കേരളത്തിന്റെ പൈതൃകബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടി
കേരളത്തിന്റെ പൈതൃകബിംബങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. പ്രത്യേക ലോഹക്കൂട്ടില്‍ നിര്‍മ്മിക്കുന്ന ഈ കണ്ണാടിക്ക് ഭൂപ്രദേശ സൂചിക ബഹുമതിയും ലഭിച്ചിട്ടുണ്ട്. ആറന്മുളക്ഷേത്രത്തിന്റെ നിര്‍മ്മാണ സമയത്ത് ക്ഷേത്രത്തിലെ പൂജാവിളക്കുകള്‍,പൂജാപാത്രങ്ങള്‍, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനു വേണ്ടി തമിഴ്നാട്ടിലെ ശങ്കരന് കോവിലില്‍ നിന്നും ഏതാനും വിശ്വകര്‍മ കുടുംബങ്ങളെ ആറന്മുളയില് കൊണ്ടുവന്നിരുന്നു.
പിന്നീട് ജോലിയില്‍ അലസരായി തീര്‍ന്ന ഇവരുടെ ആനുകൂല്യങ്ങള്‍ രാജാവ് പിന്‍വലിച്ചു. തുടര്‍ന്ന് രാജാവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു കിരീടം നിര്‍മ്മിച്ച് അദ്ദേഹത്തിന് നല്കുവാന് അവര്‍ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികള്‍ നടത്തുമ്പോള്‍ അതിന് പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീട് അവര്‍ കണ്ണാടി നിര്‍മ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവിന് ഉപഹാരമായി ഒരു കണ്ണാടി നിര്‍മ്മിച്ചു നല്കി. ആദ്യ കാലങ്ങളില്‍ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്.






































