Aaranmula vallamkali Top News

ആറന്മുള വള്ളസദ്യയുടെ ഐതീഹ്യം എന്താണെന്ന് നമുക്ക് കാണാം

September 15, 2019

author:

ആറന്മുള വള്ളസദ്യയുടെ ഐതീഹ്യം എന്താണെന്ന് നമുക്ക് കാണാം

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കർക്കിടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്. പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്. അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.

വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് തുടക്കം കുറിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.

Leave a comment