സൂറിച്ചിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ആഴ്സനൽ നോക്കൗട്ടിലേക്ക്.!
യുവേഫ യൂറോപ്പ ലീഗിൽ സ്വിസ് ക്ലബ് ആയ എഫ്.സി സൂറിച്ചുമായി നടന്ന മത്സരത്തിൽ പ്രീമിയർലീഗ് വമ്പന്മാരായ ആഴ്സനലിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. മത്സരത്തിൻ്റെ 17ആം ലെഫ്റ്റ്ബാക്ക് താരം കീറൻ ടിയേർണിയാണ് ഗണ്ണേഴ്സിനായി ഗോൾ നേടിയത്. ഈയൊരു വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് റൗണ്ട് ഓഫ് 16 ലേക്ക് കടക്കുവാൻ അർട്ടേറ്റയ്ക്കും സംഘത്തിനും സാധിച്ചു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരമായിരുന്നിട്ടും കൂടുതൽ ഗോളുകൾ നേടുവാൻ കഴിയാതിരുന്നത് മത്സരം വീക്ഷിച്ച ആരാധകർക്ക് നിരാശയായി. അതിനുള്ള അവസരങ്ങളും അവർക്ക് ലഭിച്ചതാണ്. എന്തായാലും വിജയിച്ചുകൊണ്ട് 3 പോയിൻ്റ് സ്വന്തമാക്കാൻ കഴിഞ്ഞതോടെ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. മത്സരം തോറ്റിരുന്നെങ്കിൽ ഗണ്ണേഴ്സിനെ മറികടന്ന് പി.എസ്.വി ഒന്നാം സ്ഥാനം സ്വന്തമാക്കിയേനെ. എന്തായാലും പി.എസ്.വിക്ക് ഇനി പ്ലേഓഫ് റൗണ്ട് കളിച്ച് റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടാവുന്നതാണ്. 6 മത്സങ്ങളിൽ നിന്നും 15 പോയിൻ്റ് ആണ് ആഴ്സനലിൻ്റെ സമ്പാദ്യം. അത്രയും കളികളിൽ നിന്നും കേവലം 3 പോയിൻ്റ് മാത്രം നേടാനായ സൂറിച്ച് നേരത്തെ തന്നെ പുറത്തായിരുന്നു. നോക്കൗട്ട് ഉറപ്പിച്ചിരുന്നതിനാൽ പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയായിരുന്നു അർട്ടേറ്റ ആദ്യ ഇലവനെ ഇറക്കിയത്.






































