Cricket Editorial legends Top News

യു (U)… വി (We), നിങ്ങൾ ഞങ്ങളായിരുന്നു !!!.

June 10, 2019

യു (U)… വി (We), നിങ്ങൾ ഞങ്ങളായിരുന്നു !!!.

സിക്സർ കിങ് പാഡഴിക്കുമ്പോൾ….!!!!

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗ് പാഡഴിക്കുന്നു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താൻ വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക്‌ എന്നും ഒരു “രോമാഞ്ചിഫിക്കേഷൻ” ആയിരുന്നു യുവി. കാരണം മറ്റൊന്നുമല്ല 2007 ലെ ലോകകപ്പ് T20യിൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ നേടിയ എണ്ണം പറഞ്ഞ 6 സിക്സറുകൾ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർകിടയിലേക്ക് ഒരു സുനാമി തിര അടിച്ച് കയറുകയായിരുന്നു , യുവരാജ് ഒരു വികാരമാവുകയായിരുന്നു.

2007 ല്‍ ഇന്ത്യ ടി20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച യുവരാജ് സിങ് 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരീസും ആയിരുന്നു. 362 റണ്സും 15 വിക്കറ്റുകളുമടക്കം 4 കളിയിലെ കേമൻ പട്ടവും യുവി സ്വന്തമാക്കിയിരുന്നു ഈ ടൂർണമെന്റിൽ.

2011 ലോകകപ്പിനുശേഷം ശ്വാസകോശ അര്‍ബുദ ബാധിതനായ യുവി കളത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും രോഗത്തെ തോല്‍പ്പിച്ച്‌ തിരിച്ചെത്തിയ താരം വീണ്ടും ക്രിക്കറ്റില്‍ സജീവമായിരുന്നു. തിരിച്ചു വരവ്‌ അവിസ്മരണീയമായിരുന്നുവെങ്കിലും പിന്നീട് ഫോം നിലനിർത്താൻ കഴിഞ്ഞില്ല.

40 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 3 സെഞ്ച്വറി അടക്കം 1900 റണ്സും 304 ഏകദിനങ്ങളിൽ നിന്നും 14 സെഞ്ചുറി അടക്കം 8701 റണ്സും യുവിയുടെ സമ്പാദ്യമാണ്. ഏകദിനത്തിൽ 111 വിക്കറ്റുകളും 94 ക്യാച്ചുകളും നേടിയിട്ടുണ്ട്. കൂടാതെ 58 T20 മത്സരത്തിൽ നിന്നും 1177 റണ്സും 28 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കിയാണ് യുവി പടിയിറങ്ങുന്നത്. ഇന്നും ഇന്ത്യൻ ടീമിന്റെ ചോദ്യചിഹ്നമാണ് നാലാം നമ്പറിൽ ആര് എന്നത്. ഒരിക്കൽ യുവിയുടെ കൈയിൽ ഭദ്രമായിരുന്നു ഈ സ്ഥാനം എന്നതും 2013ന് ശേഷം ഇത് അനാഥപെട്ടു എന്നതും ഈ അവസരത്തിൽ സ്മരിക്കാം. സെവാഗ് , ഗംഭീർ തുടങ്ങിയ പ്രഗൽഭരായ താരങ്ങളെ പോലെ ഒരു വിടവാങ്ങൽ മത്സരംപോലും ലഭിക്കാതെയാണ് യുവിയും കളമൊഴിയുന്നത് എന്നത് ആശങ്കകൾ ബാക്കിവെക്കുന്നു. ശക്തമായൊരു റിസേർവ്വ് ബെഞ്ചുള്ളത് കൊണ്ടു മാത്രം ചോദ്യം ചെയ്യപ്പെടാതെ പോകുന്ന ചില കാര്യങ്ങൾ… ഇനിയും ഈ ഗണത്തിലേക്ക് എത്ര പേർ വരുമെന്നത് കണ്ടറിയാം.
എങ്കിലും യുവി ഞങ്ങൾ താങ്കളോട് കടപ്പെട്ടിരിക്കുന്നു , 2 ലോകകപ്പുകൾ ഞങ്ങൾക്കു സമ്മാനിച്ചതിന്!!!.

Leave a comment