Cricket cricket worldcup legends

വസിം അക്രം – “the sultan of swing”

June 27, 2019

വസിം അക്രം – “the sultan of swing”

കളി കാണാൻ തുടങ്ങിയപ്പോഴേക്കും ആ ഇതിഹാസം അദ്ദേഹത്തിന്റെ പ്രതാപ കാലത്തിൽ നിന്നും പതുക്കെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു, 1992 വേൾഡ് കപ്പിൽ ലൂയിസിനേയും, ലാമ്പിനെയും, പുറത്താക്കിയ അദ്ദേഹത്തിന്റെ ആ മാജിക്കൽ ബോളുകളെ കുറിച്ച് പോലും പറഞ്ഞു തെന്നിരുന്നത് കുടുംബത്തിലെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന മുഖങ്ങളായിരുന്നു, അന്ന് മുതൽ ആരാധനയായിരുന്നു സ്വന്തം രാജ്യത്തിന്റെ ശത്രുരാജ്യം എന്ന നാമത്തിൽ അറിയാൻ തുടങ്ങിയ ആ പാകിസ്താനിലെ ഇതിഹാസതാരത്തോട്, ലോകം കണ്ട ഏറ്റവും മികച്ച ഇടതു കയ്യൻ പേസ് ബൗളറെന്ന് ഞാൻ വിശ്വസിക്കുന്ന വസീം അക്രത്തിനോട്…..

തന്റെ ഇന്റർനാഷണൽ അരങ്ങേറ്റത്തിന് മുന്നേ ഒരു ഫസ്റ്റ് ക്ലാസ്സ്‌ മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല,ഒരു കോളേജ് ടീമിലും അദ്ദേഹം സ്ഥാനം കണ്ടെത്തിയിരുന്നില്ല, ഗദ്ദാഫി സ്റ്റേഡിയത്തിൽ പുതിയ താരങ്ങളെ കണ്ടെത്താൻ സങ്കടിപ്പിച്ച ആ ട്രയൽ അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തെന്നെ മാറ്റിമറച്ചിരുന്നത്, അവിടെ നിന്നായിരുന്നു എല്ലാം തുടങ്ങിയിരുന്നത്…

ജാവേദ് മിയാൻദാദ് എന്ന ആ സ്ട്രീറ്റ് സ്മാർട്ട്‌ പാക് ക്രിക്കറ്റെർ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കിയിരുന്നു ആ ഇടതുകയ്യനിലെ കഴിവുകൾ, അദ്ദേഹം തെന്നെ പാക് ക്രിക്കറ്റ്‌ ബോർഡിനെ നിർബന്ധിക്കുകയും ചെയ്തു ആ താരത്തിനെ നാഷണൽ ടീമിലേക്ക് ക്ഷണിക്കാൻ, അങ്ങനെ ഒരു കോമ്പറ്റിറ്റിവ് ക്രിക്കറ്റിലും മത്സരിക്കാതെ ആ പയ്യൻ 1984 ലെ പാകിസ്താന്റെ ന്യൂസീലൻഡ് പര്യടനത്തിലെ രണ്ടാമത്തെ ഏകദിനത്തിൽ ആദ്യമായി പാക്കിസ്ഥാൻ ജേഴ്‌സി അണിഞ്ഞു, തുടർന്ന് ടെസ്റ്റ്‌ സീരിയസിലും അദ്ദേഹം ഒരു ഭാഗമായി, ഓക്ലൻഡിൽ നടന്ന തന്റെ രണ്ടാം ടെസ്റ്റിൽ തന്നെ രണ്ടു ഇന്നിങ്സിലും അഞ്ചു വിക്കെറ്റ് സ്വന്തമാക്കി മിയാൻദാദ് തന്നിലർപ്പിച്ച വിശ്വാസം ആ പയ്യൻ കാക്കുക്കയും ചെയ്തു….

പിന്നീടങ്ങോട് ആ പാകിസ്ഥാൻ നിരയിലെ സ്ഥിര സാന്നിധ്യമായിരുന്നു വസീം, ഏഷ്യയിൽ നടന്ന ആദ്യ വേൾഡ് കപ്പിൽ വസീം അക്രം പാകിസ്താനിലെ പിച്ചുകളിൽ ശെരിക്കും ബുദ്ധിമുട്ടുന്നതായിരുന്നു ക്രിക്കറ്റ്‌ ലോകം കണ്ടത്, പക്ഷെ 1992ലെ വേൾഡ് കപ്പിൽ അദ്ദേഹം എല്ലാത്തിനും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു, ഫൈനലിൽ 19 ബോളുകളിൽ നിന്ന് 33 റൺസ് നേടി പാകിസ്താന്റെ സ്കോർ 249ൽ എത്തിക്കുന്നതിൽ അദ്ദേഹം നിർണായകമായി, പിന്നീട് ബൗളിങ്ങിൽ ആദ്യം ഇയാൻ ബോതത്തെ പവിലിയനിലേക്ക് മടക്കി അയച്ച അദ്ദേഹം,ബോൾ റിവേഴ്‌സ് സ്വിങ് ചെയ്യാൻ ആരംഭിച്ചപ്പോൾ തന്റെ രണ്ടാം വരവിൽ ഇന്റർനാഷണൽ ബൗളിങ്ങിലെ തെന്നെ മികച്ച സ്പെല്ലിലൂടെ ലാമ്പിനെയും ലൂവിസിനെയും തൊട്ടടുത്ത ബോളുകളിൽ മടക്കുകയും ചെയ്തു, അത് ഫൈനലിലെ മികച്ച താരത്തിനുള്ള ബഹുമതിയും അദ്ദേഹത്തിന് സമ്മാനിച്ചു.

