വിംബിൾഡൺ നാലാം ദിനം
റോജർ ഫെഡറർ റാഫേൽ നദാൽ സെറീന വില്യംസ് അടങ്ങിയ പ്രമുഖര് അടുത്ത റൗണ്ടിലേക്ക് മുന്നേറി. എന്നാൽ ഇന്നലത്തെ പ്രധാന അട്ടിമറി ആയി നിലവിലെ വനിതാവിഭാഗം ചാമ്പ്യൻ ആൻജലീക്ക കെർബറുടെ പരാജയം. ആഷ്ലി ബാർട്ടി, പെട്ര ക്വിറ്റോവ, ജൊഹാന കോണ്ട എന്നിവരും കാര്യമായ പ്രതിരോധം ഇല്ലാതെ അടുത്ത റൗണ്ടിലേക്ക് മുന്നേറി.
ഇന്നലത്തെ ഏറ്റവും വലിയ പോരാട്ടം സെൻറർ കോർട്ടിൽ സ്പാനിയാർഡ് റാഫേൽ നദാലും ഓസ്ട്രേലിയൻ നിക്ക് കിർഗിയോസും തമ്മിലായിരുന്നു. കളിക്കു മുമ്പേ വാക്പോരിൽ തുടങ്ങിയ കിർഗിയോസിന്റെ പോരാട്ടത്തിന് റാഫേൽ നദാൽ റാക്കറ്റ് കൊണ്ട് മറുപടിപറഞ്ഞു. കളി കണ്ടവർക്ക് മനസ്സിലാകും കിർഗിയോസിന്റെ അപക്വമായ പ്രകടനങ്ങൾക്ക് എത്ര സമചിത്തതയോടും പക്വതയോടും ആണ് നദാൽ നേരിട്ടത് എന്ന്. അണ്ടർ ആം സെർവ് എന്ന വിവാദ നീക്കം വരെ കിർഗിയോസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. എങ്കിലും അതൊന്നും നദാൽ എന്ന അതികായനെ കുരുക്കാൻ പോന്നതായിരുന്നില്ല. തൻറെ നീക്കങ്ങൾ ഒന്നും നദാലിന്റെ അടുത്ത വില പോകുന്നില്ല എന്ന് കണ്ട കിർഗിയോസ് അരിശം മുഴുവൻ അമ്പയറുടെ അടുത്ത് തീർത്തു. എന്നാൽ അമ്പയർ കിർഗിയോസിന് എതിരെയുള്ള നടപടി ഒരു വാർണിംഗിൽ ഒതുക്കി. മൂന്നാം സെറ്റിലെ ഒരു സെർവ് കിർഗിയോസ് നദാലിന്റെ ശരീരം ലക്ഷ്യമാക്കി തൊടുത്തു. നദാലിനെ അത് ചൊടിപ്പിച്ചു എങ്കിലും കൂടുതൽ പ്രതികരിക്കാൻ നിൽക്കാതെ കളി മുന്നോട്ടു കൊണ്ടുപോയി, ഒടുവിൽ അനിവാര്യമായ വിജയം സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കിർഗിയോസ് നിരാശനായി പുറത്തേക്കും. സ്കോർ, 6-3, 3-6, 6-7(5-7), 6-7(3-7).
മറ്റൊരു മത്സരത്തിൽ റോജർ ഫെഡറർ ബ്രിട്ടന്റെ ജേ ക്ലാർക്കിനെ പരാജയപ്പെടുത്തി വിംബിൾഡണിലെ തൻറെ 97ആം വിജയം ആഘോഷിച്ചു, സ്കോർ 6-1, 7-6(7-3), 6-2. കെയ് നിഷികോറി ബ്രിട്ടന്റെ കാമറൂൺ നോറിയെ പരാജയപ്പെടുത്തിയപ്പോൾ മിലാസ് റാവോണിച്ച് പോർച്ചുഗലിന്റെ ജോവോ സോസയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങി.
ഇന്നലത്തെ ഏറ്റവും വലിയ ആഘാതം ആഞ്ജലിക്ക കെർബറുടെ പരാജയം ആയിരുന്നു. ഇടത്തെ കാൽ മുഴുവൻ ക്രേപ്പ് ബാൻഡുകൾ കെട്ടി പരിക്കിനെ വെല്ലുവിളിച്ചു പോരാടിയ അമേരിക്കയുടെ ലോറെൻ ഡേവിസിന് മുന്നിൽ കെർബറ്ക്ക് പിടിച്ചുനിൽക്കാനായില്ല, സ്കോർ 2-6, 6-2, 6-1. പെട്ര ക്വിറ്റോവ ഫ്രാൻസിന്റെ ക്രിസ്റ്റീന മാൾഡിനോവിച്ചിനെയും ആഷ്ലി ബാർട്ടി ബെൽജിയത്തിന്റെ അലിസൺ വാൻ ഉയ്ടാന്ക്കിനെയും പരാജയപ്പെടുത്തി. സ്ലോവേനിയയുടെ കായ യുവാൻ സെറീന വില്യംസിന് ചെറുതല്ലാത്ത ഒരു പോരാട്ടം നൽകിയാണ് പരാജയം സമ്മതിച്ചത്, സ്കോർ 2-6, 6-2, 6-4