ബെൻസീമ പെനാൽറ്റി പാഴാക്കി; റയലിന് സമനില.!
സൂപ്പർ താരം കരീം ബെൻസീമ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ റയൽ മാഡ്രിഡിന് ഒസാസുനയുമായി സമനില. സ്വന്തം മൈതാനമായ സാന്തിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ റയലിന് ആദ്യ പകുതിയിൽ വിനിഷ്യസ് ജൂനിയറിലൂടെ ലീഡ് എടുക്കുവനായി. 42ആം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും വിനീഷ്യസ് എടുത്ത കർവിംഗ് ഷോട്ട് ഗോളിയെ കബളിപ്പിച്ച് വലയിൽ പതിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ അത് ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ പാസ്സ് ആയി തോന്നാം. എന്തായാലും പാസ്സ് പ്രതീക്ഷിച്ച് നിന്ന ഗോൾ കീപ്പർക്ക് പന്ത് കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞില്ല. സ്കോർ 1-0. ആദ്യ പകുതിയിൽ പ്രത്യേകിച്ച് ഒന്നും തന്നെ പിന്നീട് ഉണ്ടായില്ല.
രണ്ടാം പകുതിയുടെ 50 ആം മിനിറ്റിൽ തന്നെ ഓസാസുന കികെ ഗാർഷ്യയിലൂടെ തിരിച്ചടിച്ചു. ബോക്സിന് വെളിയിൽ നിന്നും ഉനായ് ഗാർഷ്യ നീട്ടി നൽകിയ പന്ത് ഒരു ബാക്ക്ഫ്ലിപ്പ് ഹെഡ്ഡറിലൂടെ കിക്കെ ഗോൾ ആക്കി മാറ്റുകയായിരുന്നു. പിന്നീട് 78ആം മിനിറ്റിൽ ബെൻസീമയെ ബോക്സിൽ വീഴ്ത്തിയതിന് ഒസാസുനയുടെ ഡേവിഡ് ഗാർഷ്യയ്ക്ക് റെഡ് കാർഡും, റയലിന് അനുകൂലമായി പെനൽറ്റിയും. എന്നാൽ പെനൽറ്റി എടുത്ത ബെൻസീമയ്ക്ക് പിഴച്ചു. താരത്തിൻ്റെ കിക്ക് ക്രോസ്സ് ബാറിൽ തട്ടി വെളിയിലേക്ക്. സ്റ്റേഡിയം മൂകമായി. 10 പേരായി ചുരുങ്ങിയിട്ടും ശേഷിക്കുന്ന സമയം റയലിൻ്റെ ആക്രമണത്തെ തടുത്ത് നിർത്തുവാൻ ഒസാസുനയ്ക്കായി. ഒപ്പം വിലപ്പെട്ട ഒരു പോയിൻ്റ് സ്വന്തമാക്കുവാനും.
ഈയൊരു സമനിലയോടെ റയൽ ടേബിളിൽ രണ്ടാം സ്ഥാനത്തായി. 7 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് ആണ് റയലിനുള്ളത്. അത്രതന്നെ പോയിൻ്റ് ഉള്ള ബാർസയാണ് ടേബിളിൽ ഒന്നാമത്. ഗോൾ വ്യത്യാസത്തിൽ ബാർസ റയലിനെക്കാൾ ബഹുദൂരം മുന്നിലാണ്.






































