Foot Ball ISL Top News

രണ്ടടിയിൽ ഒഡീഷയെ ഓടിച്ച് മുബൈ.!

October 15, 2022

author:

രണ്ടടിയിൽ ഒഡീഷയെ ഓടിച്ച് മുബൈ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിക്കെതിരെ മുബൈ സിറ്റി എഫ്സിക്ക് വിജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബക്കിംഗ്ഹാമും സംഘവും വിജയിച്ചത്. ഇതോടെ 2 മത്സരങ്ങളിൽ നിന്നും ഓരോ സമനിലയും വിജയവുമായി 4 പോയിൻ്റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുവാനും മുബൈക്കായി. ആദ്യ പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ചത് ഒഡീഷ ആണെങ്കിലും ഗോളുകൾ ഒന്നും തന്നെ നേടുവാൻ കഴിഞ്ഞില്ല. മുംബൈ സിറ്റിക്ക് എടുത്ത് പറയാൻ ഒന്നും തന്നെ ആദ്യ പകുതിയിൽ ഉണ്ടായിരുന്നില്ല. അതോടെ 0-0 എന്ന നിലയിൽ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് 5 മിനിറ്റ് തികഞ്ഞപ്പോഴേക്കും മുംബൈ സിറ്റിയ്ക്ക് ലീഡ് നേടുവാൻ കഴിഞ്ഞു. ലാലിയൻസുവാല ചാങ്തെയുടെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. പന്തുമായി മുന്നേറിയ ചാങ്തെ ഗോൾ പോസ്റ്റിന് തൊട്ടുമുമ്പിൽ നിന്നുമെടുത്ത ഷോട്ട് ഒഡീഷ ഗോൾകീപ്പർ അമരീന്ദർ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന ബോൾ റൈറ്റ് ബാക്ക് താരം സാരംഗിയുടെ കാലിൽ തട്ടി ഓൺ ഗോൾ ആയി മാറുകയായിരുന്നു. അതോടെ സ്കോർ 1-0 എന്ന നിലയിലായി. പിന്നീട് ഒരു ഗോൾ മടക്കുവാൻ ഒഡീഷ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുബൈ തടുത്തുനിർത്തി. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനിറ്റിൽ ഒഡീഷൻ ആക്രമണത്തിൽ നിന്നും ഇൻ്റർസെപ്റ്റ് ചെയ്ത് നേടിയ പന്ത് ഒരു കൗണ്ടർ അറ്റാക്കിലൂടെ മുംബൈ ഗോളാക്കി മാറ്റുകയായിരുന്നു. ബോക്സിലേക്ക് പന്തുമായി ഓടിക്കയറിയ ഗ്രെഗ് സ്റ്റുവർട്ട് പന്ത് ബിബിൻ സിംഗിന് കൈമാറി. താരത്തിൻ്റെ നിലം പറ്റെയുള്ളൊരു ഷോട്ട് ചെറിയൊരു ഡിഫ്ലെക്ഷനിലൂടെ ബോക്സിൻ്റെ ഇടത് മൂലയിൽ പതിച്ചു. അതോടെ ഒഡീഷയ്ക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടെങ്കിൽ പോലും 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി ഒഡീഷ 7ആം സ്ഥാനത്തുണ്ട്.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുംബൈ സെൻ്റർബാക്ക് താരം മെഹ്താബ് സിംഗ് ആണ് കളിയിലെ താരം.

Leave a comment