Foot Ball Top News

ആഴ്‌സണൽ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക്

March 15, 2019

ആഴ്‌സണൽ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക്

ഫ്രഞ്ച് ക്ലബ്ബായ റെനൈസിനെ പരാജയപ്പെടുത്തി ആർസനൽ യൂറോപ്പാ ലീഗ് ക്വാർട്ടർ ഫൈനലിലേക്ക്. അവഞ്ചർ സീരിസിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ചിത്രം ഇന്നലെ എമിറേറ്റ്സിൽ റിലീസ് ചെയ്യപ്പെട്ടു. ബ്ലാക്ക് പാന്തർ 2. നായകൻ പിയറി എമിറിക്ക് ഔബുമയാങ്. കഴിഞ്ഞയാഴ്ച ഫ്രാൻസിൽ വച്ച് നടന്ന ഒന്നാം പാദ മത്സരത്തിൽ നേടിയ രണ്ടു ഗോളിന്റെ കടം പലിശയടക്കം മൂന്നായി തിരിച്ചു വീട്ടി ആർസനൽ മുന്നോട്ട്. സ്കോർ ആർസനൽ 3-0 റെനൈസ്.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ സൂപ്പർതാരം ഔബുമയാങ് ആർസനലിന് മുന്നിലെത്തിച്ചു. മികച്ച ഒരു ടീം ഗോളിലൂടെ. ആരോൺ റാമ്സെയും യുവതാരം ഐന്സ്ലേ-മെയ്റ്റലാന്റ നൈൽസ് എന്നിവർ ചേർന്ന് നിർമ്മിച്ചെടുത്ത ഗോൾ പോസ്റ്റിന് അകത്തേക്ക് തിരിച്ചുവിടുക എന്ന ഉത്തരവാദിത്വം മാത്രമേ ഔബുമയാങ് ഉണ്ടായിരുന്നുള്ളൂ. 10 മിനിറ്റിന് അപ്പുറം രണ്ടാം ഗോൾ നേടുമ്പോഴും അവർ മൂന്നു പേർ തന്നെയായിരുന്നു നിർമ്മാതാക്കൾ. ഇത്തവണ ഗോൾ അടിക്കണ്ട ഉത്തരവാദിത്വം നൈൽസിന് ആയിരുന്നു എന്ന് മാത്രം. ഇതോടുകൂടി അഗ്രഗേറ്ററിൽ 3-3 എന്ന തുല്യത പാലിച്ചെങ്കിലും എവേ ഗോൾ അഡ്വാന്റേജിൽ ആർസനൽ ക്വാർട്ടർ ബർത്ത് ഉറപ്പാക്കിയിരുന്നു.

വിചാരിച്ചപോലെ റെനൈസ് രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ചു എങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എങ്ങനെയും ഗോൾ അടിക്കണം എന്നുള്ള അവരുടെ സമ്മർദ്ദത്തിൽ നിന്ന് തന്റെ രണ്ടാം ഗോൾ നേടി ഔബുമയാങ് ആർസനലിന്റെ തിരിച്ചുവരവ് പൂർത്തിയാക്കി. 71 മിനിറ്റിൽ ഒരു കരിമ്പുലിയെ പോലെ കുതിച്ചു പാഞ്ഞ ഔബുമയാങിനെ തടയാൻ റെനൈസ് ഗോൾകീപ്പറിന് ആയില്ല. ഗോൾ അടിച്ച ശേഷം ബ്ലാക്ക് പാന്തർ മാസ്ക് ധരിച്ച് ഉള്ള ഔബുമയാങിന്റെ “വക്കാൻഡാ ഫോർ എവർ” സെലിബ്രേഷൻ ലോകമാധ്യമങ്ങളിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്നു. കരിമ്പുലി ആക്രമണത്തിന് ഇനിയും തയ്യാറായിക്കോളൂ എന്ന് മറ്റു ടീമുകൾക്ക് ഉള്ള ഒരു വെല്ലുവിളി ആയിരുന്നു അത്.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിട്ട് ആ പോരാട്ടവീര്യം ആർസനലിന് ഒരിക്കൽകൂടി നാണക്കേടിൽനിന്ന് രക്ഷയായി. ഒരു യൂറോപ്യൻ കപ്പോടുകൂടി തന്റെ കരിയർ അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ഇതിഹാസ ഗോൾകീപ്പർ പീറ്റർ ചെക്കിന് അർഹമായ യാത്രയയപ്പ് നൽകാൻ ആർസനൽ ക്ലബ്ബിന് സാധിക്കട്ടെ.

Leave a comment