Cricket legends Top News

മാർക്‌സ് ട്രെസ്കോതി – നീണ്ട 26 വർഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു.

July 1, 2019

മാർക്‌സ് ട്രെസ്കോതി – നീണ്ട 26 വർഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു.

വേൾഡ് കപ്പിന്റെ ആവേശത്തിനിടയിൽ ഈ ചിത്രമാണ് അദ്ദേഹം കൗണ്ടി ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എന്ന വാർത്ത മനസിലാക്കാൻ എന്നെ സഹായിച്ചത്, ഇംഗ്ലണ്ടിന് വേണ്ടി ആറു വർഷമേ അദ്ദേഹം കളിക്കളത്തിൽ ഇറങ്ങിയിരുന്നുള്ളു, പക്ഷെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചിരുന്നു മാർക്കസ് ട്രെസ്കോതിക്ക്, ക്രിക്കറ്റിനെ വൈകാരികമായി മാത്രം കണ്ടിരുന്ന ആ കുഞ്ഞു നാളിൽ എന്റെ മനസ്സിൽ ഒരു ഹീറോയുടെ പരിവേഷം സ്വന്തമാക്കിയിരുന്നു അയാൾ, 2002ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിലെ ഈഡൻ ഗാർഡനിലെ ആ ഒറ്റയാൾ പോരാട്ടം ഇന്നും ഓർമ്മകളിൽ ഇന്നലെയെന്ന പോലെ തിളങ്ങി നിൽക്കുന്നു, ഈ മുഖം എന്നെ പതിനേഴു വർഷം പിറകിലോട്ട് സഞ്ചരിപ്പിക്കുകയാണ്……...

തൊണ്ണൂറായിരത്തിന് മുകളിൽ വരുന്ന കാണികൾ , അവരുടെ ആ രാജകുമാരനും ആ ടീമിനും വേണ്ടി ഈഡൻ ഗാർഡനിൽ ആർത്തു വിളിക്കുന്ന ആ മനോഹര ദിനം, ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു എന്ന വാർത്ത അവരുടെ ആവേശം ഇരട്ടിയാക്കിയിരുന്നു, ദാദയും സച്ചിനും ഇന്ത്യക്ക് മികച്ച തുടക്കവും സമ്മാനിച്ചപ്പോൾ അവർ ഓരോ നിമിഷവും മതിമറന്നാഘോഷിച്ചു, ലഭിച്ച നല്ല തുടക്കം മധ്യനിരയിൽ ദിനേശ് മോഗിയയും,അവസാന ഓവറുകളിൽ ബദാനിയും ഭംഗിയായി പൂർത്തിയാക്കിയപ്പോൾ ഇന്ത്യ 281 റൺസും സ്വന്തമാക്കി, ആ കാലഘട്ടത്തിൽ അതൊരു വിന്നിങ് സ്കോറുമായിരുന്നു,….

സ്കോർ പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം അത്ര നല്ലതായിരുന്നില്ല അവർക്ക് നിക്ക് നൈറ്റിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായിരുന്നു, പക്ഷെ ട്രെസ്കോതിക് എന്ന ആ ആജാനബാഹു കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല, ഷോർട് പിച്ച് പന്തുകളെ മനോഹരമായി പുൾ ചെയ്തും, ഓവർ പിച്ച് ബോളുകളെ ഡ്രൈവ് ചെയ്തും അദ്ദേഹം സ്കോർ ബോർഡ് ഉയർത്തി കൊണ്ടേയിരുന്നു ഈഡനിലെ ജനങ്ങളും നിശബ്ദതയിലായി, അതെ ഇന്ത്യയുടെ ഫാസ്റ്റ് ബൗളേഴ്‌സിനെയും സ്പിന്നേഴ്‌സിനെയും ഒരർത്ഥത്തിൽ പിച്ചി ചീന്തുകയായിരുന്നു ആ രാത്രി ആ മനുഷ്യൻ, ക്രീസിൽ നിന്ന് പുറത്തേക്കിറങ്ങി ഹര്ഭജനെയും കുംബ്ലളയെയും സ്റ്റാൻഡിലേക്ക് ഉയർത്തി വിട്ട ആ കാഴ്ച്ച ഭീതിയോടെ കണ്ടിരുന്നത് ഇന്നും ഓർക്കുന്നു, കൃത്യമായ ഇടവേളകളിൽ മറുഭാഗത്തു വിക്കറ്റുകൾ നഷ്ടപെടുമ്പോഴും ഒരു ഭാഗത്തു ട്രെസ്കോതിക് പിടി തരാതെ കുതിക്കുകയായിരുന്നു. 80 ബോളുകളിൽ ആ ശതകവും അയാൾ സ്വന്തമാക്കി, ആ കാലത്ത് അതായിരുന്നു ഒരു ഇംഗ്ലീഷ് ക്രിക്കറ്റ്ററുടെ ഏറ്റവും വേഗതയാർന്ന സെഞ്ചുറി, എന്നും എതിരാളികളുടെ മികച്ച ബാറ്റിംഗ് പ്രകടനം നിശ്ശബ്ദതയോടെ കണ്ടിരുന്ന ആ ഇന്ത്യൻ ജനത അന്നദ്ദേഹത്തിന്റെ ആ സെഞ്ചുറി കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു,….

