Tennis Top News Wimbledon

വിമ്പിൾഡൺ പ്രീക്വാർട്ടർ പോരാട്ടങ്ങളിലേക്ക്

July 7, 2019

author:

വിമ്പിൾഡൺ പ്രീക്വാർട്ടർ പോരാട്ടങ്ങളിലേക്ക്

         പതിനഞ്ചുകാരി കൊക്കോ ഗൗഫ് തൻറെ സ്വപ്ന യാത്ര തുടരുകയാണ്. സ്ലോവേനിയയുടെ പൊളോന ഹെർകോഗിനെ അതിശക്തമായ പോരാട്ടത്തിലൂടെ തോൽപ്പിച്ച് കൊക്കോ പ്രീക്വാർട്ടറിലേക്ക് കടന്നു. രണ്ടാം സെറ്റിൽ രണ്ട് മാച്ച് പോയിൻറുകളെ അതിജീവിച്ചാണ് കൊക്കോയുടെ മുന്നേറ്റം. സ്കോർ 3-6, 7-6(9-7), 7-5. സിമോണ ഹാലപ്പ്, പെട്ര ക്വിറ്റോവ കരോളിന പ്ലീസ്കോവ, എലീന സ്വിറ്റൊലീന എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ലോക ഒന്നാംനമ്പർ ആഷ്‌ലി ബാർട്ടി ബ്രിട്ടൻറെ ഹാരിയറ്റ് ഡാർട്ടിന് നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായി പരാജയപ്പെടുത്തി, സ്കോർ 6-1, 6-1. സെറീന വില്യംസും ജർമനിയുടെ ജൂലിയ ബോർഗ്മോനെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ കടന്നു. വനിതാ വിഭാഗം പ്രീ ക്വാർട്ടറിൽ ഏറ്റവും വാശിയേറിയ മത്സരം ആയി മാറുക ഏഴാം നമ്പർ സിമോൺ ഹാലപ്പും കൊക്കോ ഗൗഫും തമ്മിലുള്ള നാളത്തെ പോരാട്ടം ആയിരിക്കും.
         പുരുഷവിഭാഗത്തിൽ പ്രമുഖരെല്ലാം അനായാസമായി പ്രീക്വാർട്ടറിൽ കടന്നു.  റാഫേൽ നദാലിന് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ജോ വിൽഫ്രെഡ് സോങ്ക വളരെ അനായാസേന കീഴടങ്ങി കൊടുത്തു, സ്കോർ 6-3, 6-2, 6-2. റോജർ ഫെഡറർ ഫ്രാൻസിന്റെ ലൂക്കസ് പൗളിയിൽ നിന്ന് ചെറിയൊരു വെല്ലുവിളി നേരിട്ടെങ്കിലും നേരിട്ടുള്ള സെറ്റുകൾക്ക് തന്നെ വിജയിച്ചു, സ്കോർ 7-5, 6-2, 7-6(7-4).കെയ് നിഷികോരി, സാം കറി എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. നൊവാക് ജോക്കോവിച്ച് പോളന്റിന്റെ ഹബർട്ട് ഹർക്കെസിനോട് പ്രയാസപ്പെട്ട് ജയിച്ചപ്പോൾ (സ്കോർ 7-5, 6-7, 6-1, 6-4) റോബർട്ടോ ബാറ്റിസ്റ്റ അഗട് കാരൻ കച്ചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി (സ്കോർ 6-3, 7-6, 6-1). കൗമാര അത്ഭുതബാലൻ ഫെലിക്സ് ഓഗർ അലിയാസീം  ഫ്രാൻസിന്റെ യൂഗോ ഹംബർട്ടിനോട് തോറ്റു പുറത്തായി. ഇന്ന് വിമ്പിൾഡണിൽ വിശ്രമ ദിനമാണ്. നാളെ മുതൽ പ്രീക്വാർട്ടറുകൾ തുടങ്ങുകയാണ്. ക്വാർട്ടർ മുതൽ  വാശിയേറിയ പോരാട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
Leave a comment