കൂട്ടിന് വക്കാറിനെയും ലഭിച്ചതോട് കൂടി 1990കളിൽ അവർ ഫാസ്റ്റ് ബൗളിങ്ങിനെ മറ്റൊരു ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു, അതിൽ ഒരുപാട് ബാറ്സ്മാന്മാരുടെ പ്രതിരോധം തകർത്ത ടോ ക്രഷർ യോർക്കറുകളും, വായുവിൽ ഇരുവശത്തേക്കും ചലിച്ച ഒരുപാട് സ്വിങ്ങിങ് ബോളുകളും കാണാം…

“1970 കളിൽ ഓസ്‌ട്രേലിയൻ ആരാധകർ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറഞ്ഞിരുന്നു ജെഫ് തോംസൺ നിങ്ങളെ വീഴ്ത്തിയിട്ടില്ലെങ്കിൽ ഡെന്നിസ് ലില്ലി നിങ്ങളെ വീഴ്ത്തിയിരിക്കുമെന്ന്, അത്രക്കും അപകടകരമായിരുന്നു അവരുടെ ബോളിങ് പാർട്ണർഷിപ്….. അതെ അതുപോലെ മികച്ച ഇൻസ്വിങ്ങറുകളും, ഔട്ട് സ്വിങ്ങറുകളും, റിവേഴ്‌സ് സ്വിങ്ങറുകളും തുടങ്ങിയ വൈവിധ്യങ്ങളാൽ വക്കാറും, വസീമും കളം നിറഞ്ഞാടിയ ആ കാലഘട്ടത്തിൽ പാക്കിസ്ഥാൻ ആരാധകരും പറഞ്ഞു “അക്രം നിങ്ങളെ വീഴ്ത്തിയില്ലെങ്കിൽ, വക്കാർ യൂണിയസ് അത് ചെയ്തിരിക്കുമെന്ന് “ആ കാലത്തെ ബാറ്സ്മാന്മാരുടെ പേടി സ്വപ്നമായി വളരുകയായിരുന്നു ആ സഖ്യം..

വിവാദങ്ങളും ആ കരിയറിൽ നിറഞ്ഞു നിന്നിരുന്നു 1996ലെ വേൾഡ് കപ്പ് ക്വാർട്ടർ മത്സരത്തിൽ ഇന്ത്യക്കെതിരെ പരിക്ക് മൂലം കളിക്കാതിരുന്നതൊക്കെ പാകിസ്ഥാനിൽ ഒരുപാട് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു, 1993ലെ കരീബിയൻ ടൂറിൽ ഡ്രഗ്സ് കേസിൽ ടീം അംഗങ്ങളായ അക്വിബ് ജാവേദിനെയും, മുഷ്താഖ് അഹ്മദിനോടൊപ്പം അദ്ദേഹത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു, പക്ഷെ ഇതൊന്നും കളിക്കളത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നില്ല അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും. 1992 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ 21 ആവറേജിൽ 134 മത്സരങ്ങളിൽ നിന്ന് 198 വിക്കറ്റുകൾ ആയിരുന്നു ആ ഇതിഹാസം ഏകദിന ക്രിക്കറ്റിൽ എറിഞ്ഞിട്ടിരുന്നത്.

അദേഹത്തിന്റെ കരിയറിലെ ഏറ്റവും നിരാശ നൽകിയ നിമിഷമായിരുന്നു 1999ലെ വേൾഡ് കപ്പ് ഫൈനൽ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു തന്റെ ആരാധന പാത്രമായ ഇമ്രാൻഖാൻ നൽകിയത് പോലെ ഒരു ലോക കിരീടം പാക്കിസ്ഥാൻ ജനതക്ക് നൽകാൻ, പക്ഷെ ഫൈനലിൽ ഓസ്‌ട്രേലിയയോട് തോല്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

2003 വേൾഡ് കപ്പിൽ ഫിഫ്റ്റി ഓവർ ഫോർമാറ്റിൽ 500വിക്കെറ്റ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയും അദ്ദേഹത്തെ തേടി എത്തി,2002ൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിച്ച അക്രം 2003 വേൾഡ് കപ്പിന് ശേഷം ഏകദിനത്തിൽ നിന്നും വിടപറഞ്ഞു,…..

ഇന്നും ആ കാലഘട്ടത്തിലെ മികച്ച ബാറ്റസ്മാൻമാർ തങ്ങളെ ബുദ്ധിമുട്ടിച്ച ബോളർ മാരുടെ പേര് പറയുമ്പോൾ അവർ ആദ്യം തിരിയുന്നത് അക്രത്തിന് നേരെയാവും, 2003 വേൾഡ് കപ്പിൽ തന്റെ മുപ്പത്തി ഏഴാം വയസ്സിലും അദ്ദേഹത്തിനെ എതിരാളികൾ ഒരുപാട് ബഹുമാനിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യയുടെ ഇതിഹാസ താരം സേവാഗിനെ നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് മാറ്റിയിട്ട് സ്വയം സ്ട്രൈക്ക് എടുക്കാൻ തീരുമാനിച്ച ആ നിമിഷം….
Pranav Thekkedath

Leave a comment

Your email address will not be published. Required fields are marked *