ലസിത് മലിംഗ – പ്രായം തളർത്താത്ത പോരാളി
കാർഡിഫ് : അന്താരാഷ്ട്ര ക്രിക്കറ്റിലെ വെറ്ററൻ കളിക്കാരിൽ പ്രത്യേകിച്ചും ബൗളർമാർക്കിടയിൽ തലയെടുപ്പുള്ള പേരാണ് ലസിത് മലിംഗ എന്ന 36 കാരനുള്ളത്. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ക്രിക്കറ്റ് ജീവിതത്തിൽ ഒട്ടേറെ കല്ലുകടികൾ നേരിടേണ്ടി വന്ന മലിംഗ ഇപ്പോൾ വീണ്ടും തന്റെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുകയാണ് കളിക്കളത്തിൽ. ക്യാപ്റ്റൻമാർ എത്ര മാറിയാലും നിർണായക ഘട്ടങ്ങളിൽ വിശ്വസ്തമായി പന്തേൽപ്പിക്കുന്നത് ഈ 36കാരനെ തന്നെയായിരിക്കും. കഴിഞ്ഞ മാസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇൻഡ്യൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, വിജയ പ്രതീക്ഷ മാറിമാറി നിന്നപ്പോഴും അവസാന ഓവറിൽ മലിംഗ പന്തുകൊണ്ട് കാണിച്ച മാജിക്കുകൊണ്ടായിരിക്കും അടുത്ത ഐപിഎൽ വരെയെങ്കിലും ക്രിക്കറ്റ് ലോകം മലിംഗയെ സ്മരിക്കുക!!!
അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലും താൻ ‘പ്രായം തളർതാത്ത പോരാളിയാണെന്ന്’ ഒരിക്കൽ കൂടി ഓര്‍മപ്പെടുത്തുകയാണ് ലസിത് മലിംഗ. അഫ്ഗാനെ , താരതമ്യേന ദുര്‍ബലർ എന്നു വിശേഷിപ്പിക്കാമെങ്കിലും സമീപകാലത്തെ ശ്രീലങ്കൻ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഇരു ടീമുകളും ഒരേ നൂലിൽ കോർത്ത മുത്തുകളാകും. ആദ്യമത്സരങ്ങളിൽ പരാജയം രുചിച്ച ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിൽ തങ്ങളുടെ പോരായ്മകൾ തുറന്നു കാട്ടുന്നതിൽ ഇരുടീമുകളും മത്സരിക്കുന്നത് കാണാമായിരുന്നു. എങ്കിലും മലിംഗയുടെ അനുഭവ സമ്പത്ത് ഏറെ ഗുണം ചെയ്ത മത്സരത്തിൽ ശ്രീലങ്ക 34 റണ്‍സിന് അഫ്ഗാനെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ 39 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ മലിംഗയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചതും അഫ്ഗാൻ വാലറ്റത്തെ കൂടാരം കയറ്റിയതും.
ഈ ലോകകപ്പിൽ ശ്രീലങ്കൻ ടീമിൽ നിന്നും ഏറെയൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും , 36 കാരനായ മലിംഗക്ക് തന്റെ അവസാന ലോകകപ്പായേക്കാനാണ് സാധ്യതകളത്രയും എന്നിരിക്കെ വിടപറയൽ അവിസ്മരണീയമാക്കാനുള്ള സുവർണ അവസരം കൂടിയാണ്. കാത്തിരുന്ന് കാണാം , തീപാറുന്ന ബൗണ്‍സറുകളും എണ്ണമറ്റ യോർക്കറുകളും പിന്നെ ബാറ്റ്സ്മാനെ കുഴക്കുന്ന സ്ലോ ബോളുകളും അനായാസം ഉപയോഗിക്കുന്ന ഈ മായാജാലക്കാരൻ കാണികൾക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന്!!!