Foot Ball Top News

പ്രീമിയർ ലീഗ് :ആർസെനലിനു ഞെട്ടിക്കുന്ന തോൽവി

April 22, 2019

author:

പ്രീമിയർ ലീഗ് :ആർസെനലിനു ഞെട്ടിക്കുന്ന തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ആർസെനലിനു അപ്രതീക്ഷിത തോൽവി. സ്വന്തം ഗ്രൗണ്ടായ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു ഗണ്ണേഴ്സിനെ തകർത്തത്. ആര്സെനലിന്റെ ടോപ് 4 ഫിനിഷ് എന്ന ലക്ഷ്യത്തിനു കനത്ത തിരിച്ചടി ആയിരിക്കയാണ് ഈ തോൽവി.

പരിക്കും സസ്‌പെൻഷനും മൂലം സോക്രട്ടീസ്, റാംസെ, ഷാക്ക എന്നിവരുടെ അഭാവത്തിൽ ദുർബലമായ മധ്യനിരയും പ്രതിരോധവുമായാണ് ഗണ്ണേഴ്‌സ്‌ കളത്തിലിറങ്ങിയത്. അത് പരമാവധി ക്രിസ്റ്റൽ പാലസ് താരങ്ങൾ മുതലെടുക്കുകയും ചെയ്തു. സാഹയുടെ നേതൃത്വത്തിൽ ആർസെനാൽ പ്രതിരോധത്തെ കീറിമുറിച്ചു പലതവണ അവർ അപകടം വിതറി. 17-ആം മിനുട്ടിൽ അവരതിൽ ലക്ഷ്യം കാണുകയും ചെയ്തു. ബോക്സിലേക് വന്ന ഫ്രീകിക്ക് മാർക്ക്‌ ചെയ്യപ്പെടാതെ നിന്ന ബെന്റകെ അനായാസം ഹെഡ് ചെയ്തു വലയിലെത്തിച്ചു (1-0)

ഗോൾ വീണതോടെ ആർസെനാൽ ഉണർന്നു കളിച്ചു. മധ്യനിരയുടെ മങ്ങിയ പ്രകടനത്തിനിടയിലും മുന്നേറ്റ നിര ഗോളിനായി കിണഞ്ഞു ശ്രമിച്ചു. ബോക്സിനുള്ളിൽ പാലസ് താരം വാൻ ബിസ്സകയുടെ കൈയിൽ പന്ത് കൊണ്ടതിനു ആർസെനാൽ താരങ്ങൾ പെനാൽറ്റിക്കായി അപ്പീൽ ചെയ്തു. എന്നാൽ റഫറി അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ ഇവോബിയെ ഇറക്കി ആർസെനൽ കളിക്ക് വേഗംകൂട്ടി.ഫലം 47-ആം മിനുട്ടിൽ ഉജ്ജ്വല ഗോളിലൂടെ ഓസിൽ ആർസെനലിനെ ഒപ്പമെത്തിച്ചു (1-1).പിന്നീടങ്ങോട്ട് കുറച്ചു നേരം ആര്സെനലിന്റെ അധിപത്യമായിരുന്നു എന്നാൽ 61-ആം മിനുട്ടിൽ കളിയുടെ ഗതിക്കു വിപരീതമായി പാലസ് വീണ്ടും മുന്നിലെത്തി.പ്രതിരോധത്തിലെ ആര്സെനലിന്റെ തലവേദനായ മുസ്താഫിയുടെ ഒരു പിഴവ് മുതലെടുത്തു സാഹ മുന്നോട്ട് കുതിച്ചു ലെനോയെ നിസ്സഹായനാക്കി രണ്ടാം ഗോൾ നേടി(2-1). രണ്ടു ഗോൾ വീണതോടെ ആർസെനാൽ സമ്മർദ്ദത്തിലായി. സമനിലക്കു വേണ്ടിയുള്ള ആർസെനൽ ശ്രമങ്ങൾക്ക് തിരിച്ചടി ആയി 69-ആം മിനുട്ടിൽ കോർണർ കിക്കിൽ നിന്നും കിട്ടിയ ക്രോസ്സ് ഹെഡ് ചെയ്ത് മക്കാർതർ പാലസിന്റെ ലീഡുയർത്തി (3-1).

77ആം മിനുട്ടിൽ അബാമേയങ്ങ് ഒരു ഒറ്റയാൻ മുന്നേറ്റത്തിനൊടുവിൽ മികച്ചൊരു ഗോളിലൂടെ ആര്സെനലിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു   (3-2). എങ്കിലും അവസാന മിനുറ്റുകളിൽ പാലസ് പ്രതിരോധം ഉറച്ചു നിന്നു ആര്സെനലിനെതിരെ അപ്രതീക്ഷിത വിജയം നേടി.

ടോറെറ, മോൻറിയാൽ ഇവോബി എന്നിവരെ ബെഞ്ചിലിരുത്തി ക്രിസ്റ്റൽ പാലസ് പോലൊരു ടീമിനെതിരെ താരതമ്യേന വളരെ പരിചയക്കുറവുള്ള ജെങ്കിന്സണ്, മാർവോപനോസ്, എൽനേനി എന്നിവരെ ആദ്യ ഇലവനിൽ ഇറക്കിയ എമേറിയുടെ തീരുമാനം ആർസെനൽ ആരാധകർക്കിടയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി കഴിഞ്ഞു.

Leave a comment