ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ഫാന്റസിയിലെ രുചിയുള്ള ചെറുമൽസ്യങ്ങൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
കളിക്കളത്തിലെ പോരാട്ടങ്ങൾ പോലെ തന്നെ തീ പാറുന്ന പോരാട്ടങ്ങളാണ് പ്രീമിയർ ലീഗിന്റെ ഫാന്റസി പതിപ്പിലും നടക്കാറുള്ളത്. ഇന്ത്യയിലടക്കം ഇപ്പോൾ വലിയൊരു വിഭാഗം കളിപ്രേമികൾ തങ്ങളുടെ മത്സരക്കളങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. അഗുറോയും സലയും വാൻ ഡെക്കും അല്ലിസനുമൊക്കെ അവരുടെ പ്രിയ താരങ്ങളാണെങ്കിലും ചിലവാക്കാനുള്ള തുകയിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അതിർവരമ്പുകൾ മൂലം ചെറിയ തുകയിൽ ലഭിക്കുന്ന താരങ്ങളെയും അവർക്കു ടീമിലെടുക്കേണ്ടി വരുന്നു. കീശ കാലിയാക്കാതെ മികച്ച റിസൾട് തരുന്ന അത്തരം ചില താരങ്ങളെ നമുക്കു പരിചയപ്പെടാം.
1. ആരോൺ വാൻ ബിസാക്ക ( മാഞ്ചസ്റ്റർ യുണൈറ്റഡ് £5.5m)
ചിലവു കുറഞ്ഞ മികച്ച പ്രതിരോധ നിര താരം എന്നത് ഫാന്റസി ലീഗ് കളിക്കുന്നവരുടെ ഏറ്റവും ആദ്യത്തെ ഓപ്ഷൻ ആയിരിക്കും. അങ്ങനെയുള്ളവർക്കു തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും നല്ല കളിക്കാരനാണ് വാൻ ബിസാക്ക. ഇക്കൊല്ലം ക്രിസ്റ്റൽ പാലസിൽ നിന്നും മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ യുവ താരം ഓൾഡ് ട്രാഫോഡിൽ തിളങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2. ക്രെയ്ഗ് കാത്കാർട്ട് (വാട്ഫോഡ് £4.5m)
ടോപ് സിക്സിൽ വരാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ ലീഗിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ വാട്ഫോഡിന് സാധിച്ചിരുന്നു. അത്തരമൊരു ടീമിൽ നിന്നും ഇത്ര ചെറിയൊരു തുകയിൽ ലഭിക്കുന്ന കാത്കാർട് തീർച്ചയായും നിങ്ങളുടെ ഫാന്റസി ടീമിനു മുതൽക്കൂട്ടാകും.
3. റയാൻ ഫ്രേസർ ( ബേൺമൗത് £7.5 m)
കഴിഞ്ഞ സീസണിൽ ബേൺമൗത്തിന്റെ പ്രകടനം കണ്ടവർ ഒരിക്കലും ഫ്രേസറിനെ മറക്കാനിടയില്ല. കാരണം അത്രയേറെ പോയന്റുകളാണ് അദ്ദേഹം കഴിഞ്ഞ FPL സീസണിൽ നേടിയത്. കഴിഞ്ഞ സീസണിലെ ഫോം തുടരാനായാൽ തീർച്ചയായും ഈ സ്കോട്ടിഷ് താരം നിങ്ങളെ നിരാശപ്പെടുത്തില്ല.
4. ജേ റോഡ്രിഗ്സ്സ് ( ബേൺലി £6m)
ഒരിക്കൽ സതാംപ്ടണുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ജേ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഗോൾവേട്ടക്കാരിൽ മൂന്നാമതെത്തിയ ജേ ഇത്തവണ ബേൺലിയിലൂടെയാണ് പ്രീമിയർ ലീഗിലേക്കു പ്രവേശിക്കുന്നത്. ബേൺലി ഫൈനൽ ഇലവനിൽ സ്ഥിരം സാന്നിധ്യമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ജേയിൽ സൂപ്പർ താരങ്ങൾക്കു ബാക്ക് അപ്പ് തേടുന്നവർക്ക് പ്രതീക്ഷയർപ്പിക്കാം.
5. റൗൾ ജിമിനെസ് ( വോൾവ്സ് £7.5)
കഴിഞ്ഞ സീസണിലെ സ്വപ്നതുല്യ പ്രകടനത്തിനു ശേഷവും റൗളിന് താരതമ്യേന ചെറിയ തുകയാണ് ഈ സീസണിലും കൊടുത്തിരിക്കുന്നത് എന്നതു തന്നെ ഫാന്റസി ലീഗ് കളിക്കുന്നവരിൽ അദ്ഭുതം സൃഷ്ടിച്ചേക്കാം. ഇത്തവണ ടോപ് സിക്സിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വോൾവ്സ് ആശ്രയിക്കുന്നതും ഈ മെക്സിക്കൻ മുന്നേറ്റനിരക്കാരന്റെ ഗോളടി മികവിനെയായിരിക്കും.
ഇവരെക്കൂടാതെ ബേൺമൗത്തിന്റെ ഇംഗ്ലീഷ് ഫോർവേഡ് കല്ലം വിൽസൺ, വാട്ഫോഡിന്റെ ഡീലോഫ്,ആഴ്സനലിനെ റെക്കോർഡ് സൈനിങ് നിക്കോളാസ് പെപെ, ചെൽസിയുടെ ക്രിസ്ത്യൻ പുലിസിച്, ആസ്റ്റൺ വില്ലയുടെ നായകൻ ജേക് ഗ്രീലിഷ്, ജോൺ മക്കിങ് മുതലായവരും ഇക്കുറി ഫാന്റസി ലീഗിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു. സല, അഗുറോ മുതലായ വൻ സ്രാവുകൾക്കിടയിൽ ഈ ചെറുമീനുകൾ നേടുന്ന പോയന്റുകൾ മത്സരങ്ങളെ കൂടുതൽ ആവേശകരമാക്കുമെന്നത് തീർച്ച.






































