രണ്ടു ബോളിൽ രണ്ട് വിക്കറ്റ് – കളിയുടെ ഗതി മാറ്റിയത് വഹാബ് റിയാസ്
ആകാംഷക്ക് ഒട്ടും കുറവില്ലാത്ത കളിയിൽ പാക്കിസ്ഥാൻ 14 റൺസിന് ഇംഗ്ലണ്ടിനെ തോല്പിച്ചപ്പോൾ വഹാബ് എന്ന ബൗളർ കായിക പ്രേമികളുടെ മനസ്സിൽ ഒരു ഇടം നേടിയിരിക്കുന്നു. 48 ആം ഓവർ ആയിരുന്നു വഹാബ് എന്ന ബൗളറുടെ സൗന്ദര്യവും ബുദ്ധിയും കായിക ലോകം കണ്ടത്. 6 വിക്കറ്റുകൾ വീണിട്ടും ശരാശരി 12 നു മേൽ സ്ട്രൈക്ക് റേറ്റ് വേണ്ടിയിരുന്നിട്ടും ഇംഗ്ലണ്ട് കുലുങ്ങിയിരുന്നില്ല. കാരണം മോയിൻ അലിയും ക്രിസ് വോക്സും ചേർന്ന 7 ആം വിക്കറ്റ് കൂട്ടുക്കെട്ട് 30 റൺസ് കഴിഞ്ഞിരുന്നു. കൂറ്റൻ സ്കോറുകൾക്ക് പേര് കേട്ട ട്രെന്റ് ബ്രിഡ്ജിൽ അവസാന ഓവറുകളിൽ ശരാശരി 15 റൺസിന് മേൽ പിറക്കുന്നത് വളരെ സ്വാഭാവികം. അലിയും വോക്സും വമ്പൻ അടികൾക്ക് തയ്യാറായി ഇരിക്കുന്ന നിമിഷങ്ങളും. ആ ഓവർ എറിയാൻ വന്നതാകട്ടെ അതുവരെ ആ കളിയിൽ ബൗളർമാരിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ വഹാബ് റിയാസും.
പക്ഷെ പിന്നീട് കണ്ടത് ഇ ലോകകപ്പ് കണ്ട ഏറ്റവും മികച്ച രണ്ടു ബോളുകൾ ആയിരുന്നു. ആദ്യത്തെ ഇര മോയിൻ അലി ആയിരുന്നു. ശരാശരി 140 ന് അടുത്ത ബോൾ ചെയുന്ന വഹാബ് ഒരു സ്ലോ ബോൾ എറിയുന്നു, അതും ബൗൺസർ. പകച്ചു പോയ അലി കവറിൽ ഫീൽഡ് ചെയ്യുന്ന ഫഖർ സമന് ക്യാച്ച് നൽകി മടങ്ങുന്നു. അടുത്ത ബോൾ നേരിട്ട വോക്സ്നിട്ടാകട്ടെ വളരെ വേഗതയിൽ ഒരു ഫുൾ ലെങ്ത് ബോൾ എറിയുന്നു. ആ വേഗതിയിൽ പതറിയ വോക്സ് കീപ്പറും ക്യാപ്റ്റനുമായ സർഫറാസിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ഇംഗ്ലണ്ടിന് ഒരിക്കലും മത്സരത്തിൽ തിരിച്ചു വരാനായില്ല.