പ്രതിരോധം പാളി, ആർസെനലിനെ തളച്ചു വാട്ട്ഫോഡ്
അബാമേയാങ്ങിന്റെ ഇരട്ട ഗോൾ പ്രകടനം ഉണ്ടായിട്ടും വിജയം നേടാനാകാതെ പ്രീമിയർ ലീഗിൽ ആർസെനലിനു തുടരെ രണ്ടാം സമനില. വാട്ട്ഫോർഡിന്റെ തട്ടകമായ വിക്കറേജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ ഗണ്ണേഴ്സ് ഡിഫെൻസിന്റെ പോരായ്മ മുതലെടുത്തു ഗംഭീര തിരിച്ചു വരവ് നടത്തിയാണ് ആതിഥേയർ ഗണ്ണേഴ്സിനെ തളച്ചത്. സ്കോർ 2-2. ആദ്യ പകുതിയിൽ ഗണ്ണേഴ്സ് അബാമേയങ്ങ് നേടിയ ഇരട്ട ഗോളുകളിൽ 2-0എന്ന നിലക്ക് മുന്നിട്ടു നിൽക്കുകയായിരുന്നു.
മത്സരത്തിൽ തുടക്കത്തിലേ തന്നെ ഹോം മാച്ച് കളിക്കുന്ന വാട്ട്ഫോഡിന് മേൽ ആർസെനാൽ ആധിപത്യം നേടി. 21ആം മിനുട്ടിൽ കോലാസിനാക്കിന്റെ ശരവേഗത്തിലുള്ള നീക്കം ബോക്സിനുള്ളിൽ അബാമേയാങ് മനോഹരമായ ഫിനിഷിലൂടെ ആര്സെനലിന്റെ ലീഡ് നേടി. അധികം വൈകാതെ 32ആം മിനുറ്റിൽ മൈറ്റ്ലാൻഡ് നൈല്സ് നൽകിയ ക്രോസ്സ് അനായാസം വലയിലെത്തിച്ചു ആബ തന്റെ രണ്ടാം ഗോൾ നേടി.
എന്നാൽ ഇടവേളക്ക് ശേഷം മറ്റൊരു വാട്ട്ഫോഡിനെയാണ് വിക്കറേജ് സ്റ്റേഡിയത്തിൽ കണ്ടത്. നിരന്തരം ആർസെനാൽ ബോക്സിൽ ആക്രമണം നടത്തി ഗണ്ണേഴ്സ് ഡിഫെൻസിൽ അവർ പരിഭ്രാന്തി സൃഷ്ടിച്ചു. അതിനു 53ആം മിനുട്ടിൽ ഫലവും കിട്ടി. ബാക്കിൽ നിന്നും സോക്രട്ടീസിന്റെ അലസമായ പാസ്സ് പിടിച്ചെടുത്തു ഡീലേഫു ക്ലെവർലിക്ക് നൽകുമ്പോൾ അത് അനായാസം വലയിലെത്തിക്കുക എന്ന ദൗത്യമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരു ഗോൾ വീണ ശേഷം വാട്ട്ഫോഡ് കൈ മെയ് മറന്നു കളിച്ചു. ആർസെനൽ കോച്ച് എമേറിയുടെ അബദ്ധജടിലമായ ചില സബ്സ്റ്റിറ്റിയൂഷനും വാറ്റ്ഫോഡിനെ സഹായിച്ചു. മിഡ്ഫീൽഡിൽ മികച്ച രീതിയിൽ കളി നെയ്ത ഒസീലിനെയും സെബാലിസിനേം പിൻവലിച്ചു നെൽസനെയും വില്ലൊക്കിനെയും ഇറക്കിയത് ആര്സെനലിന്റെ താളം തെറ്റിച്ചു. ഇത് മുതലെടുത്തു വാറ്റ്ഫോഡ് താരങ്ങൾ ആർസെനാൽ ഡിഫെൻസിനെ പലതവണ പരീക്ഷിച്ചു. 80ആം മിനുട്ടിൽ ബോക്സിനുള്ളിൽ ലൂയിസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി പെരേര വാറ്റ്ഫോഡിനെ ഒപ്പമെത്തിച്ചു. അവസാന നിമിഷങ്ങളിൽ വിജയത്തിനായി വാറ്റ്ഫോഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും സ്കോർ തുല്യതയിൽ അവസാനിച്ചു.
ഹോൾഡിങ്, ടിർണി, ബെല്ലെറിൻ എന്നിവർ പൂർണ ഫിറ്റ്നസ്സിൽ ഇതുവരെയും എത്താത്തതിനാൽ നിലവിലുള്ള ഷാക്ക, ലൂയിസ്, സോക്രട്ടീസ് എന്നിവരടങ്ങുന്ന ഡിഫെൻസ് ലൈൻ വീണ്ടും ഗോളുകൾ വഴങ്ങുന്നത് എമെറിക്ക് അടുത്ത മത്സരത്തിൽ തലവേദന സൃഷ്ടിക്കും എന്നത് ഉറപ്പ്






































