പരിക്കിൻ്റെ പിടിമുറുക്കത്തിനിടയിൽ ഫ്രാൻസ് ഇന്നിറങ്ങുന്നു; എതിരാളികൾ ഓസ്ട്രേലിയ.!
ലോകകപ്പ് എത്തിയതിൽ സന്തോഷമില്ലാത്ത ടീമുകളിൽ ഒന്നാവും ഒരുപക്ഷേ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്. കാരണം, അത്രയേറെ തിരിച്ചടികളാണ് ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് തന്നെ അവർ നേരിട്ടിരിക്കുന്നത്. സൂപ്പർ താരങ്ങളായ പോൾ പോഗ്ബ, എൻഗാളോ കാൻ്റെ, പ്രസ്നൽ കിമ്പെമ്പേ, ക്രിസ്റ്റഫർ എങ്കുങ്കു, കരീം ബെൻസീമ തുടങ്ങിയവരെ ലോകകപ്പിന് മുന്നേ തന്നെ പരിക്ക് മൂലം അവർക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് പോഗ്ബ, കാൻ്റെ, കിമ്പെമ്പെ തുടങ്ങിയവർ. ഒപ്പം ഒരിടവേളയ്ക്ക് ശേഷം ലോകകപ്പിൽ പന്തുതട്ടാൻ എത്തിയ താരമാണ് നിലവിലെ ബാലൺ ഡി ഓർ ജേതാവായ ബെൻസീമ. കൂടാതെ ആദ്യ ലോകകപ്പിനായി തയ്യാറെടുത്ത എൻകുങ്കു. ഇവരെല്ലാം തന്നെ ഫ്രഞ്ച് ടീമിൻ്റെ പ്രതീക്ഷകൾ ആയിരുന്നു. ഈയൊരു പരിക്കിൻ്റെ ഞെട്ടൽ വിട്ടുമാറും മുന്നേ അവർ ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആരംഭിക്കുന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ഓസ്ട്രേലിയ ആണ് നിലവിലെ ജേതാക്കളുടെ എതിരാളികൾ. അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഒരുപിടി മികച്ച താരങ്ങൾ പരിക്കേറ്റ് പുറത്തായെങ്കിൽ പോലും എമ്പാപ്പേ, ഗ്രീസ്മാൻ, ഡെമ്പലെ, കമവിങ്ക, ഷുവേമാനി, വരാനെ, ജിറൗഡ് തുടങ്ങിയ ഒരുപിടി ലോകോത്തര താരങ്ങൾ ഇപ്പോഴും ഫ്രഞ്ച് നിരയിലുണ്ട്. അതുകൊണ്ട് അവരെ സമ്പന്ധിച്ചിടത്തോളം ഓസ്ട്രേലിയ വലിയ വെല്ലുവിളിയല്ല. എന്തായാലും കഴിഞ്ഞ ലോകകപ്പിലെ തുടർച്ച ഇത്തവണയും കാണാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.






































