Editorial Foot Ball Top News

ഒരു യുദ്ധം നിർത്തിയ കാൽപന്ത്

May 20, 2019

author:

ഒരു യുദ്ധം നിർത്തിയ കാൽപന്ത്

“ഒരു ചെറിയ ഗോളം തന്നെക്കാൾ പതിനായിരക്കണക്കിനു മടങ്ങു വ്യാസമുള്ള മറ്റൊന്നിനെ കീഴടക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ നിങ്ങൾ കാൽപന്തുകളിയുടെ യഥാർത്ഥ ആത്മാവിനെ തൊട്ടറിഞ്ഞിട്ടില്ല”.

പണ്ടാരോ ഫുടബോൾ കളിയുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ്. കോടിക്കണക്കിനു ആസ്വാദകരുടെ മനസ്സുകളിൽ ഒരു വികാരമായി ഈ പന്തുരുളാൻ തുടങ്ങിയത് എന്നു മുതലാണ്?, എന്നനായാലും ശരി ആരാധകരെ ഇത്രത്തോളം സ്വാധീനിച്ചൊരു കായിക വിനോദം വേറെയുണ്ടാകില്ല. കളിപ്രേമികളുടെ നെഞ്ചിൽ ഒരാവേശമായി പടർന്നുകയറാനും അവരുടെ മാനസികവ്യാപാരങ്ങളെപോലും നിയന്ത്രിച്ചുനിർത്താനും ആ ചെറിയ ഗോളത്തിനു സാധിക്കുന്നതും അതുകൊണ്ടാണ്.

ഘടികാരത്തിലെ സൂചികളെപ്പോലും പിടിച്ചുനിർത്തി രാവുകളെ പകലാക്കുന്ന കാൽപന്തുകളിയുടെ മായാജാലത്തിനു എത്രയധികം ഉദാഹരണങ്ങളാണ് നമുക്കു മുന്നിലുള്ളത്?. എത്രയധികം ജനങ്ങളാണ് അവരുടെ നിശ്വാസങ്ങൾ ആ പന്തിലൊളിപ്പിക്കുന്നത്?. വർഷങ്ങളായി കാറ്റലൻ ജനതയുടെ പ്രതിരോധത്തിന്റെ ശബ്ദമായി നാമതു കേൾക്കുന്നുണ്ട്, തായ്‌ലൻഡിൽ ഗുഹയിലകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥിക്കുവാൻ നമ്മെയൊന്നിപ്പിച്ചതും ആ ചെറിയ പന്തു തന്നെ. ഇങ്ങു വംഗദേശത്തിൽ ബ്രിടീഷ് അധിനിവേശത്തിനെതിരായി ഇന്ത്യൻ ജനതയുടെ ശബ്ദത്തെ ഒന്നിച്ചു നിർത്തിയ കാൽപ്പന്തിനു പറയാനുള്ളതും അതേ കഥകളായിരുന്നു.

2005 ഒക്ടോബർ 8 ഐവറി കോസ്റ്റ് എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ദിനമായിരുന്നു. സുഡാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു പരാജയപെടുത്തിയ ആഫ്രിക്കയുടെ ആനകൾ ചരിത്രത്തിലാദ്യമായി ഫുട്ബോളിന്റെ ലോകമഹായുദ്ധത്തിൽ പങ്കുചേരാൻ അർഹത നേടിയപ്പോൾ ആഭ്യന്തര യുദ്ധത്തിന്റെ ഇരുണ്ട യുഗത്തിലൂടെ കടന്നുപോയിരുന്ന ആ രാജ്യത്തിന്റെ ചരിത്രത്തിൽ അപൂർവമായി വന്നു ചേർന്ന ഒരു വെള്ളിവെളിച്ചമായിരുന്നു അത്.

മത്സരശേഷം അഭിമുഖത്തിനായി വന്ന ലോക മാധ്യമപ്രതിനിധികളെ അവരുടെ നായകൻ സിറിൽ ടോമോഡ് തങ്ങളുടെ ഡ്രസിങ് റൂമിലേക്ക്‌ ക്ഷണിച്ചു. ടീമിലെ മുഴുവൻ അംഗങ്ങളും ക്യാമറക്കണ്ണുകൾക്കു മുന്നിൽ മുട്ടുകുത്തി നിന്നു. പരസ്പരം തോളുകളിൽ കൈകോർത്തു നിന്ന അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
വിറയാർന്ന ചുണ്ടുകളോടെ അവരുടെ സൂപ്പർ താരം ദിദിയർ ദ്രോഗ്ബ അവർക്കു വേണ്ടി സംസാരിക്കുവാൻ തുടങ്ങി.

