ചാമ്പ്യൻസ് ലീഗ്, മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, ടോട്ടൻഹാം ഹോട്സ്പറിന് സമനില
ഷാക്തർ ഡോൺസ്റ്റക്കിനെ 3-0 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കുതിപ്പ് തുടങ്ങി. എന്നാൽ ഇന്നലത്തെ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പർ അനായാസമായ ഒരു വിജയം കൈവിട്ടു.
ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാകസ് പിരാസിനോട് 2-0 എന്ന് സുഖകരമായ ലീഡ് നഷ്ടപ്പെടുത്തി ആണ് ടോട്ടൻഹാം സമനില വഴങ്ങിയത്.
ഉക്രൈനിലെ മെറ്റലിസ്റ്റ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ഷാക്തർ ഡോൺസ്റ്റക്കിന് ആയില്ല. ഒന്നാം പകുതിയിൽ റിയാദ് മെഹറാസ് ഇൽകെ ഗുണ്ഡുവാൻ എന്നിവരിലൂടെ സിറ്റി ലീഡ് നേടി. രണ്ടാം പകുതിയിൽ ഗബ്രിയേൽ ജീസസ് മൂന്നാം ഗോളിലൂടെ സിറ്റിയുടെ വിജയം പൂർണ്ണമാക്കി. ഉക്രൈൻ ക്ലബ്ബ് ഡൈനാമോ സെഗ്രേബും ആയാണ് സിറ്റിയുടെ അടുത്ത മത്സരം.
കളി പൂർണമായി ഒളിമ്പിയാകസ് പിരാസിന്റെ കൈകളിൽ ആയിരുന്നെങ്കിലും വീണുകിട്ടിയ രണ്ടു അവസരങ്ങൾ ഗോളാക്കി ടോട്ടൻഹാം വിജയിച്ചു എന്ന് കരുതിയതായിരുന്നു. എന്നാൽ ശക്തമായ തിരിച്ചുവരവ് ലൂടെ ഒളിമ്പിയാകസ് സമനില പിടിച്ചു വാങ്ങുകയായിരുന്നു. പതിവുപോലെ ഹാരി കെയിൻ ഇപ്രാവശ്യവും ടോട്ടൻഹാം പ്രതീക്ഷ തെറ്റിച്ചില്ല. ആദ്യ ഗോൾ പെനാൽറ്റിയിലൂടെ സമ്പാദിച്ചു. ഒട്ടും വൈകാതെ തന്നെ ലൂക്കോസ് മോറ രണ്ടാം ഗോൾ നേടി ടോട്ടൻഹാമിനെ സുരക്ഷിതമായ ഒരു ലീഡിൽ എത്തിച്ചു. എന്നാൽ ഒന്നാം പകുതി അവസാനിക്കുംമുമ്പ് ഡാനിയേൽ പോഡൻസ് ഒരു ഗോൾ മടക്കി ഒളിമ്പിയാകസ് അൽപം ആശ്വാസം പകർന്നു. രണ്ടാംപകുതിയിൽ പെനാൽറ്റിയിലൂടെ വെറ്ററൻ താരം മത്തെയൂ വാൽഭുവെന ഒളിമ്പിയാകസിന്റെ സമനില ഗോൾ നേടുകയും ചെയ്തു. ഗ്രൂപ്പിൽ ബയേൺ മ്യൂണിക് ആണ് നിലവിലെ നേതാക്കൾ. ടോട്ടൻഹാം ഇനി ബയേണിനെയാണ് നേരിടുന്നത്.






