ആ ദിനം അദ്ദേഹത്തെ പുറത്താക്കാൻ ഒരു ബൗളർക്കും സാധിക്കില്ലായിരുന്നു എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അദ്ദേഹം കളിക്കളം അടക്കി വാണിരുന്നത്, 109 ബോളിൽ 121റൺസിൽ നിൽക്കേ അമ്പയറുടെ ഒരു തെറ്റായ LBW തീരുമാനം അദ്ദേഹത്തിന്റെ മനോഹര ഇന്നിങ്സിന് തിരശീല വീഴ്ത്തി, ജവഗൽ ശ്രീനാഥിന്റെ ആ ബോൾ ലെഗ് സ്റ്റമ്പിന് പുറത്തായിരുന്നു പിച്ച് ചെയ്തിരുന്നത് എന്നത് റിപ്ലയ്കളിൽ വ്യക്തമായിരുന്നു, അതെ ഒരർത്ഥത്തിൽ അന്ന് അയാളെക്രീസിൽ നിന്ന് മടക്കാൻ അതെ മാർഗമുണ്ടായിരുന്നുള്ളു, ഒരു ഹീറോയെ പോലെ അയാൾ ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങിയപ്പോൾ ഒരു ലക്ഷത്തോളം വരുന്ന ആ ജനങ്ങൾ എഴുനേറ്റ് നിന്ന് കയ്യടിച്ചു , ആ ഇന്നിംഗ്സ് അത് അർഹിച്ചിരുന്നു…

ട്രെസ്കോതികിന്റെ പുറത്താകലിന് ശേഷം ഇന്ത്യൻ ബൗളേഴ്‌സ് കളി തിരിച്ചു പിടിക്കുകയും ചെയ്തു, മത്സരത്തിന് ശേഷം നാസ്സർ ഹുസൈൻ എന്ന ഇംഗ്ലീഷ് നായകൻ മാച്ച് റെഫെറിക്ക് നിലവാരമില്ലാത്ത അമ്പയറിങ് നടത്തിയെന്നാരോപിച്ചു പരാതിയും നൽകിയിരുന്നു…

ഇന്ത്യ എന്ന സ്വന്തം രാജ്യത്തോടുള്ള അതിയായ സ്നേഹവും , സച്ചിനും ദാദയും തല താഴ്ത്തി മടങ്ങുന്നത് കാണാൻ ആഗ്രഹമില്ലാത്തതിനാലും, ആ മനുഷ്യൻ ഔട്ട് ആവാൻ ആ ദിനം ഒരുപാട് പ്രാർത്ഥിച്ചിരുന്നു, അന്നയാൾ എനിക്കൊരു വില്ലനായിരുന്നു, പക്ഷെ ഇന്ന് സ്പോർട്സ് മാൻ സ്പിരിറ്റോട് കൂടി ഓരോ കളിയും സമീപിക്കുമ്പോൾ ഞാൻ മനസിലാക്കുന്നു അന്ന് അയാൾ വില്ലനായിരുന്നില്ല ഹീറോ ആയിരുന്നെന്ന് 

Leave a comment

Your email address will not be published. Required fields are marked *