ലാ ലിഗയിൽ റയൽ മാഡ്രിഡ് ഇന്ന് എൽച്ചെയെ നേരിടും.!
ലാ ലിഗയിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാൻ റയൽ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന മത്സരത്തിൽ അവർ എൽച്ചെയെ നേരിടും. എൽച്ചെയുടെ മൈതാനമായ മാനുവെൽ മാർട്ടിനെസ് വലേരോയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോയിൽ ബാർസലോണയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്തതിൻ്റെ ആവേശത്തിലാണ് റയൽ ക്യാമ്പ്. അതോടെ ടേബിളിൽ 3 പോയിൻ്റിൻ്റെ വ്യക്തമായ ലീഡ് സ്വന്തമാക്കുവാനും അവർക്ക് കഴിഞ്ഞിരുന്നു. നിലവിലെ റയലിൻ്റെ ഫോം പരിഗണിച്ചാൽ എൽച്ചെ അവർക്ക് ഒരു എതിരാളികളെയല്ല.
9 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റ് നേടിയ റയൽ തന്നെയാണ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്. അത്രയും മത്സരങ്ങളിൽ നിന്ന് തന്നെ കേവലം 3 പോയിൻ്റ് മാത്രമുള്ള എൽച്ചെ നിലവിൽ ടേബിളിൽ അവസാന സ്ഥാനത്താണ്. അവർ തരംതാഴ്ത്തൽ ഭീഷണിയിൽ ആണ്. അതുകൊണ്ടുതന്നെ ടേബിളിൽ മുകളിലേക്ക് കയറിക്കൊണ്ട് ലീഗിൽ തുടരണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടുതന്നെയറിയാം.






































