ലിവർപൂൾ – അവസാനം ബാഴ്സക്ക് പറ്റിയ എതിരാളി ?
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് ബാഴ്സലോണ ക്യാമ്പ് ന്യൂവിൽ ലിവർപൂളിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30നു ആണ് മത്സരം. ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരമായിട്ടാണ് ഇതിനെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. രണ്ടു ടീമുകൾ എന്നതിനേക്കാൾ ഉപരി രണ്ടു തത്വശാസ്ത്രങ്ങൾ തമ്മിൽ, രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള പോരാട്ടമായി ഇതിനെ കാണേണ്ടി വരും.
മെസ്സിയുള്ള ബാഴ്സലോണ തന്നെയാണ് ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരികളായ ടീം. മെസ്സിയോടൊപ്പം സുവാരസും കൂട്ടീഞ്ഞോയും കൂടി ചേരുമ്പോൾ ഏതു പ്രതിരോധവും വിണ്ടു കീറും. മധ്യനിരയിലാകട്ടെ ബ്രസീലിയൻ അത്ഭുതം ആർതർ, ക്രോയേഷ്യൻ താരം റാക്കിറ്റിച്, സ്പാനിഷ് ഇതിഹാസം ബുസ്കെറ്സ് എന്നീ മൂവർ സംഘം ഏതു എതിരാളികളുടെ മുമ്പിലും ആധിപത്യം പുലർത്താൻ കഴിവുള്ള കളിക്കാരും. പീക്കെയും ലങ്ഗലേറ്റും നയിക്കുന്ന പ്രതിരോധവും സുശക്തം. ‘സ്പൈഡർമാൻ ‘ എന്ന് വിളിപ്പേരുള്ള ടെർ സ്ടാഗൻ ലോകത്തിലെ ഏറ്റവും മികച്ച ഗോളിയും. ഇത്തവണത്തെ ലാ ലീഗ കിരീടം അടിച്ച ആൽമവിശ്വാസവും കൂടി ആകുമ്പോൾ ആരും ഒന്ന് ഭയക്കും ബാഴ്സയെ.
എന്നാൽ ഇങ്ങു മാറി ഇംഗ്ലണ്ടിൽ, ജർമൻ പരിശീലകൻ യോർഗെൻ ക്ളോപ്പിന്റെ തണലിൽ ലിവർപൂൾ ഇന്ന് ആവേശകരമായ ഫുട്ബോൾ കാഴ്ച്ച വെച്ചോണ്ടിരിക്കുന്നു. എല്ലാ പൊസിഷനിലും മികച്ച കളിക്കാരെ നിരത്താൻ കെൽപ്പുള്ള ചുരുക്കം ടീമുകളിൽ ഒന്നായി അവർ മാറി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിയ അവർ ഈ സീസണിലും മിന്നും പ്രകടനമാണ് കാഴ്ച വെക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് വ്യത്യാസത്തിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് അവർ. ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിച്ചതാകട്ടെ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിച്ചിനെ അവിടെ പോയി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചിട്ടും.
ബാഴ്സയെക്കാൾ എവിടെയെങ്കിലും ലിവർപൂൾ മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിൽ അത് പ്രതിരോധത്തിൽ ആയിരിക്കും. ബ്രസീലിയൻ ഗോളി അലിസൺ ടെർ സ്ടാഗനുമായി കിടപിടിക്കുന്ന കളിക്കാരനാണ്. എന്നാൽ വാൻ ഡൈക് നയിക്കുന്ന പ്രതിരോധം ഇന്ന് ഏതു ടീമിനെയും തളക്കാൻ കെൽപ്പുള്ളവരാണ്. ഈ സീസണിൽ ഒരു കളിക്കാരനെയും തന്നെ ഡ്രിബിൽ ചെയ്തു മുന്നോട്ടു പോകാൻ അനുവദിക്കാത്ത യൂറോപ്പിലെ ഏക ഡിഫൻഡർ ആണ് വാൻ ഡൈക്. അവരുടെ യുവ വിങ് ബാക്കുകളായ റോബർട്സണും അർണോൾഡും വാൻ ഡൈകിനും മാറ്റിപ്പിനും ഒത്തിരി ആശ്വാസവും നൽകുന്നു. ഈ ചെറുപ്പക്കാരുടെ അതി വേഗതയേറിയ മുന്നേറ്റങ്ങളാണ് പലപ്പോഴും ലിവര്പൂളിനായി ഗോളുകളിൽ കലാശിച്ചിരിക്കുന്നതു. അവരുടെ വേഗം മെസ്സി പോലുള്ള പ്രതിഭകളെ തളക്കാൻ ക്ളോപ്പിനെ സഹായിക്കാന് സാധ്യത. അതിനാൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധവും അതിനാൽ ലിവര്പൂളിന്റേതാണ് എന്ന് ചിലപ്പോൾ സമ്മതിച്ചു കൊടുക്കേണ്ടി വരും.
