ടോട്ടെനാമിനെ തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. എതിരില്ലാത്ത 2 ഗോളുകൾക്ക് അവർ ടോട്ടെനം ഹോട്സ്പറിനെയാണ് തകർത്തുവിട്ടത്. യുണൈറ്റഡിൻ്റെ മൈതാനമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ചെകുത്താന്മാർക്കായി ഫ്രെഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് ഗോളുകൾ നേടിയത്. കളിയിൽ ഉടനീളം ആധിപത്യം പുലർത്തിക്കൊണ്ടാണ് യുണൈറ്റഡിൻ്റെ വിജയം. ആദ്യപകുതി ഗോൾരഹിതമായിരുന്നു. ഒരുപിടി മികച്ച അവസരങ്ങൾ യുണൈറ്റഡ് തുറന്നെടുത്തിരുന്നെങ്കിലും അവയൊന്നും ഗോൾ ആക്കുവാൻ കഴിഞ്ഞില്ല. മത്സരത്തിൻ്റെ 47ആം മിനിറ്റിലാണ് ഫ്രെഡിൻ്റെ ഗോൾ വരുന്നത്. സൂപ്പർ താരം സാഞ്ചോ നൽകിയ പാസിൽ നിന്നുമാണ് ഫ്രെഡ് വലകുലുക്കിയത്. ചെറിയൊരു ഡിഫ്ലെക്ഷൻ ഉണ്ടായിരുന്നതിനാൽ ടോട്ടെനം കീപ്പർ ലോറിസിന് നിസ്സഹായനായി നിൽക്കേണ്ടിവന്നു. സ്കോർ 1-0.
69ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ യുണൈറ്റഡ് തങ്ങളുടെ ലീഡ് ഇരട്ടിപ്പിച്ചു. ഫ്രെഡിൻ്റെ ഒരു ചെറിയ ഷോട്ട് എറിക് ഡയർ ബോക്സിൽ ബ്ലോക്ക് ചെയ്തു. പന്ത് നേരെ എത്തിയത് ബ്രൂണോയുടെ കാലുകളിലേക്ക്. ഒരു 20 യാർഡ് അകലെ നിന്നുള്ള താരത്തിൻ്റെ കർവിങ് ഷോട്ട് പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് പറന്നിറങ്ങി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചതിൻ്റെ ഫലമായി മികച്ച റിസൾട്ട് ഉണ്ടാക്കി എടുക്കാൻ ടെൻ ഹാഗിനും സംഘത്തിനുമായി. സബ് ആയിട്ട് പോലും സൂപ്പർ താരം ക്രിസ്റ്റ്യാനോയെ കളത്തിലിറക്കാതിരുന്നത് വിജയത്തിനിടയിലും ആരാധകർക്ക് നിരാശയായി.
ഈ വിജയത്തോടെ 10 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് സ്വന്തമാക്കിയ യുണൈറ്റഡ് 5ആം സ്ഥാനത്ത് തുടരുകയാണ്. ഒരു മത്സരം അധികം കളിച്ച ടോട്ടെനം 23 പോയിൻ്റുമായി 3ആം സ്ഥാനത്താണ്.






































