം വിമ്പിൾഡൺ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുക.
ഇന്നലെ നടന്ന ആദ്യ സെമിയിൽ റൊമേനിയക്കാരി ലോക ഏഴാം സീഡ് സിമോണ ഹാലപ്പ് ഉക്രൈന്റെ ലോക എട്ടാം സീഡ് എലീന സ്വിറ്റൊലീനയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി, സ്കോർ 6-1 6-3. സ്കോർ ലൈൻ കാണുന്ന പോലെ അത്ര എളുപ്പമായിരുന്നില്ല ആദ്യ നിമിഷങ്ങൾ. ആദ്യ രണ്ട് ഗെയിം പൂർത്തിയാക്കാൻ 20 മിനിറ്റ് എടുത്തു എന്ന് പറയുമ്പോൾ തന്നെ സ്വിറ്റൊലീന എത്രമാത്രം പ്രതിരോധിച്ചു നിന്നും എന്ന് മനസ്സിലാക്കാം. സിമോണയുടെ അഞ്ചാം ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനം ആയിരുന്നു ഇത്.
സെറീന വില്യംസ് സീഡ് ചെയ്യാത്ത ചെക്ക് താരം ബാർബറ സ്ട്രൈക്കോവയെ അനായാസം പരാജയപ്പെടുത്തി. 27 മിനിറ്റിൽ ആദ്യ സെറ്റ് പൂർത്തിയാക്കിയ വില്യംസിന് മത്സരം ഒരു ചടങ്ങ് തീർക്കലായിരുന്നു. സ്കോർ 6-1, 6-2. ഫൈനലിൽ സെറീന തന്നെ ആയിരിക്കും ആരാധകരുടെ ഫേവറേറ്റ്. ഇതുവരെ സിമോണയും സെറീനയും പത്തു തവണ ഏറ്റുമുട്ടിയപ്പോൾ ഒൻപതു തവണയും വിജയം സെറീനയുടെ കൂടെ ആയിരുന്നു.