മധ്യനിരയും സുശക്തമാണ് ലിവർപൂളിന്. ഹെന്ഡേഴ്സൺ, വൈനാൾഡാം, ഫാബിഞ്ഞോ എന്നീ മൂവർ സംഘത്തെ ഒന്നിച്ചു കളിപ്പിക്കാൻ ക്ളോപ്പിനു ടീമിന്റെ ശക്തി കാരണം പലപ്പോഴും സാധിക്കുന്നില്ല. നാബി കീറ്റ, ജെയിംസ് മിൽനെർ എന്നിവരെ പോലുള്ള കളിക്കാർ വേറെയും.
മുന്നേറ്റ നിരയിൽ സാദിയോ മാനേയുടെ ഫോം ആണ് ലിവർപൂളിന്റെ ശരണം. ഈജിപ്ഷ്യൻ മെസ്സി എന്നറിയപ്പെടുന്ന സാല, ബ്രസീലിയൻ ഫോർവേഡ് ഫിർമിഞ്ഞോ എന്നിവർ മികച്ച കളിക്കാരാണെങ്കിലും കഴിഞ്ഞ വർഷത്തെ ഫോമിലേക്ക് ഉയർന്നിട്ടില്ല. ഈ രണ്ടു കളിക്കാരുടെ ഫോം ആയിരിക്കും ഒരു പക്ഷെ കളിയുടെ ഗതിയെ നിയന്ത്രിക്കുക.
എന്നാൽ ഇതിൽ ഏറ്റവും മികച്ച ‘കളിക്കാരൻ’ ക്ളോപ്പ് ആണെന്നുള്ളതാണ് വസ്തുത. പെപ് ഗാർഡിയോളക്കു ആദ്യമായി ഒരു വെല്ലുവിളി ഉയർത്തിയ കോച്ച് ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ കളിയോടുള്ള മനോഭാവം ആണ് ലിവർപൂൾ എന്ന ഈ മനോഹര ടീം. തക്ക സമയത്തു തന്ത്രങ്ങൾ മെനയാനും മാറ്റാനുമുള്ള ക്ളോപ്പിന്റെ കഴിവിനെ ആയിരിക്കും ബാഴ്സ ഏറ്റവും കൂടുതൽ ഭയക്കുക. പ്രത്യേകിച്ച് പറയാൻ പറ്റിയ ‘സൂപ്പർ സ്റ്റാർസ്’ ഒന്നുമില്ലാതെ ലിവർപൂളിന് കൊണ്ട് ഇതുപോലെ കളിപ്പിക്കുന്ന ‘ക്ളോപ്പേട്ടനാണ്’ കളിപന്തിന്റെ കുതിരപ്പവൻ. ബാഴ്സയുടെ ടിക്കി ടാക്കയെ മറികടക്കാൻ പറ്റിയ ആക്രമണ ശാസ്ത്രമാണ് ക്ളോപ്പിന്റെ കേളീശൈലി.
2007 ൽ ഇരു ടീമുകളും കണ്ടു മുട്ടിയപ്പോൾ വിജയം ലിവർപൂളിന്റെ കൂടെ നിന്ന്. ചരിത്രം ആവർത്തിക്കാൻ ലിവർപൂളും ലോകത്തെ വെല്ലുവിളിക്കാൻ മെസ്സിയുടെ കൂട്ടരും തുനിയും എന്ന് തീർച്ച.ഏതായാലും ഫുട്ബോൾ കണികൾക്കായി ഈ വർഷം ഒരുക്കി വെച്ച ഏറ്റവും മനോഹരമായ വിരുന്നായി ഈ കളി മാറട്ടെ എന്ന് നമ്മുക്ക് ആഗ്രഹിക്കാം.