വിംബിൾഡൺ വനിത വിഭാഗം ക്വാർട്ടർ ഫലങ്ങൾ
സെറീന വില്യംസ് സിമോണ ഹാലപ്പ് ബാർബറ സ്ട്രൈക്കോവ എലീന സ്വിറ്റൊലീന എന്നിവർ സെമി ഫൈനൽ ബെർത്ത് ഉറപ്പാക്കി. നാളെ നടക്കാൻ പോകുന്ന വനിതാവിഭാഗം സെമിയിൽ സെറീന വില്യംസ് സ്ട്രൈക്കോവയെയും സിമോണ ഹാലപ്പ് സ്വിറ്റൊലീനയെയും നേരിടും.
വനിതാവിഭാഗത്തിൽ ഏറ്റവും വാശിയേറിയ പോരാട്ടം സെറീന വില്യംസും ആലിസൺ റിസ്കിയും തമ്മിലായിരുന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ സെറീന ആലിസണിൽ നിന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു, സ്കോർ 6-4, 4-6, 6-3. ഈ മത്സരത്തിനുശേഷം മിക്സഡ് ഡബിൾസിൽ രണ്ടം റൗണ്ട് പോരാട്ടത്തിൽ സെറീന ആൻറി മുറെയുമായി ചേർന്ന് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ടെന്നീസിനോടുള്ള സെറീനയുടെ ഡെഡിക്കേഷൻ അതിശയിപ്പിക്കുന്നത് തന്നെയാണ്.
മറ്റു മത്സരങ്ങളിൽ സിമോണ ഹാലപ്പ് ആദ്യ സെറ്റിൽ മെല്ലെ തുടക്കത്തിനു ശേഷം ചൈനയുടെ ഷൂയീ ഴാങിനെ പരാജയപ്പെടുത്തി, സ്കോർ 7-6(7-4), 6-1. എലീന സ്വിറ്റൊലീനയുടെ എതിരാളി കരൊലീന മുക്കോവയായിരുന്നു. കരോലിന പ്ലിസ്കോവയെ പരാജയപ്പെടുത്തി എത്തിയ മുക്കോവ വലിയ വെല്ലുവിളി ഉയർത്തിയാണ് കീഴടങ്ങിയത്, സ്കോർ 7-5, 6-4. മറ്റൊരു മത്സരത്തിൽ ബാർബറ സ്ട്രൈക്കോവ ജൊഹാന കോണ്ടേയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി, സ്കോർ 7-6 (7-5), 6-1.