“എന്റെ പ്രിയപ്പെട്ട ഐവറി കോസ്റ്റ് ജനതയേ, നമ്മുടെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒന്നുചേർന്ന ഞങ്ങൾ നിങ്ങൾക്കുവേണ്ടി അതു സാധിച്ചിരിക്കുന്നു. ലോകഫുട്ബോൾ ഭൂപടത്തിൽ നമ്മുടെ രാജ്യം ഒരു ചെറിയ സ്ഥാനം കൈവരിച്ചിരിക്കുന്ന ഈ നിമിഷത്തിൽ നിങ്ങൾ ഞങ്ങൾക്കായി ഉറപ്പു തരിക, ലോകത്തിന്റെ മുന്നിൽ ഐവറി കോസ്റ്റ് നന്മയുടെ നല്ല ഉദാഹരണമാകുമെന്ന. നിങ്ങളുടെ മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്, ദയവായി ക്ഷമിക്കുക, പരസ്പരം സ്നേഹിക്കുക, ആയുധങ്ങൾ താഴെ വയ്ക്കുക. ഇലക്ഷനുകൾ നടക്കട്ടെ നമ്മുടെ ഭാവി നമുക്ക് കൂട്ടായി തീരുമാനിക്കാം.

ജന്മനാട്ടിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അരക്ഷിതാവസ്ഥയെപ്പറ്റി ആകുലരാകുമ്പോഴും ആ സുവർണ നേട്ടം ആഹ്ലാദിക്കാതിരിക്കുവാൻ ഐവേറിയൻ താരങ്ങൾക്കു കഴിയുമായിരുന്നില്ല. പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട് അവർ ഏറ്റുപാടി.

“We want to have fun, so stop firing your guns,”

തങ്ങളുടെ വീര നായകന്മാരുടെ അപേക്ഷ നിരാകരിക്കുവാൻ ഐവേറിയൻ ജനതയ്ക്കു കഴിയുമായിരുന്നില്ല. ഇരു പക്ഷവും ഒരു മേശയ്ക്കിരുവശവുമിരുന്ന് ആദ്യമായി സമാധാനത്തിനുവേണ്ടി സംസാരിച്ചു. ഒടുവിൽ 2007ൽ നാലുവർഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ചതായി പ്രസിഡന്റ്‌ ലാറെന്റ് ഗാബോ പ്രഖ്യാപിയ്ക്കുമ്പോൾ നാലായിരത്തിലധികം ജീവനുകൾ യുദ്ധം അപഹരിച്ചുകഴിഞ്ഞിരുന്നു.

“ഒരു പുതിയ ഐവറി കോസ്റ്റ് ജന്മമെടുത്തിരിക്കുന്നു” എന്നായിരുന്നു സമാധാന പ്രഖ്യാപനത്തെപ്പറ്റി ദ്രോഗ്ബയുടെ അഭിപ്രായം. പക്ഷേ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എങ്കിലും ഇരുളിലൂടെ സഞ്ചരിച്ച ഒരു രാജ്യത്തിന് അല്പനേരമെങ്കിലും ആശ്വാസം പകരാൻ, ഒരു പ്രതീക്ഷയുടെ നാളം പകരാൻ ആ ചെറിയ ഗോളത്തിനു സാധിച്ചു. കണ്ണീരുനിറഞ്ഞ മുഖങ്ങളിൽ പുഞ്ചിരി നിറച്ചുകൊണ്ട്, വറുതിയുടെ കയങ്ങളിലാണ്ട ജീവിതങ്ങളിൽ പ്രതീക്ഷയുടെ പുൽനാമ്പുകൾ വിളയിച്ചു ആ പന്തുരുളട്ടെ, ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക്.

Syam…

Leave a comment

Your email address will not be published. Required fields are marked *