ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 164 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി നമീബിയ
ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 164 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി നമീബിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 163 റണ്‍സെടുക്കുകയായിരുന്നു. 28 പന്തില്‍ 44 റൺസെടുത്ത ജാന്‍ ഫ്രൈലിങ്കും 16 പന്തില്‍ പുറത്താകാതെ 31 ജെജെ സ്മിത്തുമാണ് നമീബിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
രണ്ടാം ഓവറില്‍ തന്നെ മൈക്കല്‍ വാന്‍ ലിങ്കനെ (3) നമീബിയക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ഡീവാന്‍ ല കോക്കും (9) മടങ്ങിയതോടെ നബീമിയ സമ്മർദത്തിലായി. അഞ്ചാം ഓവറിൽ 12 പന്തിൽ 20 റൺസെടുത്ത നിക്കോള്‍ ലോഫ്റ്റീ ഈറ്റണെയും നഷ്ടമായതോടെ തകർന്നടിയുമെന്ന തോന്നലാണ് ഉണ്ടായത്. നാലാം വിക്കറ്റില്‍ കൂട്ടുകെട്ടിന് നായകന് ഗെര്‍ഹാര്‍ഡ് എരാസ്മസ്-സ്റ്റീഫന്‍ ബാര്‍ഡ് സഖ്യം ശ്രമിച്ചെങ്കിലും വനിന്ദു ഹസരംങ്ക ബ്രേക്ക് ത്രൂ നൽകി എരാസ്മസിനെ (20) ഗ്യാലറിയിൽ എത്തിച്ചു.
സ്റ്റീഫന്‍ ബാര്‍ഡിന്റെ പോരാട്ടവും വൈകാതെ അവസാനിച്ചു. 24 പന്തില്‍ 26 റണ്ണെടുത്ത താരത്തെ മദുഷന്‍ വീഴ്ത്തി. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് വീസ് ഗോള്‍ഡന്‍ ഡക്കായി മഹീഷ് തീക്ഷനയുടെ പന്തില്‍ മടങ്ങി. ഏഴാം വിക്കറ്റിന് ജാന്‍ ഫ്രൈലിങ്കും ജെജെ സ്മിത്തും നടത്തിയ വെടിക്കെട്ട് രക്ഷാപ്രവര്‍ത്തനം നമീബിയയെ സുരക്ഷിത സ്കോറിലെത്തിച്ചു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ജാന്‍ റണ്ണൗട്ടായി.






































