ബാലൺ ഡി ഓർ ബെൻസീമയ്ക്ക് തന്നെ; മറ്റ് പുരസ്കാരങ്ങളും പരിശോധിക്കാം.!
പ്രതീക്ഷകൾ ഒന്നും തെറ്റിയില്ല. ബാലൺ ഡി ഓർ ഫ്രഞ്ച് സൂപ്പർ താരം ബെൻസീമ തന്നെ സ്വന്തമാക്കി. സൂപ്പർ താരങ്ങളായ സാദിയോ മാനെ, കെവിൻ ഡിബ്രുയ്ൻ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് ബെൻസീമയുടെ ഈ നേട്ടം. കഴിഞ്ഞ സീസണിൽ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുവാൻ ബെൻസീമയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അർഹിച്ച അംഗീകാരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചിരുന്നു. റയൽ മാഡ്രിഡും ബാർസലോണയുമാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. മറ്റുള്ള പുരസ്കാരങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം;
വനിതകളുടെ ബാലൺ ഡി ഓർ ഇത്തവണയും ബാർസലോണയുടെ അലക്‌സിയ പുറ്റെല്ലാസ് സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്ക് ലഭിക്കുന്ന യാഷിൻ ട്രോഫി റയൽ താരം തിബൗട് കോർട്ടുവയാണ് നേടിയത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കിയത് ബാർസയുടെ മിഡ്ഫീൽഡർ ഗാവിയാണ്. ടോപ് സ്കോറർക്ക് ലഭിക്കുന്ന മുള്ളർ ട്രോഫി ബാർസ സൂപ്പർ താരം ലെവണ്ടോസ്കി സ്വന്തമാക്കി. ഏറ്റവും മികച്ച ക്ലബിനുള്ള പുരസ്കാരം നേടിയത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ്. ഇത്തവണ പുതുതായി വന്ന സോഷ്യൽ കമ്മിറ്റ്മെൻ്റിന് പ്രാധാന്യം നൽകുന്ന സോക്രട്ടീസ് ട്രോഫി സാദിയോ മാനെ സ്വന്തമാക്കി.






































