സ്വെൻ ഉൾറെയ്ച്ചുമായുള്ള കരാർ പുതുക്കി ബയേൺ.!
ജർമൻ ഗോൾകീപ്പറായ സ്വെൻ ഉൾറെയ്ച്ചുമായി ബയേൺ ധാരണയിലെത്തി. താരത്തിൻ്റെ കരാർ ബയേൺ 2024 വരെ നീട്ടിയതായി പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ അറിയിച്ചു. ഇന്ന് ആയിരുന്നു ഈയൊരു കോൺട്രാക്ട് എക്സ്റ്റൻഷൻ നടന്നത്. പുതുക്കിയ കരാർ പ്രകാരം 2024 ജൂൺ വരെയാണ് താരത്തിന് ഇനി ബയേണുമായി കരാർ ഉള്ളത്. നിലവിൽ മാനുവേൽ ന്യൂയർ ഒന്നാം ഗോൾകീപ്പറായി ടീമിൽ ഉള്ളതു കൊണ്ടുതന്നെ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് താരത്തിന് ഇതുവരെ ബയേണിൽ ലഭിച്ചിട്ടുള്ളത്. 2015ലാണ് താരം ബയേണിലെത്തുന്നത്. അതിന് ശേഷം 2020ൽ ബയേണിൽ നിന്നും ലോണിൽ പോയ താരം 2021ൽ തിരികെ ബയേണിൽ തന്നെയെത്തി. ഇതുവരെ 54 മത്സരങ്ങളിൽ ടീമിനായി ഗോൾവല കാക്കാൻ സ്വെന്നിന് കഴിഞ്ഞു.
ഈയൊരു കോൺട്രാക്ട് എക്സ്റ്റൻഷനു ശേഷം സ്വെൻ പങ്കുവെച്ച വാക്കുകളിലേക്ക് നമുക്കൊന്ന് പോകാം;
“ബയേണിൽ തുടരുവാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇത്രയും വർഷങ്ങൾ കൊണ്ട് ടീമുമായും പ്രത്യേകിച്ച് ന്യൂയറുമായും ഉള്ള സഹകരണം ഒരു പ്രത്യേക തലത്തിലേക്ക് മെച്ചപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.”
ഇതാണ് താരം തൻ്റെ കരാർ പുതുക്കിയതിന് ശേഷം മാധ്യമങ്ങളോട് പങ്കുവെച്ചത്. എന്തായാലും താരത്തിന് ബയേണിൽ താരത്തിന് ഇനിയും അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.






































