നോക്കൗട്ട് ഉറപ്പിക്കുവാൻ നപോളി; പ്രതീക്ഷകൾ നിലനിർത്തുവാൻ അയാക്സ്.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിൽ ഇന്ന് നപോളി അയാക്സിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.15 ന് നപോളിയുടെ മൈതാനമായ സ്റ്റേഡിയോ ഡിയേഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യപാദ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് നപോളി അയാക്സിനെ തകർത്തുവിട്ടിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരമായിരുന്നിട്ട് കൂടി നപോളിക്ക് മുകളിൽ ഒരു മേൽകൈ നേടിയെടുക്കുവാൻ അയാക്സിനായില്ല.
എന്തായാലും ഇന്നത്തെ മത്സരത്തിൽ നപോളിക്ക് മുന്നിൽ ഒരു മികച്ച വെല്ലുവിളി തന്നെ അയാക്സ് ഉയർത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. 3 മത്സരങ്ങളും വിജയിച്ച നപോളി ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ അവർക്ക് നോക്കൗട്ട് ഉറപ്പിക്കുവാൻ കഴിയും. അതേസമയം അയാക്സിന് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ തീരൂ. അതുകൊണ്ട് ഒരു മികച്ച മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.






































